മമ്മൂട്ടിയും സാജൻ പള്ളുരുത്തിയും ചേർന്ന് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ആ ബാങ്ക് സീൻ ആണ് ടീസർ ആയി പുറത്തുവിട്ടിരിക്കുന്നത്.
പുതിയ ചിത്രങ്ങളുടെ വരവിനിടയിലും തിയേറ്ററിൽ വിജയകരമായി പ്രദര്ശനം തുടരുകയാണ് ഗാനഗന്ധർവൻ. ചിത്രത്തിന് ലഭിച്ച മികച്ച മൗത്ത് പബ്ലിസിറ്റിയുടെ പിൻബലത്തിൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് ചിത്രം സൂപ്പർ ഹിറ്റായി മാറുന്നത്.
സ്റ്റേജ് ഷോകളിൽ സന്ദർഭത്തിനനുസരിച്ചു കോമഡി നമ്പറുകൾ ഇറക്കി കൈയടി നേടുന്ന പിഷാരടി തിരക്കഥയൊരുക്കി സംവിധാനം ചെയ്‌ത ഗാനഗന്ധർവനിലും സന്ദർഭങ്ങൾക്കനുസരിച്ചുള്ള കോമഡി നമ്പറുകൾ ഇറക്കി പ്രേക്ഷകരെ കൈയിലെടുക്കുന്നതിലും വിജയിച്ചിരിക്കുന്നു എന്നാണു തിയറ്ററിൽ ഉയരുന്ന പൊട്ടിച്ചിരികൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിൽ ഏറെ ചിരിപ്പിച്ച ഒരു രംഗമാണ് അതിലെ ‘ബാങ്ക് സീൻ’.
ബാങ്കിൽ നിക്ഷേപിച്ച പതിനഞ്ച് ലക്ഷം രൂപ പിൻവലിക്കാൻ എത്തുന്ന കലാസദൻ ഉല്ലാസിനോട് ബാങ്ക് മാനേജരുടെ (സാജൻ പള്ളുരുത്തി) ഡയലോഗും അതിനു ഉല്ലാസിന്റെ(മമ്മൂട്ടി ) മറുപടിയും തിയേറ്ററിൽ ചിരിയുടെ അലകൾ ഉയർത്തുന്നതാണ്.
ബാങ്കുമായി ബന്ധപ്പെടുന്ന സാധാരണക്കാർ ജീവിതത്തിൽ ഒരിക്കലെങ്കിലും അത്തരം അനുഭവങ്ങൾ നേരിട്ടവരാകും. കാഷ് ഡെപ്പോസിറ്റ് ചെയ്യാൻ ബാങ്കിൽ എത്തുന്നവരോടും (പ്രത്യേകിച്ചും വലിയ തുകയോ ഫിക്സഡ് ഡെപ്പോസിറ്റോ കൊണ്ടുചെന്നാൽ ബാങ്ക് മാനേജർമാരുടെ ഒരു മുഖവും ഒരു ലോണിനോ മറ്റൊ ചെന്നാൽ ഇവരുടെ മറ്റൊരു മുഖവും കാണാത്തവർ വിരളമായിരിക്കും. അത്തരം ഒരു ബാങ്ക് മാനേജരെ വളരെ ലളിതമായി ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചു പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ആ സീൻ !
ബാങ്കിൽ നിന്നും 15 ലക്ഷം പിൻവലിക്കുന്ന ഉല്ലസിനോട് ബാങ്ക് മാനേജർ,
“ഇയർ എൻഡിംഗിന്റെ ഒരു ചെറിയ മുറുക്കുണ്ട് ” എന്നു താഴ്മയോടെ പറയുമ്പോൾ അതിനു മറുപടിയായി ” കുറച്ച് നാള് മുൻപ് എനിക്കിത് പോലൊരു മുറുക്കം വന്നപ്പോ ഞാനൊരു ഹോം ലോണിന് അപ്ലൈ ചെയ്താരുന്നു… അപ്പോഴും ഇതുപോലെ..ങേ… അതുകൊണ്ടാ സാറേ ” എന്നു മറുപടി കൊടുത്ത് മാനേജരെ ഒന്ന് ‘ആക്കി’ പോകുന്ന മമ്മൂട്ടിയും അത് കേട്ട് ഇളിഭ്യനായി ഞെളിപിരി കൊള്ളുന്ന സാജൻ പള്ളുരുത്തിയും തിയേറ്ററിൽ ഉയർത്തുന്നത് കൂട്ടച്ചിരിയും കൈയടിയുമാണ്. ഇപ്പോൾ ആ സീനാണ് ഗാനഗന്ധർവൻ ടീം ‘Bank Teaser’ എന്ന പേരിൽ യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ് ആ സീൻ.
ഇതുപോലെ ഒട്ടേറെ സ്വിറ്റേഷൻ കോമഡികൾ കൊണ്ട് സമ്പന്നമാണ് ഗാനഗന്ധർവൻ.
അശ്ലീല -ദ്വയാർത്ഥ പ്രയോഗമുള്ള കോമഡികൾ പൂർണ്ണമായും ഒഴിവാക്കിയുള്ള റിയലിസ്റ്റിക് കോമഡി നമ്പറുകൾ ആണ് ഈ ചിത്രത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ കുടുംബസമേധം ധൈര്യമായി ഈ ചിത്രം കാണാം.