സിനിമയിൽ എത്തും മുൻപ് മിമിക്രി രംഗത്ത് സജീവമായ കൂട്ടുകെട്ടാണ് ദിലീപ് നാദിർഷ ടീം. ദിലീപ് സിനിമയിൽ സജീവമായപ്പോഴും നാദിർഷ മിമിക്രി രംഗത്തു തുടർന്നു. പിന്നീട് ഇരുവരും ചേർന്ന് ദേ പുട്ട് എന്ന ഹോട്ടലും ആരംഭിച്ചു. കൊച്ചിയിൽ തുടങ്ങിയ റസ്റ്ററന്റും സൂപ്പർ ഹിറ്റായതോടെ ദേ പുട്ട് കോഴിക്കോടും പിന്നീട് കടലും കടന്നു അങ്ങ് ദുബൈയിലും ഖത്തറിലും ഒക്കെയെത്തി സൂപ്പർ വിജയമായി മാറി. ദിലീപ് നടനായും താരമായും വളർന്നപ്പോൾ നാദിർഷ ഒടുവിൽ സംവിധാനരംഗത്തും എത്തി വിജയക്കൊടി പാറിച്ചു. നാദിർഷായുടെ ആദ്യചിത്രമായ അമർ അക്ബർ അന്തോണി സൂപ്പർ ഹിറ്റായി മാറി. പിന്നീട് വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഒരുക്കിയ കട്ടപ്പനയിലെ ഋതിക് റോഷനും വൻ വിജയമായി. എന്നാൽ നാദിർഷ ഏറ്റവും ഒടുവിലായി ഒരുക്കിയ മേരാ നാം ഷാജി കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. തിരക്കഥയിലെ പാളിച്ചകളാണ് ചിത്രത്തിന് തിരിച്ചടിയായത്.
ഇപ്പോഴിതാ പഴയ മിമിക്രി കൂട്ടുകെട്ടും ഇപ്പോഴത്തെ ബിസിനസ് പാർട്ടിനേഴ്സുമായ ദിലീപും നാദിര്ഷയും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ദിലീപ് ആണ് നായകൻ. കേശു ഈ വീടിന്റെ നാഥൻ എന്ന് പേരിട്ട ഈ ചിത്രം പതിവ് നാദിർഷ ചിത്രം പോലെ കോമഡിയ്ക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കുന്നത്. ഒപ്പം മനോഹരമായൊരു കുടുംബ കഥയും പറയുന്ന ചിത്രം എറണാകുളത്തു ചിത്രീകരണം ആരംഭിച്ചു.
നാദിർഷായും ദിലീപും ചേർന്ന് നാഥ് ഗ്രൂപ്പിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂരാണ്. ദിലീപാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനവും നാദിർഷ ഒരുക്കുന്നു. ക്യാമറ – അനിൽ നായർ.
