Connect with us

Hi, what are you looking for?

Latest News

കോവിഡ് -19: സിനിമാലോകവും പ്രതിസന്ധിയിൽ.

കൊറോണ വൈറസ് എന്ന മഹാമാരി ലോകം മുഴുവൻ ദുരന്തം വിതച്ചു മുന്നേറുമ്പോൾ ഒട്ടേറെ മേഖലകളെ സാമ്പത്തികമായും തകർക്കുകയാണ് ഈ പകർച്ചവ്യാധി. ലോകമെങ്ങുമുള്ള സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു കൊറോണയുടെ വ്യാപനം. യു എസ് ബോക്സോഫീസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയാണ്‌ നേരിടുന്നത്.
മലയാള സിനിമയുടെ അവസ്ഥയും വിഭിന്നമല്ല. തിയേറ്ററുകൾ അടച്ചിട്ടതിലൂടെ വിജയകരമായി പ്രദർശനം നടത്തിയിരുന്ന ഫോറൻസിക്,  അയ്യപ്പനും കോശിയും, അഞ്ചാം പാതിരാ, ഷൈലോക്ക്, വരനെ ആവശ്യമുണ്ട് തുടങ്ങി ചെറുതും വലുതുമായ ചിത്രങ്ങളുടെ പ്രദർശനം അവസാനിപ്പിക്കേണ്ടി വന്നത് ആ ചിത്രങ്ങളുടെ നിർമ്മാതാക്കൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിയത്. തിയേറ്ററുകൾ അടച്ചിടുന്നതിലൂടെ തിയേറ്റർ മേഖലയിലും നഷ്ടവും പ്രതിസന്ധികളും നേരിടുന്നു. പലരും ലീസിനു എടുത്താണ് തിയേറ്ററുകൾ നടത്തുന്നത്. ഒരു മാസം തിയേറ്റർ അടച്ചിട്ടാൽ വാടക ഇനത്തിലും മറ്റുമുണ്ടാകുന്ന നഷ്ടം ചെറുതല്ല.
ഷൂട്ടിംഗ് നടന്നുകൊണ്ടിരുന്ന  സിനിമകളുടെ ചിത്രീകരണം തടസപ്പെട്ടത് നിർമ്മാതാക്കൾക്ക് വൻ ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. പലരും വലിയ പലിശയ്ക്ക് കോടികൾ കടം എടുത്താണ് സിനിമ നിർമ്മിക്കുന്നത്. ഷൂട്ടിങ് മുടങ്ങി സിനിമയുടെ ചിത്രീകരണം നീണ്ടുപോകുമ്പോൾ പലിശ ഇനത്തിൽ തന്നെ വലിയ സാമ്പത്തിക ബാധ്യത നിർമ്മാതാവിന് വരും. പോരാത്തതിന് താരങ്ങളുടെ ഡേറ്റ് ക്ലാഷ് ആകുന്നതിലൂടെ തുടർ ചിത്രീകരണത്തെയും അതു ബാധിക്കും. ഇപ്പോൾ തന്നെ ഒരു ഡസനിലധികം സിനിമകളാണ് ചിത്രീകരണം പാതിവഴിയിൽ നിർത്തിവച്ചിരിക്കുന്നത്. ഷൂട്ടിങ് എന്ന് പുനരാരംഭിക്കാൻ കഴിയുമെന്ന് സിനിമാ സംഘടനകൾക്ക്പോലും ഒരു ഉറപ്പ് പറയാൻ കഴിയാത്ത സ്ഥിതി വിശേഷമാണ് സംസ്ഥാനത്തുള്ളത്. റിസ്കെടുത്ത് ഷൂട്ടിംഗ് തുടർന്ന ചില സിനിമകളുടെ ചിത്രീകരണം നാട്ടുകാർ ഇടപെട്ടു തടയുകയും ചെയ്തു. ഉടൻ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് എപ്പോൾ തുടങ്ങാൻ കഴിയുമെന്നും ഉറപ്പില്ല.
ഷൂട്ടിംഗ് ഇല്ലാതായതോടെ ഡെയിലി ബാറ്റയിൽ വർക്ക് ചെയ്യുന്ന തൊഴിലാളികൾ സാമ്പത്തിക പ്രതിസന്ധിയിലുമാണ്.
മാർച്ച്‌ 31 വരെയാണ് തിയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശമുള്ളത് എങ്കിലും റീ ഓപ്പൺ ഡേറ്റ് കൃത്യമായി പറയാൻ സർക്കാരിനും കഴിയാത്തത് റിലീസ് കാത്തുകഴിയുന്ന സിനിമകളെയും ബാധിക്കുകയാണ്.

