വില്ലനായും സഹനടനായും ഹാസ്യ നടനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാജു എന്ന അതുല്യ അഭിനയ പ്രതിഭ വിടവാങ്ങി.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ക്യാപ്റ്റൻ രാജു ഇതാ ഒരു സ്‌നേഹഗാഥ, മി.പവനായി 99.99 എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്.1981 ല്‍ പുറത്തിറങ്ങിയ രക്തം എന്ന സിനിമയിലൂടെയാണ് ക്യാപ്റ്റന്‍ രാജു സിനിമയിലേക്ക് എത്തിയത്. ഒരു വടക്കൻ വീര ഗാഥ, നാടോടിക്കാറ്റ്, ആവനാഴി, സാമ്രാജ്യം, ആഗസ്ത് 1, പുതുക്കോട്ടയിലെ പുതുമണവാളൻ, സി.ഐ.ഡി മൂസ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മലയാള സിനിമാ പ്രേക്ഷകർ എക്കാലവും ഓർക്കുന്നവയാണ്. കഴിഞ്ഞ വർഷം പ്രദർശനത്തിനെത്തിയ മാസ്റ്റർപീസായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.
ക്യാപ്റ്റൻ രാജു എന്ന അഭിനയ പ്രതിഭയുടെ ചലച്ചിത്ര ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിൽ പലതും മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പമായിരുന്നു എന്ന് മനസ്സിലാക്കാം. മമ്മൂട്ടിയുടെ കരുത്തുറ്റ നായക കഥാപാത്രങ്ങൾക്കൊപ്പം തിളങ്ങിയ നിരവധി വില്ലൻ വേഷങ്ങൾ ക്യാപ്റ്റൻ രാജു ഗംഭീരമാക്കി. ആകാര ഭംഗി കൊണ്ടും ശബ്ദ ഗാംഭീര്യം കൊണ്ടും അദ്ദേഹത്തിന്റെ വില്ലൻ വേഷങ്ങൾ പ്രേക്ഷകപ്രശംസ പിടിച്ചു പറ്റി. മമ്മൂട്ടിക്കൊപ്പം ക്യാപ്റ്റൻ രാജു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ചിത്രം ആവനാഴിയാണ്. ഐ.വി ശശി സംവിധാനം ചെയ്ത ആവനാഴിയിലെ സത്യരാജ് അദ്ദേഹത്തിന് ആദ്യ കാലത്ത് ഏറെ കയ്യടി നേടിക്കൊടുത്ത കഥാപാത്രങ്ങളിലൊന്നാണ്. ക്യാപ്റ്റൻ രാജു അവതരിപ്പിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ പട്ടികയിലാണ് ഒരു വടക്കൻ വീരഗാഥയിലെ അരിങ്ങോടരുടെ സ്ഥാനം. എം.ടി യും ഹരിഹരനും ഒരുമിച്ച വടക്കൻ വീരഗാഥയിൽ ചന്തുവായി മമ്മൂട്ടി വെള്ളിത്തിരയിൽ വിസ്മയം തീർത്തപ്പോൾ അരിങ്ങോടരായി ക്യാപ്റ്റൻ രാജുവും ആസ്വാദക ഹൃദയങ്ങൾ കീഴടക്കി. തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായി അദ്ദേഹം പല സന്ദർഭങ്ങളിലും വടക്കൻ വീരഗാഥയിലെ അരിങ്ങോടരെ പരാമർശിച്ചിട്ടുമുണ്ട്
എസ് .എൻ സ്വാമിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ആഗസ്ത് 1 എന്ന മമ്മൂട്ടി ചിത്രത്തിൽ നിക്കോളാസ് എന്ന വില്ലനായി ക്യാപ്റ്റൻ രാജു കയ്യടി നേടി. മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനം ചെയ്ത സാമ്രാജ്യം എന്ന ചിത്രത്തിലെ കൃഷ്ണദാസ് ക്യാപ്റ്റൻ രാജു അനശ്വരമാക്കിയ മറ്റൊരു കഥാപാത്രമാണ്. കെ. മധു സംവിധാനം ചെയ്ത ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലും ക്യാപ്റ്റൻ രാജു ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. വടക്കൻ വീരഗാഥയ്ക്കു ശേഷം ഹരിഹരനും എം.ടി യും മമ്മൂട്ടിയും 2009 ൽ പഴശിരാജ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചപ്പോൾ ഉണ്ണി മൂത്ത എന്ന കഥാപാത്രമായി ക്യാപ്റ്റൻ രാജുവും ആ ചരിത്ര സിനിമയുടെ ഭാഗമായി. ഒരു സിന്ദൂര പൊട്ടിന്റെ ഓർമയ്ക്ക്, മുദ്ര, നീലഗിരി, ഇളവങ്കോട് ദേശം, തച്ചിലേടത്തു ചുണ്ടൻ,സ്റ്റാലിൻ ശിവദാസ്, ദി ഗോഡ്മാൻ, എഴുപുന്ന തരകൻ, വല്യേട്ടൻ, രാക്ഷസ രാജാവ്, തുറുപ്പു ഗുലാൻ, നസ്രാണി തുടങ്ങിയ നിരവധി മമ്മൂട്ടി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സിനിമാഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത ക്യാപ്റ്റൻ രാജു 2017 ൽ മാസ്റ്റർ പീസ് എന്ന മമ്മൂട്ടി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ പിറന്ന സിനിമകളിലെ നായകനൊപ്പം ക്യാപ്റ്റൻ രാജു എന്ന കഥാപാത്രമായി തന്നെ അദ്ദേഹം അവസാനമായി വെളളിത്തിരയിലെത്തി. ക്യാപ്റ്റൻ രാജു വിടവാങ്ങുമ്പോൾ ഒരു തികഞ്ഞ കലാകാരനേയും മനുഷ്യ സ്നേഹിയേയുമാണ് കേരളത്തിന് നഷ്ടമാകുന്നത്