മലയാളത്തിന്റെ ഗന്ധർവ ഗായകന് ഇന്ന് പിറന്നാൾ മധുരം. മലയാളിക്ക് പെറ്റമ്മയുടേതിനേക്കാൾ പരിചിതമായ സ്വരമാണ് യേശുദാസിന്റേത് എന്നത് അതിശയോക്തിയല്ല. എഴുപത്തി ഒൻപതാം ജന്മദിനം ആഘോഷിക്കുന്ന പദ്മവിഭൂഷൺ ഡോക്ടർ കെ.ജെ യേശുദാസിന്റെ സമാനതകളില്ലാത്ത സംഗീത ജീവിതം ആരംഭിച്ചിട്ട് ആറ് പതിറ്റാണ്ടോളമാകുന്നു. വിവിധ ഭാഷകളിലായി 80000ൽ അധികം ഗാനങ്ങൾ ആലപിച്ച യേശുദാസ് സംഗീത സംവിധായകനായും നടനായും സിനിമയുടെ ഭാഗമായിട്ടുണ്ട്. എണ്ണമറ്റ പുരസ്കാരങ്ങളും അംഗീകാരങ്ങളും സുദീർഘവും ദീപ്തവുമായ സംഗീത യാത്രയിൽ അദ്ദേഹത്തെ തേടിയെത്തി. 8 തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്ക്കാരം നേടിയ യേശുദാസ് ഈ പുരസ്ക്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ ഗായകൻ കൂടിയാണ്. 25 സംസ്ഥാന പുരസ്ക്കാരങ്ങൾ നൽകി കേരളം അദ്ദേഹത്തെ ആദരിച്ചു. മറ്റു ഇന്ത്യൻ ഭാഷകളിൽ നിന്നായി മികച്ച ഗായകനുള്ള പുരസ്ക്കാരം പത്തോളം തവണ യേശുദാസ് സ്വന്തമാക്കി.
‘ജാതി ഭേദം മതദ്വേഷം ..’ എന്നാരംഭിക്കുന്ന എക്കാലവും പ്രസക്തമായ ഗുരുവചനം പാടിക്കൊണ്ട് തന്റെ സിനിമാ സംഗീത യാത്ര ആരംഭിച്ച യേശുദാസ് മത നിരപേക്ഷതയ്ക്കായി ഉറച്ച നിലപാടുകൾ സ്വീകരിക്കുവാൻ എക്കാലവും ശ്രമിച്ചിട്ടുണ്ട്. ഭാവ സാന്ദ്രമായ ആലാപന ശൈലി കൊണ്ട് യേശുദാസ് അനശ്വരമാക്കിയ അസംഖ്യം ഗാനങ്ങൾ മലയാള സിനിമാ ചരിത്രത്തിന്റെ കൂടി ഭാഗമാണ്.മലയാളം കണ്ട എക്കാലത്തെയും മികച്ച സംഗീത സംവിധായകനായ ദേവരാജൻ മാസ്സറുടെ ഏറ്റവും അധികം ഗാനങ്ങൾ പാടിയതും യേശുദാസ് തന്നെ .സത്യൻ മുതൽ നിവിൻ പോളി വരെ എണ്ണമറ്റ നടന്മാർക്കായി യേശുദാസിന്റെ സ്വരം വെള്ളിത്തിരയിൽ മുഴങ്ങി. നിത്യഹരിത നായകൻ പ്രേം നസീറിനുവേണ്ടിയാണ് യേശുദാസ് ഏറ്റവും അധികം ഗാനങ്ങൾ ആലപിച്ചത്. പ്രാണ സഖി, താമസമെന്തേ, ആയിരം പാദസരങ്ങൾ, , സന്യാസിനി, കരയുന്നോ പുഴ ചിരിക്കുന്നോ,ചന്ദ്ര കളഭം ,ഉത്തരാസ്വയംവരം, കായാമ്പു കണ്ണിൽ, ഇളവന്നൂർ മഠത്തിലെ.. തുടങ്ങി അസംഖ്യം ഗാനങ്ങളാണ് ഈ കൂട്ടുകെട്ടിൽ നിന്ന് പിറന്നത്.യേശുദാസിന്റെ ശബ്ദം ഏറ്റവും നന്നായി യോജിക്കുന്ന നടൻ എന്ന വിശേഷണവും പ്രേം നസിറിന് സ്വന്തം.
പ്രേംനസീർ കഴിഞ്ഞാൽ യേശുദാസിന്റെ ശബ്ദം ഏറ്റവും നന്നായി യോജിക്കുന്നത് മമ്മൂട്ടിക്കായിരിക്കും. പാടി അഭിനയിച്ചവ അടക്കം മമ്മൂട്ടിച്ചിത്രങ്ങളിലെ മനോഹര ഗാനങ്ങൾ അധികവും യേശുദാസിന്റെ ശബ്ദത്തിലാണ് നാം കേട്ടത്. ആസ്വാദക ഹൃദയങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന എത്രയോ നിത്യഹരിത ഗാനങ്ങളാണ് ഈ കൂട്ടുകെട്ടിൽ മലയാളത്തിന് ലഭിച്ചത്. അത്തരം ഗാനങ്ങളിൽ ചിലത് ചുവടെ.
ശ്രുതിയിൽ നിന്നുയരും..
മൈനാകം കടലിൽനിന്നുയരുന്നുവോ ..
മാനത്തെ ഹൂറി പോലെ പെരുന്നാൾ ..
ഇന്ദ്രനീലമെഴുതിയ മിഴികൾ…
കരയണോ മിഴി നീരിൽ ..
മനസൊരു മാന്ത്രിക കുതിരയായി..
ഒരു മഞ്ഞു തുള്ളിയിൽ…
പണ്ടൊരു കാട്ടിലൊരാൺ സിംഹം..
കണ്ണാംതളിയും കാട്ടുകുറിഞ്ഞിയും..
എന്റെ വിണ്ണിൽ വിടരും നിലാവേ..
തന്നനം താനന്നം..
അലയും കാറ്റിൻ ഹൃദയം..
ഇന്ദുലേഖ കൺ തുറന്നു..
ഹൃദയ വനിയിലെ..
നെറ്റിയിൽ പൂവുള്ള…
പൂമുഖ വാതിൽക്കൽ..
പീലി ഏഴും വീശിവാ..
ചന്ദനലേപ സുഗന്ധം..
വികാര നൗകയുമായി..
പനിനീരുമായി പുഴകൾ..
എന്തിനു വേറൊരു സൂര്യോദയം..
കനക നിലാവേ..
തരളിത രാവിൽ…
ശാന്തമീ രാത്രിയിൽ..
പാതിരാക്കിളീ…
ഓലത്തുമ്പത്തിരുന്ന്…
സ്നേഹത്തിൻ പൂഞ്ചോല…
ആത്മാവിൻ പുസ്തക താളിൽ..
നാട്ടുപച്ച കിളി പെണ്ണേ..
യാത്രയായ് വെയിലൊളി….
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്…
ഇനോയൊന്നു പാടു ഹൃദയമേ..
കടലിന്നഗാഥമാം…
എന്നൊടുത്തുണരുന്ന….
മഴപെയ്തു മാനം…
പൊന്നമ്പിളി പൊട്ടും തൊട്ട്….
വെണ്ണിലാ ചന്ദനക്കിണ്ണം..
സുമംഗലി കുരുവീ…
നീയുറങ്ങിയോ നിലാവേ…
വാർത്തിങ്കളേ….
മയ്യഴിപ്പുഴ ഒഴുകി…
ചൈത്ര നിലാവിന്റെ…
മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി…
ശാരദേന്ദു പാടി…
കരുണാമയനെ…
പൊന്നാമ്പൽ പുഴയിറമ്പിൽ…
ഞാനൊരു പാട്ടുപാടാം…
ശോകമൂകമായി…
തെക്ക് തെക്ക് തെക്കേ പാടം …
മനസിൻ മണിചിമിഴിൽ….
കുഞ്ഞേ നിനക്ക് വേണ്ടി…
വേഷങ്ങൾ ജന്മങ്ങൾ…
ഏതോ രാത്രി മഴ മൂളിവരും…
മാനത്തെ വെള്ളി വിതാനിച്ച…
മുറ്റത്തെ മുല്ലേ ചൊല്ലു…
ആദിയുഷ സന്ധ്യ പൂത്തതിവിടെ….
മണിക്കിനാവിൻ കൊതുമ്പു വള്ളം…
താമരപ്പൂങ്കാവനത്തിൽ…
കഥാപാത്രങ്ങളുടെ ആത്മ സംഘർഷങ്ങളും മാനസികവ്യാപാരങ്ങളും തന്റെ അഭിനയ മികവിനാൽ മമ്മൂട്ടിയിലെ മഹാ നടൻ പൂർണതയിൽ എത്തിക്കുമ്പോൾ , ഇത്തരം കഥാ സന്ദർഭങ്ങളോട് ഇഴ ചേർന്ന ഗന്ധർവ ഗാനങ്ങൾ പ്രസ്തുത രംഗങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നതിന് എത്രയോ തവണ ആസ്വാദകർ സാക്ഷിയായി. ജീവിതത്തിൽ എല്ലാവരാലും ഒറ്റപ്പെട്ട അമരത്തിലെ അച്ചൂട്ടി, വിങ്ങുന്ന മനസ്സുമായി കടപ്പുറത്തെ മണൽത്തരികളെ മാറോട് ചേർത്തു വിതുമ്പുമ്പോൾ ഗന്ധർവ നാദത്തിൽ ഒഴുകിയെത്തുന്ന ‘രാക്കിളി പൊന്മകളേ…’ എന്ന വരികൾ ആ രംഗത്തിന് പൂർണത നൽകുകയാണ്.ഇത്തരത്തിൽ എത്രയോ ഗാനങ്ങൾ അതാത് സിനിമകളുടെ ആത്മാവായി നില കൊള്ളുന്നു.ചിത്രീകരണം പുരോഗമിക്കുന്ന ‘മാമാങ്കം’ എന്ന മമ്മൂട്ടി ചിത്രത്തിൽ എം.ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ യേശുദാസ് പാടിയ ഒരു മനോഹര ഗാനമുണ്ട്.
മലയാളിയുടെ സുഖത്തിലും, ദുഖത്തിലും, പ്രണയത്തിലും, വിരഹത്തിലും, ഭക്തിയിലുമെല്ലാം ഗന്ധർവ ഗാനങ്ങളുടെ സാന്നിധ്യമുണ്ട്. ഗന്ധർവ നാദം ഇനിയുമേറെക്കാലം നമ്മെ വിസ്മയിപ്പിക്കട്ടെ. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മമ്മൂട്ടി അഭിനയിച്ച ‘സുകൃതം’ എന്ന സിനിമയിലെ ‘എന്നോടൊത്തുണരുന്ന പുലരികളേ…’ എന്നാരംഭിക്കുന്ന ഗന്ധർവ ഗാനം അവസാനിക്കുന്നത് ഇങ്ങനെ – ‘യാത്ര തുടരുന്നു …ശുഭ യാത്ര നേർന്നു വരൂ…’. അതെ, ഈ മഹാ ഗായകൻ തന്റെ സംഗീത യാത്ര തുടരുകയാണ്. ആദരവോടെയും സ്നേഹത്തോടെയും നമുക്ക് നേരാം – ശുഭയാത്ര!