‘ഉണ്ട’യിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിയാണ് അർജുൻ അശോകൻ. പ്രശസ്ത നടൻ അശോകന്റെ മകനായ അർജുൻ ഉണ്ടയിൽ മമ്മൂട്ടിയോടോപ്പമുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്നു…
മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ ലഭിച്ച ഒരു അവസരമായിരുന്നു ‘ഉണ്ട’ എന്ന ചിത്രം. ആദ്യമായി ഒരു സിനിമയിൽ മുഴുനീള കഥാപാത്രമാകാനും കഴിഞ്ഞു. കൂടാതെ മമ്മൂക്ക എന്ന വ്യക്തിയെക്കുറിച്ചു കൂടുതലായി അറിയാൻ സാധിച്ചു എന്നൊരു സന്തോഷമുണ്ട്. അത് മാത്രമല്ല മമ്മൂക്ക, എവിടെ കണ്ടാലും തിരിച്ചറിയാൻ കഴിയുന്ന പരിചയം വരെ ആയി എന്നുള്ളൊരു ഫീൽ കിട്ടി. എന്നെ സംബന്ധിച്ച് അതൊക്കെ വളരെ വലിയ കാര്യങ്ങളാണ്. ‘ഉണ്ട’യുടെ ചിത്രീകരണ വേളയിൽ മമ്മൂക്ക വളരെ നന്നായി സപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്റെ രംഗങ്ങൾ ഏറ്റവും കൂടുതൽ മമ്മൂക്കയുടെ ഒപ്പമാണ്. മമ്മൂക്കയുടെ അടുത്ത് ഞാൻ സംസാരിക്കുമ്പോൾ ഞാൻ തിരിച്ച് പ്രതികരിക്കേണ്ട ടൈമിംഗ് വരെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. ഭയങ്കര സപ്പോർട്ടീവ് ആയിരുന്നു മമ്മൂക്ക.
സിനിമയിൽ “എന്റെ പിള്ളേർ” എന്ന് പറയുന്നത് മമ്മൂക്ക മനസ്സറിഞ്ഞു പറഞ്ഞതാണ് എന്നാണ് എന്റെ വിശ്വാസം. ആ പറച്ചിൽ കൂടെയുള്ള എല്ലാവർക്കും ഫീൽ ചെയ്യും. എല്ലാവരും ഈ പടത്തിൽ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ചിത്രത്തിലെ ബോംബ് സ്ഫോടന രംഗത്തിനു മുൻപായി ലുക്മാനും അഭിച്ചേട്ടനും തമ്മിലൊരു ഫൈറ്റ് ഉണ്ട്. അത് ശരിക്കും റിയൽ ഫൈറ്റ് ആണ്. ഓരോ ഇടിയും അവർക്ക് കൊണ്ടിട്ടുണ്ട്. ലുക്മാന്റെ ചുണ്ടിന് പരിക്കേറ്റതൊക്കെ യഥാർത്ഥത്തിൽ സംഭവിച്ചതാണ്. ഇതൊക്കെ കാണുമ്പോൾ സങ്കടം തോന്നും. ഉണ്ടയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളും അതിന്റെ ബോക്സ്ഓഫീസ് വിജയവും ഈ കഷ്ടപ്പാടുകളുടെ ഫലം കൂടിയാണ്
‘പോക്കിരിരാജ’ റിലീസായ സമയത്ത് ഞാൻ പ്ലസ് ടു ഒക്കെ കഴിഞ്ഞ് നിൽക്കുകയായിരുന്നു. ഞാനൊരു ഡൈ ഹാർഡ് മമ്മൂക്ക ഫാനാണ്. ‘പോക്കിരിരാജ’ റിലീസ് സമയം ഞാൻ ഡ്രസ്സ് അപ്പ് ഒക്കെ ചെയ്ത് മമ്മൂക്ക ആരാധകരോടൊപ്പം റാലിയുടെ പുറകെയൊക്കെ പോയിട്ടുണ്ട്. പിന്നീട് സിനിമ ഇറങ്ങിയപ്പോൾ തീയറ്ററിൽ മോഡൽ എക്സാം പേപ്പർ കീറി എറിഞ്ഞു നൃത്തവും ചെയ്തിട്ടുണ്ട്. ഇപ്പോൾ അതേ തീയറ്ററിലാണ് ഞാൻ മമ്മൂക്കയുമായി അഭിനയിച്ച പടം എനിക്ക് കാണാൻ കഴിഞ്ഞത്. അതെനിക്ക് വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു.