ഇന്ത്യൻ സിനിമയുടെ അഭിമാനമായി, അന്തർദേശീയ ചലച്ചിത്ര മേളകളിൽ അടക്കം നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ് പേരൻപ്. റാം സംവിധാനം ചെയ്ത ചിത്രത്തിലെ അമുദവൻ, മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ നിരയിൽ സ്ഥാനം പിടിച്ചു.സാധന, അഞ്ജലി അമീർ, അഞ്ജലി തുടങ്ങിയവരുടെ അഭിനയമികവും യുവൻ ശങ്കർ രാജയുടെ മാസ്മരിക സംഗീതവും തേനി ഈശ്വറിന്റെ ഛായാഗ്രഹണ മികവുമൊക്കെ ചേർന്ന് പേരൻപ് മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒരു ചിത്രമായി മാറി.തന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു നാഴികക്കല്ല് പിന്നിടുന്ന അവസരത്തിൽ ശ്രദ്ധേയമായ ഒരു സിനിമ ഒരുക്കുക എന്ന ലക്ഷ്യത്തോടെ തേനപ്പനാണ് പേരൻപ് നിർമ്മിച്ചത്. ലോകമെമ്പാടും പ്രേക്ഷകരുടെ മികച്ച പിന്തുണ നേടിയ പേരൻപ് മികച്ച കളക്ഷൻ നേടി വൻ വിജയം ആവുകയും ചെയ്തു.
# 25 ദിവസം കൊണ്ട് 17 കോടിയോളം ഗ്രോസ്സ്
ഫെബ്രുവരി ഒന്നിന് റിലീസായ പേരൻപ് ആദ്യ ഇരുപത്തിയഞ്ച് ദിവസങ്ങൾ കൊണ്ട് 17 കോടിയിലധികം ഗ്രോസ്സ് (വേർഡ് വൈഡ്) നേടിയെന്നും തുടർന്നുള്ള ദിവസങ്ങളിലെ കണക്കുകൾ ലഭ്യമായി വരുന്നതേ ഉള്ളുവെന്നും ശ്രീരാജലക്ഷ്മി ഫിലിം പ്രൈവറ്റ് ലിമിറ്റഡ് മാർക്കറ്റിങ് ഹെഡ് രാജൻ പറഞ്ഞു. ഇരുപത്തിയഞ്ച് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് എട്ടു കോടിയോളം രൂപയും തമിഴ്നാട്ടിൽ നിന്ന് 5 കോടിയും ഗ്രോസ് വന്നു. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള കണക്കുകൾ ഇങ്ങനെ – ജി.സി.സി : 2.5 കോടി, കർണാടക ആൻഡ് നോർത്ത് ഇന്ത്യ: 85 ലക്ഷം, സിംഗപ്പൂർ : 6 .5 ലക്ഷം, മലേഷ്യ : 25 ലക്ഷം, ആസ്ട്രേലിയ ആൻഡ് ന്യൂസീലൻഡ് : 10 ലക്ഷം, യു.കെ 3 ലക്ഷം, ശ്രീലങ്ക : 3 ലക്ഷം, ജപ്പാൻ : 1.5 ലക്ഷം. ആമസോൺ ഡിജിറ്റൽ പ്രീമിയർ റൈറ്റായി 3.5 കോടി രൂപ നേടിയ സിനിമയുടെ മലയാളം സാറ്റ് ലൈറ്റ് റൈറ്റ് ഏഷ്യാനെറ്റ് സ്വന്തമാക്കി. തമിഴ് റൈറ്റ് ഇതുവരെ ആർക്കും നൽകിയിട്ടില്ല. തമിഴ് നാട്ടിൽ ചിമ്പു നായകനായ ചിത്രമടക്കം നാല് സിനിമകകളും പൊങ്കൽ റിലീസായ രജനികാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസവും അടക്കമുള്ള സിനിമക്കൾക്കിടയിലും വാണിജ്യ ചേരുവകൾ ഇല്ലാത്ത പേരൻപ് വിജയം നേടിയത് അഭിമാനകരമായ കാര്യമാണ് എന്ന് രാജൻ പറഞ്ഞു
# സെൻസർ ചെയ്യാത്ത ഫെസ്റ്റിവൽ വേർഷനും ആമസോൺ പ്രൈമിൽ
ആമസോൺ പ്രൈമിൽ റിലീസാവുക രണ്ട് വേർഷനുകൾ ആയിരിക്കുമെന്ന് രാജൻ അറിയിച്ചു പതിനെട്ട് തവണഎഡിറ്റ് ചെയ്യപ്പെട്ട ശേഷമുള്ള വേർഷനാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.തീയേറ്ററുകളിൽ പ്രദർശിപ്പിച്ച പതിപ്പും ഫെസ്റ്റിവൽ വേർഷനും ചലച്ചിത്ര ആസ്വാദകർക്ക് ആമസോൺ പ്രൈമിൽ കാണാൻ അവസരം ലഭിക്കുകയാണ്. ബി.ജി.എം ഇല്ലാത്ത, സാങ്കേതികപരമായി വ്യത്യസ്തത പുലർത്തുന്ന വേർഷൻ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കും. പേരൻപ് പോലെ ഒരു സിനിമ നിർമിക്കുവാനും അതിന്റെ ഭാഗമാകുവാനും കഴിഞ്ഞത് അഭിമാനകരമായാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കരുതുന്നതെന്ന് രാജൻ പറഞ്ഞു. ഇതേ ടീമിൽ നിന്ന് ഒരു പുതിയ സിനിമയ്ക്കായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു