അഞ്ച് പതിറ്റാണ്ടോടടുക്കുന്ന, സമാനതകൾ ഇല്ലാത്ത അഭിനയ ജീവിതത്തിന്റെ ഉടമയായ മലയാളത്തിന്റെ മഹാനടന്റെ അതുല്യമായ നടനമികവ് ദേശീയ അന്തർദേശീയ തലങ്ങളിൽ ഒരിക്കൽകൂടി അടയാളപ്പെടുത്തിയ സിനിമകളായിരുന്നു ഇക്കൊല്ലം ആദ്യം പുറത്തിറങ്ങിയ പേരൻപ്, യാത്ര എന്നിവ .തുടർന്ന് അദ്ദേഹത്തിന്റെ താര പരിവേഷം ചൂഷണം ചെയ്ത് ഒരുക്കിയ മധുരരാജ ബോക്സ് ഓഫീസിൽ പ്രകമ്പനം സൃഷ്ട്ടിച്ചു. ഈ സിനിമകളിൽ നിന്നും കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇന്ന് പ്രദർശനത്തിയ ‘ഉണ്ട’ എന്ന ചിത്രവും അതിലെ ഇന്‍സ്പെക്ടര്‍ മണി സാര്‍ എന്ന കഥാപാത്രവും.
അടുത്ത കാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരും നിരൂപകരും ഉണ്ടയ്ക്ക് നൽകുന്നത്. ഒരു പോലീസ് സ്റ്റോറി ഇത്ര റിയലിസ്റ്റിക്കായി ഇതുവരെ വെള്ളിത്തിരയിൽ എത്തിയിട്ടില്ല എന്നാണ് സിനിമ കണ്ട പല പോലീസ് സേനാംഗങ്ങളും പറയുന്നത്. തിരുവന്തപുരം സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ ഗോഡ്വിൻ എഴുതിയ കുറിപ്പിൽ ഇങ്ങനെ കുറിക്കുന്നു – “കേരള പോലീസിന്റെ അന്തസ്സ് ഉയർത്തുന്ന ഓരോ പോലീസ് കാരനും അഭിമാനിക്കാവുന്ന മികച്ചൊരു ദൃശ്യാനുഭവം ആണ് ഉണ്ട.പോലീസുകാരുടെ ആത്മ സംഘർഷങ്ങൾ, പോലീസ് ക്യാംപിലെ രീതികൾ , ഓപ്പറേഷനുകളിലെ നീക്കങ്ങൾ ഇവയൊക്കെ പൂർണമായും റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ‘ഉണ്ട”
കുറിപ്പിന്റെ പൂർണരൂപം
ഉണ്ട, പോലീസുകാരുടെ കഥ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമ, സ്ഥിരം പോലീസ് സിനിമകളിൽ നിന്നും വ്യത്യസ്തമായി പോലീസ് സേനയുടെ അന്തസ്സ് ഉയർത്തി കാട്ടുന്ന ചില സിനിമകൾ അടുത്ത കാലത്ത് ഇറങ്ങിയിട്ടുണ്ട്, ആ ഒരു ഗണത്തിൽ ഉണ്ടയും എത്തിപ്പെടണം എന്ന് ആഗ്രഹിച്ചിരുന്നു, പ്രതീക്ഷ തെറ്റിയില്ല, മലയാള സിനിമയിൽ ഇറങ്ങിയിട്ട് ഉള്ള മികച്ച പോലീസ് സിനിമകളിൽ ഒന്നായി മാറാൻ ഉണ്ടക്ക് കഴിഞ്ഞു. സിനിമയും പ്രേക്ഷകന്റെ ആസ്വാദനരീതിയും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാകുമ്പോഴും തന്നിലെ നടനേയും, താരത്തേയും സ്വയം വെല്ലുവിളിച്ച്കൊണ്ട്, അഭിനയ സാധ്യത ഏറെയുള്ളതും അതേ സമയം പുതുമയുള്ളതുമായ വേഷങ്ങൾ വിജയകരമായി അവതരിപ്പിച്ചുകൊണ്ടാണ് മമ്മൂക്ക തന്റെ അഭിനയ യാത്ര അജയ്യമായി തുടരുന്നത്.കരിയറിന്റെ എല്ലാ ഘട്ടങ്ങളിലും വാണിജ്യ സിനിമകൾക്കും കലാമൂല്യമുള്ള ചിത്രങ്ങൾക്കുമൊപ്പം സഞ്ചരിക്കുവാൻ ശ്രമിക്കുന്ന മലയാളത്തിന്റെ മഹാ നടൻ, ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു പോലീസ് കഥാപാത്രമായി പുതുതലമുറയ്ക്കൊപ്പം എത്തുന്ന ‘ഉണ്ട’
പോലീസ് സേനയിൽ ജോലി ചെയ്യുന്നതുകൊണ്ട് മമ്മൂക്കയുടെ പോലീസ് കഥാപാത്രങ്ങളോട് എക്കാലവും ഒരു പ്രത്യേക ഇഷ്ടവും ആദരവും ഉണ്ടായിരുന്നു.ഒരേ തരം കഥാപാത്രങ്ങളായി മാറുമ്പോഴും അവ വേറിട്ട അനുഭവങ്ങളായി മാറ്റുന്ന മമ്മൂട്ടി മാജിക്ക് അദ്ദേഹത്തിന്റെ കാക്കി വേഷങ്ങൾ വെള്ളിത്തിരയിൽ കാട്ടിത്തന്നു. യവനികയിലെ ജേക്കബ്ബ് ഈരാളി, ബൽറാം, ആഗസ്റ്റ് 1′ എന്ന ചിത്രത്തിലെ പെരുമാൾ, തുടങ്ങി എത്രയോ പോലീസ് വേഷങ്ങൾ.’കസബ’ യിലെ രാജൻ സഖറിയ, അബ്രാഹാമിന്റെ സന്തതികൾ’ എന്ന ചിത്രത്തിലെ ഡെറിക്ക് എബ്രഹാം എന്നിവയൊക്കെ അടുത്ത കാലത്ത് വെള്ളിത്തിരയിൽ മമ്മൂക്ക നിറഞ്ഞാടിയ പോലീസ് വേഷങ്ങളാണ്.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ഉണ്ട’യിൽ ഇന്‍സ്പെക്ടര്‍ മണി സാര്‍ എന്ന് സഹപ്രവര്‍ത്തകര്‍ വിളിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് സി.പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. റിയലിസ്റ്റിക് സിനിമകൾ ഏറെ ചർച്ചചെയ്യപ്പെടുന്ന, സ്വീകാര്യത നേടുന്ന വർത്തമാനകാലത്ത് ഇതുവരെ കാണാത്ത രീതിയിൽ ഒരു പോലീസ് സ്റ്റോറി പ്രേക്ഷകരിൽ എത്തിച്ചിരിക്കുകയാണ് ഖാലിദ് റഹ്മാനും കൂട്ടരും. ഇലക്ഷൻ ഡ്യൂട്ടി കായി ചതീസ്ഗഡ് ലേക്ക് കേരളത്തിൽ നിന്നും പോകുന്ന ഒരു കമ്പനി പോലീസ് ഉദ്യോഗസ്ഥരിൽ പത്തു പോലീസുകാര്‍ അടങ്ങുന്ന ഒരു ടീം മാവോയിസ്റ്റ് ആക്രമണ ഭീതിയുള്ള ഒരു ബൂത്തിൽ ഡ്യൂട്ടിക്ക് വരുന്നതും അവർ അവിടെ നേരിടുന്ന പ്രശ്നങ്ങളും ആണ് ഉണ്ടയുടെ പ്രമേയം. പോലീസുകാരുടെ ആത്മ സംഘർഷങ്ങൾ, പോലീസ് ക്യാംപിലെ രീതികൾ , ഓപ്പറേഷനുകളിലെ നീക്കങ്ങൾ ഇവയൊക്കെ പൂർണമായും റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ‘ഉണ്ട’.ചിത്രത്തിൽ എവിടേയും മമ്മൂട്ടി എന്ന താരത്തെ നിങ്ങൾക്ക് കാണാൻ കഴിയില്ല, സ്ഥിരം ക്ലീഷെ ഡയലോഗുകൾ , തെറിവിളി , അമാനുഷിക രംഗങ്ങൾ ഒന്നും തന്നെയില്ല, ഒരു ബറ്റാലിയൻ എസ് ഐ എന്താണോ, അത് ഭംഗിയായി വരച്ചു കാട്ടാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ പോലീസ് കാരായി വന്നവർ എല്ലാം തന്നെ മികച്ചതായിരുന്നു. പോലീസ് കാരുടെ തമാശകളും, ബുദ്ധിമുട്ടുകളും, നിസ്സഹായതയും, ഭീതിയും, ഭയവും എല്ലാം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ ഖാലിദ് ന് കഴിഞ്ഞിട്ടുണ്ട്. മികച്ച പശ്ചാത്തല സംഗീതവും, ഛായാഗ്രഹണവും , സുന്ദരമായ ലോകേഷനും. ശെരിക്കും ഒരു മാവോയിസ്റ്റ് മേഖലയിൽ എത്തിപെട്ട അവസ്ഥ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞു. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി അന്യ സംസ്ഥാനങ്ങളിൽ പോയിട്ടുള്ളപ്പോൾ കടന്നുപോയ പല സാഹചര്യങ്ങളും സിനിമ കണ്ടപ്പോൾ മനസ്സിലൂടെ കടന്നു പോയി. യാഥാർഥ്യത്തോട് നീതിപുലർത്തുമ്പോഴും പ്രേക്ഷകനെ ആദ്യാവസാനം ചേർത്ത് നിർത്തുന്ന സിനിമയാണ് ഉണ്ട. നർമ മുഹൂർത്തങ്ങളും ത്രില്ലിംഗ് ആയ രംഗങ്ങളും നിരവധിയുണ്ട് ഉണ്ടയിൽ. സാങ്കേതിമായും ഏറെ മുന്നിലാണ് ചിത്രം. ഇതുവരെക്കാണാത്ത ഒരു പോലീസ് കഥാപാത്രത്തെ എത്ര കയ്യടക്കത്തോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മാനറിസങ്ങളും ഡയലോഗ് ഡെലിവെറിയിലുമൊക്കെ മമ്മൂട്ടി വീണ്ടും വിസ്മയിപ്പിക്കുന്നു. പതിവ് വാർപ്പ് മാതൃകകളിൽ നിന്ന് വേറിട്ട് സഞ്ചരിക്കുമ്പോഴും വേറിട്ട അനുഭവം സമ്മാനിക്കുന്ന ഒരു മികച്ച എന്റർടൈനർ തന്നെയാണ് ‘ഉണ്ട’. കേരള പോലീസിന്റെ അന്തസ്സ് ഉയർത്തുന്ന ഓരോ പോലീസ് കാരനും അഭിമാനിക്കാവുന്ന മികച്ചൊരു ദൃശ്യാനുഭവം ആണ് ഉണ്ട. അത് സമ്മാനിച്ച ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒരു സല്യൂട്ട്.
https://www.facebook.com/godwin.morais/posts/2169728349792868