“റിയലിസ്റ്റിക്ക് സിനിമകൾ ഒരു പാട് കാലം പിടിച്ചു നിൽക്കും എന്ന് തോന്നുന്നില്ല, കുട്ടിമാമ ഒരു ഫാമിലി എൻറ്റർറ്റെയിനർ”.- വി.എം വിനു മനസു തുറക്കുമ്പോൾ.
തയ്യാറാക്കിയത് :അരുൺ ഗോവിന്ദ്
നാലു പതിറ്റാണ്ടുകളായി മലയാള സിനിമാ മേഖലയിൽ നിലനിൽക്കുന്ന ഒഴിച്ച് കൂടാൻ പറ്റാത്ത സംവിധായകരിൽ ഒരാളാണ് വി.എം വിനു. കഥകൾ എഴുതുന്ന പിതാവിൻറ്റെ ജീവിതരീതികളോട് തോന്നിയ ഇഷ്ടവും സ്‌കൂൾ ഓഫ് ഡ്രാമയിലെ ഗൗരവമേറിയ നാടക പഠനവും എല്ലാം ചേർന്ന് മലയാള സിനിമക്ക് കിട്ടിയ മികച്ച സംവിധായകരിൽ ഒരാൾ കൂടിയാണ് വി.എം വിനു. മോളിവുഡിൻറ്റെ ബോക്സ് ഓഫീസ് കണക്കുകളിലെ വിജയ ചിത്രങ്ങൾ എടുത്താൽ അതിൽ വി.എം വിനു ഒരുക്കിയ ഒരു പിടി മികച്ച ചിത്രങ്ങളും ഉണ്ടാവും. കുടുംബ സമേതം തീയറ്ററിലേക്ക് എത്തുന്ന പ്രേക്ഷകരെ രസിപ്പിക്കാൻ വേണ്ടിയാണ് താൻ സിനിമകൾ ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടുള്ള വി.എം വിനു പ്രദർശനത്തിനു ഒരുങ്ങുന്ന തൻറ്റെ പുതിയ ചിത്രം കുട്ടിമാമയെക്കുറിച്ചും ഒപ്പം തൻറ്റെ നാലു പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിലെ വിശേഷങ്ങളും മമ്മൂട്ടി ടൈംസുമായി പങ്കു വെയ്ക്കുന്നു.
?? പ്രദർശനത്തിനു ഒരുങ്ങുന്ന കുട്ടിമാമയെക്കുറിച്ച്
== കുട്ടിമാമ എന്നത് ശേഖരൻ കുട്ടി എന്ന കഥാപാത്രത്തെ അയാൾ ജീവിക്കുന്ന ഗ്രാമത്തിലെ നാട്ടുകാരും വീട്ടുകാരും വിളിക്കുന്ന ഒരു പേരാണ്, നമുക്കെല്ലാം പ്രിയപ്പെട്ട ശ്രീനിയേട്ടൻ ആണ് ആ കുട്ടിമാമയായി പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്. ഒരു ഗ്രാമ പശ്ചാത്തലത്തിലാണ് കുട്ടിമാമയുടെ ജീവിതം പറയുന്നത്. നമ്മളിലെല്ലാം തന്നെ ചിലപ്പോൾ ഒരു കുട്ടിമാമ ഉള്ളതായി തോന്നാം കാരണം ഈ കുട്ടിമാമയുടെ മെയിൻ ഐഡിൻറ്റിറ്റി എന്ന് പറയുന്നത് തള്ളാണ്. തള്ളിമറിച്ചു ജീവിക്കുന്ന കുട്ടിമാമ നാട്ടിലെ ആളുകളുടെ പേടി സ്വപ്നം ആയി മാറുകയാണ്.മൃഗയ സിനിമയിൽ മമ്മൂക്ക അവതരിപ്പിച്ച വാറുണ്ണി ഇറങ്ങിയ സമാനമായ അവസ്ഥ തന്നെയാണ് കുട്ടിമാമ കവലയിൽ ഇറങ്ങിയാലും, കുട്ടിമാമയുടെ തള്ള് പേടിച്ചു കിലോമീറ്ററുകൾ മാറി സഞ്ചരിക്കുന്ന നാട്ടുകാർ.എന്നാൽ ഒരു പ്രത്തേക ഘട്ടത്തിൽ ചില കഥാപാത്രങ്ങളിലൂടെ കുട്ടിമാമയുടെ തള്ളലുകളിൽ എത്രത്തോളം വാസ്തവം ഉണ്ടെന്നാണ് സിനിമ പറയുന്നത്. ഒരു ഫാമിലി എൻറ്റർറ്റെയിനർ ആയാണ് കുട്ടിമാമയെ ഒരുക്കിയിരിക്കുന്നത്.
?? നാലു പതിറ്റാണ്ടിലേറെയായി സിനിമാ സംവിധായകൻ ആയി ഇൻഡസ്ട്രിയിൽ ഉണ്ട്, വർത്തമാനകാലത്തെ സിനിമാ ഇഷ്ടങ്ങൾക്കൊപ്പം എങ്ങനെയാണ് കുട്ടിമാമ വരുന്നത്
== ടെക്‌നോളജിക്കലി വന്ന മാറ്റങ്ങൾ അല്ലാതെ മറ്റൊരു രീതിയിലും സിനിമയിൽ മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.എന്നും മനുഷ്യനെ ചുറ്റിപറ്റിയുള്ള കഥകൾ തന്നെയാണ് സിനിമയിലൂടെ ചിത്രീകരിക്കുന്നത്.കാലഘട്ടത്തിലെ ചുറ്റുപാടുകളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ആ കഥ പറയുന്ന സിനിമകളിലും ഉണ്ടാവുന്നു.പുതിയ സിനിമകൾ എന്ന് കരുതപ്പെടുന്ന റിയലിസ്റ്റിക്ക് രീതിയിൽ ഉള്ള സിനിമകളിൽ രണ്ടോ മൂന്നോ സിനിമകൾ ഒഴിച്ച് നിർത്തിയാൽ പലതും അരോചകങ്ങളായി എനിക്ക് തോന്നിയിട്ടുണ്ട്. റിയൽ ആയി ഒരിക്കലും ഒരു കഥ സിനിമയായി അവതരിപ്പിക്കാൻ കഴിയില്ല, റിയാലിസ്റ്റിക്ക് സിനിമകളിലും സൂക്ഷിച്ചു നോക്കിയാൽ നമുക്ക് സിനിമാറ്റിക്ക് വശങ്ങൾ കാണാം. പക്കാ എൻറ്റർറ്റെയിനർ ആവണം സിനിമ എന്നാണ് ഞാൻ വിശ്വസിക്കുന്നത്,അത് തന്നെയാണ് ടിക്കറ്റ് എടുക്കുന്ന ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നതും എന്ന് കരുതുന്നു.റിയലിസ്റ്റിക്ക് സിനിമാ എന്ന ലേബലിൽ തെക്കോട്ടും വടക്കോട്ടും നോക്കി നിന്ന് വായിൽ തോന്നിയ സംഭാഷണങ്ങളും അസഭ്യവാക്കുകളും പറയുന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്ന റിയലിസ്റ്റിക്ക് സിനിമകൾക്കു അധികകാലം പിടിച്ചു നിൽക്കാൻ കഴിയും എന്ന് ഞാൻ കരുതുന്നില്ല. കുട്ടിമാമ ഞാൻ പ്രേക്ഷകർക്കു രസിക്കാൻ വേണ്ടി ഒരുക്കിയിരിക്കുന്ന ഫൺ ഫാമിലി എൻറ്റർറ്റെയിനറാണ്.
?? മകൻറ്റെ അച്ചനിൽ വിനീത്, കുട്ടിമാമയിൽ ധ്യാൻ ഈ രണ്ടു പേരേയും ശ്രീനിവാസനൊപ്പം അഭിനയിപ്പിച്ച സംവിധായകൻ എന്ന നിലയിൽ ആ അനുഭവത്തെകുറിച്ചു
== രണ്ടു സിനിമകളും ഒരു ഫാമിലിമൂഡിൽ ആണ് ഒരുക്കിയത്, ഒരു കുടുംബത്തിന് അകത്തു നിന്ന് സിനിമ ചെയ്ത പോലെ . വിനീതും, ധ്യാനും രണ്ടു പേരും ഒരു പാട് കഴിവുള്ള നടൻമാരാണ് അതേ പോലെ തന്നെ രണ്ടു പേരുടേയും അഭിനയവും വളരേ വ്യത്യസ്തത നിറഞ്ഞതാണ്.വിനീത് മലയാള സിനിമയിലെ എല്ലാ മേഖലകളിലും തൻറ്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു അത് പോലെ തന്നെ ആക്ഷൻ , ഹ്യൂമർ, ഡാൻസ്, കോമഡി തുടങ്ങീ എല്ലാ മേഖലകളും വഴങ്ങുന്ന ധ്യാൻ മലയാള സിനിമയിൽ ഇനിയും ഒരു പാട് മുന്നോട്ട് പോകുമെന്ന് കരുതുന്നു .വളരെയധികം കൊമേഴ്സ്യൽ സാദ്യതകൾ ഉള്ള നടനാണ് ധ്യാൻ.
?? മലയാള സിനിമയിൽ ഒരു പാട് വിജയ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നടനാണ് ശ്രീനിവാസൻ, സമീപകാലത്തും അത് തുടർന്ന് ക്കൊണ്ടിരിക്കുന്നു,കുട്ടിമാമയിൽ ശ്രീനിവാസനിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാം
== പൊതുവേയുള്ള ശ്രീനിയേട്ടൻ സിനിമകളുടെ സ്വഭാവം കുട്ടിമാമയിലും കാണാൻ കഴിയും,നമ്മുടെ ചുറ്റുപാടും നടക്കുന്ന ചെറിയ കാര്യങ്ങളെ നർമ്മത്തിലും ആക്ഷേപഹാസ്യത്തിലും അവതരിപ്പിക്കുന്ന ശ്രീനിയേട്ടൻ സ്റ്റയിൽ കുട്ടിമാമയിലും ഉണ്ട്.ഞാൻ യെസ് യുവർ ഓണർ ചെയ്യുന്ന സമയത്തു അങ്ങനെ ഒരു കഥാപാത്രം ശ്രീനിയേട്ടൻ ചെയ്യുമോ എന്ന് പ്രേക്ഷകർക്കു ചെറിയ ആശങ്ക ഉണ്ടായിരുന്നു പക്ഷേ ശ്രീനിയേട്ടൻ അത് മനോഹരമാക്കി അതേപോലെ കുട്ടിമാമയിലും ചില ഇടങ്ങളിൽ നമ്മൾ മുൻപ് കണ്ടിട്ടില്ലാത്ത ശ്രീനിവാസനെ കാണാൻ കഴിയും.
?? കുട്ടിമാമയുടെ ചായാഗ്രഹകനായി മകൻ വരുൺ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിനെക്കുറിച്ച്
പഠനകാലം തൊട്ടേ അവനു സിനിമ പാഷൻ ആണ്,ഒരു പാടു ഷോർട്ട് ഫിലിമുകൾ അവൻ ചെയ്തിട്ടുണ്ട്, അവൻ ആദ്യമായി ചെയ്ത ഷോട്ട് ഫിലിം അവൻ ഫസ്റ്റ് കാണിച്ചത് മമ്മൂക്കയെ ആയിരുന്നു. അത് കണ്ടു ഇഷ്ടപ്പെട്ട മമ്മൂക്കയാണ് എന്നോട് ആദ്യമായി അവനെ സിനിമ പഠിക്കാൻ വിടുന്നതിനേക്കുറിച്ചു പറഞ്ഞത്. വർഷങ്ങളായി സിനിമയിൽ നിൽക്കുന്ന ആളെന്ന നിലയിലും സിനിമയുടെ രീതികൾ അറിയുന്ന ഒരാളെന്ന നിലയിലും മകനെ സിനിമയിലേക്ക് കൊണ്ട് വരാൻ എനിക്ക് ചെറിയ ആശങ്കകൾ ഉണ്ടായിരുന്നു എന്നാൽ മമ്മൂക്ക പറഞ്ഞതിന് ശേഷം ഞാൻ പിന്നെ ഒന്നും നോക്കിയില്ല. സിനിമോട്ടോഗ്രാഫി പഠനത്തിന് ശേഷം അവൻ പല പ്രമുഖരായ ചായാഗ്രാഹകർക്കൊപ്പം അസിസ്റ്റൻറ്റായി വർക്ക് ചെയ്തിട്ടുണ്ട്. മമ്മൂക്കയുടെ നിർദേശപ്രകാരം അവൻ പേരൻപിലും പ്രവർത്തിച്ചിരുന്നു. ഞാൻ കുട്ടിമാമ ചെയ്യാൻ ആയി പ്ലാൻ ചെയ്തു കൊണ്ടിരിക്കുമ്പോൾ അവനോടു ചോദിച്ചു ഇങ്ങനെ ഒരു സിനിമ ഉണ്ട് വർക്ക് ചെയ്യുന്നോ എന്ന്. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ അവൻ യെസ് പറഞ്ഞു. അവൻറ്റെ ആദ്യ സിനിമയായതിനാൽ എനിക്ക് ചെറിയ ഭയം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഷൂട്ടിംഗ് 50ദിവസത്തോളം പ്ലാൻ ചെയ്തു. ബട്ട് അവൻ 40 ദിവസം കൊണ്ട് ചെയ്തു തീർത്തു. പ്രൊഡൂസർ അവൻറ്റെ വർക്കിൽ ഹാപ്പിയാണ്. മകൻ മാത്രമല്ല എൻറ്റെ മകൾ വർഷയും ഈ ചിത്രത്തിൻറ്റെ പിന്നണിയിൽ ഉണ്ട്, സംഗീതം ആണ് മോളുടെ ഇഷ്ടം. കുട്ടിമാമയിൽ വിനീത് ശ്രീനിവാസനൊപ്പം “തോരാതെ തോരാതെ” എന്ന ഒരു യുഗ്മഗാനം മകൾ വർഷ ആലപിച്ചിട്ടുണ്ട്.
