അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ അഭിനയിക്കാനായി മമ്മൂട്ടി നടത്തിയ ശ്രമങ്ങളും ആ ലൊക്കേഷനിലെ അനുഭവങ്ങളും ആദ്യ സീനുമെല്ലാം ഒരു സിനിമാക്കഥ പോലെ ത്രിൽ ആണ്.
ക്യാമറക്കു മുന്നിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മമ്മൂട്ടിയുടെ വിശേഷങ്ങൾ
അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലേയ്ക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ടപ്പോൾ മമ്മൂട്ടിയുടെ മനസ്സിലെ സിനിമാ മോഹം വീണ്ടും ഉദിച്ചു.
സംവിധായകൻ കെ എസ് സേതുമാധവൻ കോട്ടയം ടി.ബി യിൽ വെച്ച് പുതുമുഖങ്ങളെ ഇന്റർവ്യൂ ചെയ്യുന്നു എന്നറിഞ്ഞ മമ്മൂട്ടി ഒന്നു ശ്രമിച്ചു നോക്കാൻ തന്നെ തീരുമാനിച്ചു.
അടുത്ത ദിവസം രാവിലെ ഒമ്പതരയ്ക്ക് ചെമ്പിൽ നിന്നും കോട്ടയത്തേക്ക് വണ്ടികയറി. ‘സിനിമാ മാസിക’യുടെ ഓഫീസിലെത്തിയപ്പോൾ രാത്രിയെ സേതുമാധവൻ ടി.ബി യിൽ വരുകയുള്ളു എന്ന് മറുപടി കിട്ടി. പകൽമുഴുവൻ നഗരത്തിലൂടെ ചുറ്റിനടന്ന് സന്ധ്യക്ക് ടി. ബി യിൽ എത്തി.
മമ്മൂട്ടി ആദ്യമായി സത്യനെ കാണുന്നത് അവിടെവച്ചാണ്. വെള്ള പാൻസും സ്ലാക്ക് ഷർട്ടും ആയിരുന്നു സത്യന്റെ വേഷം. കൂടെ അടൂർഭാസിയും ഉണ്ട്.
മമ്മൂട്ടിയെ പോലെ ഒട്ടേറെ ഭാഗ്യാന്വേഷികൾ അവിടെ എത്തിയിരുന്നു. അതിൽ മമ്മൂട്ടി പരിചയപ്പെട്ട ഒരാളാണ് തലശ്ശേരിക്കാരൻ മുഹമ്മദലി. മുഹമ്മദലി തന്റെ ഫോട്ടോസ് അവിടെവച്ച് മമ്മൂട്ടിയെ കാണിച്ചു. വാഴ് വേമായത്തിലെ സത്യനെ പോലെ താടി വളർത്തിയ മുഹമ്മദലിയോട് മമ്മൂട്ടിക്ക് അസൂയതോന്നി. പ്രേംനസീറിനെക്കാൾ സുന്ദരനായിരുന്നു അയാൾ.
മമ്മൂട്ടിക്ക് നിരാശയായി. ഇത്രയും സുന്ദരന്മാർ ഉള്ളപ്പോൾ എനിക്ക് എങ്ങനെ അവസരം കിട്ടും? മെലിഞ്ഞു പെന്സിൽ പോലിരിക്കുകയാണ് മമ്മൂട്ടിയന്ന്. തന്നെ കണ്ടാൽ ഒരു സംവിധായകനും ചാൻസ് തരാൻ ഇടയില്ല എന്ന മമ്മൂട്ടി സ്വയം തീരുമാനിച്ചു.
പുതുമുഖങ്ങൾക്ക് വേണ്ടി പരസ്യം ചെയ്തത് പോലും പ്രഹസനമാണോ എന്ന് മമ്മൂട്ടി ഒന്ന് സംശയിച്ചു. കാരണം, പിന്നീട് അറിയിക്കാം എന്ന് പറഞ്ഞ് ഓരോരുത്തരെയും ഒഴിവാക്കുകയാണ് ചെയ്തിരുന്നത്.
“എവിടെ വെച്ചാണ് സാർ ഷൂട്ടിംഗ്?” ഇടയ്ക്കുകയറി മമ്മൂട്ടി സേതുമാധവനോട് ചോദിച്ചു.
‘ ചേർത്തലയിൽ വെച്ച്’. സേതുമാധവൻ മറുപടി പറഞ്ഞു.
“സാർ അവിടെ വന്നാൽ എന്തെങ്കിലും ചാൻസ് കിട്ടുമോ?”
“അത്.. “ഒരു നിമിഷം അദ്ദേഹം എന്തോ ആലോചിച്ചു. “എന്തായാലും നിങ്ങൾ അവിടെ വരു.”
രണ്ടുദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ നുണ പറഞ്ഞു മമ്മൂട്ടി ചേർത്തലയ്ക്കു പുറപ്പെട്ടു. ഷൂട്ടിംഗ് സ്ഥലം അന്വേഷിച്ചു കണ്ടുപിടിച്ചു. അന്ന് സന്ധ്യവരെ അവിടെ നിന്നെങ്കിലും അവസരം ലഭിച്ചില്ല. രാത്രി വയലാറിൽ പോയി കിടന്നു. പിറ്റേന്ന് പുലർച്ചെ വീണ്ടും ലൊക്കേഷനിലെത്തി. രണ്ടാം ദിവസം ഉച്ചയ്ക്ക് ശേഷം സംവിധായകൻ മമ്മൂട്ടിയെ വിളിച്ചു.
“രണ്ടു ചെറിയ ഷോട്ടുകളിൽ അഭിനയിക്കണം” എന്നു പറഞ്ഞു.
വർഗ്ഗ ശത്രുവിനെ എതിരിട്ടു കൊന്നശേഷം തൂക്കുമരം ഏറ്റുവാങ്ങുന്ന കരുത്തനായ ചെല്ലപ്പന്റെ റോളായിരുന്നു സത്യന്. ചെല്ലപ്പനെ സഹായിച്ചതിന്റെ പേരിൽ മുതലാളിയുടെ ഫാക്ടറി കവാടത്തിൽ ഉള്ള ബഹദൂറിന്റെ മാടക്കട ആരോ തല്ലി തകർക്കുന്നു. ആ വാർത്തയറിഞ്ഞ് പരിഭ്രമത്തോടെ ബഹദൂർ ഓടിക്കിതച്ചു വരുന്നു. പിന്നാലെ മറ്റ് രണ്ടുപേരും ഉണ്ട്. ഒന്ന് കൊച്ചിയിലെ ഒരു തിയേറ്ററിൽ ടിക്കറ്റ് വാങ്ങാൻ നിൽക്കുന്ന വർഗീസ്. മറ്റൊന്ന് മമ്മൂട്ടി.
മേക്കപ്പ് മാൻ കെ വി ഭാസ്കരന്റെ സഹായി മമ്മൂട്ടിയുടെ മുഖത്ത് സ്പ്രേ അടിച്ചു. അത് യു ഡി കൊളോൺ ആണെന്ന് പിന്നീടാണ് മമ്മൂട്ടിക്ക് മനസ്സിലായത്.
മുണ്ട് അലക്ഷ്യമായി കുത്തി, ഷർട്ടിന്റെ കൈ മുകളിലേക്ക് തെറുത്ത് വച്ചു, മുടി ചിതറിയിട്ട് മമ്മൂട്ടി അഭിനയിക്കാൻ തയ്യാറായി.
ഈ റോളിൽ ഷൈൻ ചെയ്തിട്ട് വേണം കൂടുതൽ അവസരങ്ങൾ നേടാൻ… വലിയ സ്റ്റാർ ആകാൻ. അതിനുള്ള മാനസികമായ ഒരുക്കത്തിലായിരുന്നു മമ്മൂട്ടി അപ്പോൾ.
ആദ്യം റിഹേഴ്സൽ. കണ്ണ് ഇറുകെ പൂട്ടി വായ പൊളിച്ചു കൊണ്ടാണ് മമ്മൂട്ടി ഓടി വന്നത്. കാരണം റിഫ്ലക്ടറിന്റെ ചൂടും പ്രകാശവും മൂലം കണ്ണ് തുറക്കാൻ ആവുന്നില്ല.
“അയ്യേ നിങ്ങളെന്തിനാ ഇങ്ങനെ വാ പൊളിക്കുകയും കണ്ണടക്കുകയും ചെയ്യുന്നത് ശരിക്കും ഓടി വരൂ.” സംവിധായകൻ നിർദേശിച്ചു.
പക്ഷേ റിഫ്ലക്ടർ മുന്നിൽ ഇരിക്കുന്നത് കൊണ്ട് കണ്ണ് തുറക്കാൻ കഴിയുന്നില്ല. രണ്ടു റിഹേഴ്സൽ ആയി. പക്ഷേ മമ്മൂട്ടിയുടെ പ്രകടനം ശരിയാകുന്നില്ല.
ഇതു കണ്ട് സംവിധായകൻ പറഞ്ഞു, “ഒരു കാര്യം ചെയ്യൂ.. നിങ്ങൾ അങ്ങോട്ട് മാറി നിൽക്കു.. മറ്റാരെയെങ്കിലും നോക്കാം.”
സേതുമാധവന്റെ വാക്കുകൾ കേട്ടപ്പോൾ മമ്മൂട്ടി ആകെ തകർന്നുപോയി. എല്ലാ പ്രതീക്ഷകളും പൊലിഞ്ഞു. പൊട്ടിക്കരഞ്ഞു പോകും എന്ന നിലയിലാണ് മമ്മൂട്ടിയുടെ നിൽപ്പ്.
അതിനിടെ സഹസംവിധായകൻ മമ്മൂട്ടിക്ക് പകരം മറ്റാരെയോ അന്വേഷിക്കുന്നു.
സകല ധൈര്യവും സംഭരിച്ച് അവസാന പ്രതീക്ഷ എന്നോണം മമ്മൂട്ടി സേതുമാധവനോട് പറഞ്ഞു,
“സാർ ഒരു പ്രാവശ്യം കൂടി ഞാൻ ശ്രമിക്കാം.”
മമ്മൂട്ടിയുടെ സങ്കടം കലർന്ന ശബ്ദവും മുഖഭാവവും കണ്ടിട്ടാവണം സേതുമാധവൻ ഒരു ടേക്ക് കൂടി നടത്തി. വളരെ പ്രയാസപ്പെട്ടു കണ്ണുതുറന്ന് പിടിച്ചു വായടച്ചു പിടിച്ച് മമ്മൂട്ടി ഓടിവന്നു. അങ്ങനെ ഒരു വിധത്തിൽ ആ ഷോട്ട് എടുത്തു. അതുകഴിഞ്ഞപ്പോഴാണ് മമ്മൂട്ടിക്ക് സമാധാനമായത്. സെറ്റിൽ പോലും ആരോടും മിണ്ടാതെ മമ്മൂട്ടി അവിടെ നിന്നും മുങ്ങി.