‘അഭിനയിക്കുന്നിടത്തോളം കാലം മമ്മൂക്ക നടനും താരവുമായി തന്നെ തുടരും.മറ്റു പലരും നടൻ എന്ന നിലയിൽ മാത്രം നില നിന്നേക്കും.അഭിനയ മികവും സൗന്ദര്യവും കൊണ്ട് മാത്രം ഒരാൾക്ക് ഇത് പറ്റുമെന്ന് തോന്നുന്നില്ല.ധാരാളം കാര്യങ്ങൾ ഇതിന് ബാധകമാണ്’ – മമ്മൂട്ടി മലയാളത്തിന് സംഭാവന ചെയ്ത പ്രതിഭാശാലികളായ സംവിധായകരിൽ മുൻനിരയിലുള്ള അൻവർ റഷീദ് ഒരിക്കൽ പറഞ്ഞതാണ് ഇത്. തന്റെ കരിയറിന്റെ എല്ലാ ഘട്ടങ്ങളിലും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്ത പുലർത്തുവാൻ ശ്രമിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി .
തമിഴിലും തെലുഗിലും ഇടവേളയ്ക്ക് ശേഷം എത്തിയ യാത്ര, പേരൻപ് എന്നീ അഭിനയ സാധ്യതകൾ ഏറെയുള്ള സിനിമകളുമായി 2019 ൽ ഗംഭീര തുടക്കമാണ് മമ്മൂട്ടി നടത്തിയത്. അഭിനയത്തിന്റെ പുതിയ തലങ്ങൾ തീർത്ത പേരൻപിലെ അമുദവൻ എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ നാഴികക്കല്ലായി മാറുകയാണ്. പ്രേക്ഷകരും നിരൂപകരും ചലച്ചിത്ര പ്രവർത്തകരും ഒരുപോലെ ഗംഭീരം എന്ന് വാഴ്ത്തിയ പേരൻപിലെ പ്രകടനം മമ്മൂട്ടിയ്ക്ക് നിരവധി പുരസ്കാരങ്ങൾ കൊണ്ടുവരുമെന്ന് ഉറപ്പ്.തെലുങ്ക് ജനതയുടെ നായകൻ വൈ എസ് ആർ ന്റെ ബയോപിക് ആയ യാത്രയിലെ വൈ എസ് ആർ ആയുള്ള മമ്മൂട്ടിയുടെ പരകായപ്രവേശം തെലുങ്ക് ജനത ആവേശത്തോടെയാണ് വരവേറ്റത്. തെലുങ്കിൽ വമ്പൻ ഹിറ്റായി മാറിക്കഴിഞ്ഞ ഈ സിനിമ വേൾഡ് വൈഡ് ആയി ഇതിനകം 50 കോടിയോളം നേടിക്കഴിഞ്ഞു. ആന്ധ്രയിലും തെലുങ്കാനയിലും ഈ ചിത്രം തീർക്കുന്ന ഓളം ചെറുതല്ല.
മലയാളത്തിലാണിനി മെഗാസ്റ്റാറിന്റെ പടപ്പുറപ്പാട്. ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന സിനിമകളും ഇനി വരാനിരിക്കുന്ന ചിത്രങ്ങളും ബോക്സ് ഓഫീസിൽ തരംഗമാകുമെന്നാണ് പ്രതീക്ഷ. തകർപ്പൻ സംഘട്ടന രംഗങ്ങളും ത്രസിപ്പിക്കുന്ന കഥാ സന്ദർഭങ്ങളുമായി മെഗാ സ്റ്റാർ നിറഞ്ഞാടുന്ന ചിത്രമായിരിക്കും വൈശാഖ് സംവിധാനം ചെയുന്ന മാസ്സ് എന്റർടൈനർ മധുരരാജ.ജഗപതി ബാബുവിന്റെ വില്ലൻ വേഷവും വൻ താര നിരയും 25 ദിവസം കൊണ്ട് ഷൂട്ട് ചെയ്യുന്ന ഫൈറ്റ് സ്വീക്വൻസുകളും സിനിമയുടെ പ്രത്യേകതകളാണ്. ഖാലിദ് റഹ്മാന്റെ ഉണ്ട എന്ന സിനിമയും ഒരു മികച്ച എന്റെർറ്റൈനർ ആകുമെന്നാണ് സൂചന. മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രവും ഏറെ പ്രതീക്ഷകൾ ഉണർത്തുന്നതാണ്. ചാവേറായി പൊരുതി മരിക്കാന് വിധിക്കപ്പെട്ട യോദ്ധാക്കളുടെയും കഥ പറയുന്ന സിനിമയാണ് മാമാങ്കം. വൻ താര നിരയും ഇന്ത്യയിൽ നിന്നും പുറത്തുനിന്നുമുള്ള പ്രഗത്ഭരായ സാങ്കേതിക വിദഗ്ദ്ധരും അണിനിരക്കുന്ന മാമാങ്കം മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലാകുമെന്ന് വിലയിരുത്തപ്പെടുന്നു.ദി ഗ്രേറ്റ് ഫാദറിന് ശേഷം ആഗസ്റ്റ് സിനിമയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയായ പതിനെട്ടാം പടിയിൽ (സംവിധാനം- ശങ്കർ രാമകൃഷ്ണൻ) ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
രമേശ് പിഷാരടിയുടെ ഗാന ഗന്ധർവനിൽ വ്യത്യസ്തവും രസകരവുമായ ഒരു കഥാപാത്രമായാണ് മമ്മൂട്ടി എത്തുക. നാദിർഷയുടെ ഐ ആം എ ഡിസ്ക്കോ ഡാൻസർ, കോട്ടയം കുഞ്ഞച്ചൻ-2 , അമീർ, ബിലാൽ തുടങ്ങിയ സിനിമകളും അണിയറയിൽ ഒരുങ്ങുന്നു. സന്തോഷ് വിശ്വനാഥ്, അജയ് വാസുദേവ്, ജോഷി തുടങ്ങിയ സംവിധായകരും മമ്മൂട്ടി ചിത്രങ്ങൾ ഒരുക്കാൻ തയ്യാറെടുക്കുന്നു. സി.ബി.ഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതായി സംവിധായകൻ കെ.മധു പറഞ്ഞിരുന്നു.ആളോഹരി ആനന്ദം എന്ന നോവലിനെ അധികരിച്ചു ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തിൽ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപത്രമാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്.
ഇതിനെല്ലാം പുറമെ പ്രേക്ഷകർ ഏറെ നാളായി കേൾക്കാൻ കൊതിക്കുന്ന ഒരു വാർത്തയും മമ്മൂട്ടി ക്യാംപിൽ നിന്നും വരുന്നുണ്ട്. കുഞ്ഞാലി മരക്കാർ ആയി മമ്മൂട്ടി എത്തുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ഈ പ്രോജക്ട് തങ്ങൾ ഉപേക്ഷിച്ചിട്ടില്ല എന്ന് ആഗസ്റ്റ് സിനിമയുടെ സാരഥി ഷാജി നടേശൻ പറഞ്ഞിരുന്നു. അണിയറയിൽ പുതിയ ചില പേരുകളുമായി കുഞ്ഞാലിമരക്കാരുടെ അനൗൺസ്മെന്റ് വൈകാതെ ഉണ്ടായേക്കും. ഇങ്ങിനെ ഒരേ സമയം കലാമൂല്യമുള്ള ചിത്രങ്ങളുടേയും വാണിജ്യ സിനിമകളുടെയും ചരിത്ര ഇതിഹാസ സിനിമകളുടെയും ഭാഗമായി മലയാള സിനിമയുടെ താര സിംഹാസനത്തിൽ കൂടുതൽ കരുത്തോടെ നിലയുറപ്പിക്കുകയാണ് മെഗാസ്റ്റാർ.