??മലയാള സിനിമ ഒരിക്കലും മറക്കാത്ത ഒരാളാണ് രാജാമണി ,അദ്ദേഹത്തിൻറ്റെ മകൻ അച്ചുവിനെ മ്യൂസിക്ക് ഡയറക്റ്റർ ആയി അവതരിപ്പിക്കുകയാണല്ലോ,
== ഞാൻ സംവിധാനം ചെയ്ത ഭൂരിപക്ഷം സിനിമകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ആളാണ് രാജാമണി . ഒരു കൂടി കാഴ്ച്ചയിൽ രാജാമണി എന്നോട് അച്ചുവിനെക്കുറിച്ചു സംസാരിച്ചിരുന്നു. കുട്ടിമാമയുടെ ആലോചനകൾ തുടങ്ങിയപ്പോൾ തന്നെ എൻറ്റെ മനസ്സിൽ അച്ചു ഉണ്ടായിരുന്നു, ഞാൻ അത് അച്ചുവിനോട് സംസാരിച്ചു.തെലുങ്ക്, തമിഴ് ഭാഷകളിൽ ഹിറ്റ് സോങ്ങുകൾ ഒരുക്കിയിട്ടുള്ള അച്ചു മലായാളത്തിലും നല്ല ഗാനങ്ങൾ സൃഷ്ട്ടിക്കും എന്ന് വിശ്വസിക്കുന്നു. വളരേ മനോഹരങ്ങളായ രണ്ടു ഗാനങ്ങൾ അച്ചു കുട്ടിമാമയ്ക്കു വേണ്ടി ചെയ്തിട്ടുണ്ട്.
?? കുട്ടിമാമയുടെ റിലീസ്
== ഗോകുലം മൂവിസിൻറ്റെ ബാനറിൽ ഗോകുലം ഗോപാലേട്ടൻ നിർമ്മിച്ചിരിക്കുന്ന കുട്ടിമാമ മേയ് 17 വെള്ളിയാഴ്ച തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകൾ നിർമ്മിക്കുകയും വിതരണം ഏറ്റെടുക്കുകയും ചെയ്തിരിക്കുന്ന സെൻട്രൽ പിക്ക്ചേഴ്സാണ് കുട്ടിമാമ തീയറ്ററുകളിൽ എത്തിക്കുന്നത്.
?? മോഹൻ ലാൽ എന്ന നടനെ മീശ പിരിച്ചതിൽ നിന്ന് മാറ്റി വീണ്ടും കുടുംമ്പപ്രേക്ഷകരിലേക്ക് എത്തിച്ച ബാലേട്ടൻ എന്ന സിനിമയുടെ ഓർമ്മകൾ
== മീശ പിരിക്കുന്ന ലാൽജി യെ നമ്മുക്കെല്ലാം തന്നെ ഇഷ്ടമാണ്, പക്ഷേ അത് ഒരു പാട് തവണ ആവർത്തിക്കപ്പെട്ടപ്പോൾ അതിൽ നിന്ന് എങ്ങനെ ലാൽ ജി തിരിച്ചു വരും എന്ന് സിനിമക്കകത്തും പുറത്തും ഉള്ള പലരും ചിന്തിച്ചിരുന്നു. അതിമാനുഷികനായി പ്രശ്നങ്ങൾ പുഷ്പം പോലെ പരിഹരിച്ചു സ്‌ക്രീനിൽ നിറഞ്ഞു നിന്ന ലാൽജിയെ കടക്കാരെ ഭയന്നു പാടവരമ്പത്തു കൂടെ ഓടിപ്പിച്ച ബാലേട്ടൻ എന്ന സാധാരണക്കാരനായി തിരിച്ചു കൊണ്ട് വരാൻ കഴിഞ്ഞതിൽ സന്തോഷം.ബാലേട്ടൻ ഷാഹിദ് മറ്റൊരു താരത്തിന് വേണ്ടിയായിരുന്നു ആദ്യം ആലോചിച്ചിരുന്നത് ഞാനാണ് നമുക്ക് ഇത് ലാൽ ജിയെ കുടുംബങ്ങളിലേക്കു മടക്കി കൊണ്ടു വരാനായി ആലോചിക്കാം എന്ന് പറഞ്ഞത്.
?? മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ മൂന്നിലേറെ സിനിമകൾ പ്രവർത്തിച്ചിട്ടുള്ള ആളെന്ന നിലയിൽ മമ്മൂട്ടിയെക്കുറിച്ച്
== മമ്മൂക്ക ഇന്ത്യൻ സിനിമയുടെ മുത്താണ്.മമ്മൂക്ക നമ്മൾ മലയാളികൾക്കു കിട്ടിയിരിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ നിധിയാണ്. ഇതിനെല്ലാം ഉപരി നല്ലൊരു ഹൃദയത്തിനു ഉടമ കൂടിയാണ് മമ്മൂക്ക. മനസിനകത്തു ഒന്നും ഒളിച്ചു വെയ്ക്കാതെ തനിക്കു തോന്നിയ കാര്യങ്ങൾ മുഖത്തു നോക്കി തുറന്നു പറയുന്ന മമ്മൂക്കയെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു അതിലേറെ ആരാധിക്കുന്നു.
?? മലയാള സിനിമയിലെ പല താരങ്ങളും താങ്കളുടെ സിനിമയിൽ പിന്നണി ഗായകർ ആയി വന്നിട്ടുണ്ട്,അതിൽ മലയാളത്തിൻറ്റെ രണ്ടു സൂപ്പർ താരങ്ങളും ഉണ്ട് അതിന്റെ ഒരു ഓർമകൾ പങ്കു വെയ്ക്കാമോ
== മമ്മൂക്കയെയും ലാൽജിയേയും എൻറ്റെ സിനിമകളിൽ പാടിപ്പിക്കാൻ കഴിഞ്ഞത് എൻറ്റെ ഭാഗ്യം. പല്ലാവൂർ ദേവനാരായണനിലെ “പൊലിയോ പൊലി ” എന്ന ഗാനം മമ്മൂക്കയെ കൊണ്ട് പാടിപ്പിക്കണം എന്നത് എൻറ്റെ ഒരു ആഗ്രഹം ആയിരുന്നു. ഞാൻ അതിനേക്കുറിച്ച് രവീന്ദ്രൻ മാഷിനോടും, ഗിരീഷ് പുത്തഞ്ചേരിയോടും പറഞ്ഞു. മമ്മൂക്കയെ സമ്മതിപ്പിച്ചു കൊണ്ട് വന്നാൽ ബാക്കി കാര്യങ്ങൾ താൻ നോക്കിക്കോളാം എന്ന് രവീന്ദ്രൻ മാഷ് പറഞ്ഞു. പക്ഷേ മമ്മൂക്കയെ സമ്മതിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല പലപ്പോഴും ഒഴിഞ്ഞു മാറി അവസാനം ഞങ്ങളുടെ നിർബന്ധങ്ങൾക്കും സ്നേഹത്തിനും വഴങ്ങി മമ്മൂക്ക പാടി. ആ ഗാനം ഇന്നും സോഷ്യൽ മീഡിയയിലും ചാനലുകളിലും മിക്കവരുടേയും പ്രിയപ്പെട്ടതാണ്. അത് പോലെ തന്നെ ബാലേട്ടനിൽ ലാൽജി പാടിയിരിക്കുന്ന “കറു കറു കറുത്തൊരു” എന്ന ഗാനവും ഇന്നും മലയാളി മറക്കാത്ത ഒരു പാട്ടാണ്.
?? പുതിയ പ്രോജെക്ക്ടുകൾ
== പുതിയ സിനിമകൾക്കു വേണ്ടിയുള്ള കഥകളുടെ ആലോചനകൾ നടക്കുന്നു. മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യണം എന്ന ആഗ്രഹം ഉണ്ട്, കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തീയ്യറ്ററിലേക്ക് ആകർഷിക്കുന്ന ഒരു മമ്മൂക്ക പടം ആലോചനയിൽ ഉണ്ട് ,അതിൻറ്റെ സ്ക്രിപ്റ്റ് വർക്കുകൾ കഴിഞ്ഞാൽ മമ്മൂക്കയുടെ അടുത്തു അവതരിപ്പിക്കണം