മലയാള സിനിമയുടെ ഏറ്റവും അനുകൂല സീസണായ വിഷു -വെക്കേഷൻ സീസൺ മുന്നിൽ കണ്ടു ബിഗ് ബജറ്റ് അടക്കം അരഡസൻ ചിത്രങ്ങളാണ് റിലീസ് ചെയ്യാൻ പ്ലാൻ ഉള്ളത്. ഇതിൽ വൻ ബജറ്റിൽ ഒരുക്കിയ മരക്കാർ :അറബിക്കടലിന്റെ സിംഹം, മാലിക് പോലുള്ള ചിത്രങ്ങളുടെ റിലീസ് നീളുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷിടിച്ചേക്കാം. മമ്മൂട്ടിയുടെ വൺ, മോഹൻലാലിന്റെ മരക്കാർ, ഫഹദ് ഫാസിൽ നായകനാകുന്ന മാലിക് എന്നിവയാണ് വിഷു റിലീസായി പ്ലാൻ ചെയ്തിരുന്ന പ്രധാന ചിത്രങ്ങൾ.  വൺ ഏപ്രിൽ രണ്ടിനും മാലിക് ഏപ്രിൽ 12നുമാണ് ഇപ്പോൾ ചാർട്ട് ചെയ്തിരിക്കുന്നത്. മലയാള സിനിമയുടെ മറ്റൊരു വലിയ മാർക്കറ്റ് ആയ ജിസിസി രാജ്യങ്ങളിൽ തിയേറ്ററുകൾ അടച്ചിട്ടത് അവിടെ നിന്നുള്ള കളക്ഷൻ ഇല്ലാതാക്കും. ഇത് ബിഗ് ബജറ്റ് ചിത്രങ്ങളെ കാര്യമായി ബാധിക്കും.  മരക്കാർ മാർച്ച്‌ 26നായിരുന്നു റിലീസ് നിശ്ചയിച്ചത്. തിയേറ്ററുകൾ അടച്ചതോടെ ഏപ്രിൽ ആദ്യം എത്തുമെന്ന് അറിയിപ്പുണ്ടായെങ്കിലും ജിസിസിയിലും മറ്റു വിദേശ രാജ്യങ്ങളിലും റിലീസ് നടക്കാൻ സാധ്യത ഇലാത്തതിനാൽ മരക്കാർ ഓണത്തിലേക്ക് മാറാൻ സാധ്യതയുണ്ട് എന്നാണ് കേൾക്കുന്നത്. മാർച്ച്‌ 31 നു ശേഷം തിയേറ്ററുകൾ തുറന്നാലും കൊറോണ ഭീതി മൂലം ഫാമിലി അടക്കമുള്ള പ്രേക്ഷകർ സിനിമ കാണാൻ എത്തുമോ എന്ന ആശങ്കയും ചലച്ചിത്ര മേഖലയിൽ ഉള്ളവർക്കുണ്ട്.

ഇതേസമയം ബോക്സ്ഓഫീസിൽ വൻ തിരിച്ചടി നേരിട്ട ഹോളിവുഡ്,  ഓൺ ഹോം റിലീസ് ആയി ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. കൊറോണയ്ക്ക് തൊട്ടുമുൻപ് റിലീസ് ചെയ്ത ചില ചിത്രങ്ങളുടെ ഡിജിറ്റൽ പതിപ്പുകൾ ഇങ്ങനെ ഓൺ ഹോം റിലീസായി എത്തിക്കുന്നത്തിലൂടെ അവയുടെ സാമ്പത്തിക നഷ്ടം നികത്താൻ കഴിയുമെന്ന കണക്കുകൂട്ടലീലാണ് ഹോളിവുഡ്.
മലയാളത്തിൽ ഷൈലോക്ക്,  അയ്യപ്പനും കോശിയും,  അഞ്ചാം പാതിരാ എന്നീ ചിത്രങ്ങൾ 30-35 ദിവസങ്ങളുടെ ഗ്യാപ്പിൽ ആമസോൺ പ്രീമിയറിൽ എത്തിക്കഴിഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles