ഒരു കുടുംബത്തിന് നല്ലരീതിയിൽ ആസ്വദിക്കാൻ കഴിയുന്ന തികച്ചും ഒരു എന്റർടൈനർ ആണ് ഈ സിനിമ.
മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അധികമാരും പ്രതീക്ഷിക്കാത്ത വിജയമാണ് ചിത്രം നേടുന്നത്. വലിയ പബ്ലിസിറ്റി കോലാഹലങ്ങളില്ലാതെ പുറത്തുവന്ന ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെ വൻ വിജയമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. നർമ്മത്തിന്റെ മേമ്പൊടിയും വൈകാരികമായ ഒട്ടേറെ മുഹൂർത്തങ്ങളും ഉള്ള ഒരു ഫാമിലി എന്റെർറ്റൈനെർ എന്ന നിലയിൽ കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഗാനഗന്ധർവൻ സാമൂഹിക പ്രസക്തമായ ഒരു വിഷയം കൂടി കൈകാര്യം ചെയ്യുന്നുണ്ട്. സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടി ഒട്ടേറെ നിയമങ്ങൾ ഉള്ള ഈ കാലത്ത് ഇത്തരത്തിൽ ഒരു മെസ്സേജ് സ്ത്രീകൾക്കും പൊതുസമൂഹത്തിനുമുന്നിലും ലളിതമായി അവതരിപ്പിച്ചതിലൂടെ പിഷാരടി ഏറെ അഭിനന്ദനമർഹിക്കുന്നു.
ഈ ചിത്രം കണ്ട ശേഷം പോലീസ് മേധാവി ഋഷിരാജ് സിംഗ്, പിഷാരടിയെ വിളിക്കുകയും ഗാനഗന്ധർവനെ കുറിച്ചും അതു മുന്നോട്ടുവെക്കുന്ന സാമൂഹിക പ്രസക്തമായ വിഷയങ്ങളെ കുറിച്ചും പിഷാരടിയോട് സംസാരിക്കുകയും ചെയ്തു. മാത്രമല്ല, അദ്ദേഹം സിനിമയെ കുറിച്ച് നല്ലൊരു റിവ്യൂ തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഏത് സാഹചര്യവും ഒരു ചെറുപുഞ്ചിരിയോടെ നേരിടുക- ഗാനഗന്ധർവ്വൻ ഫിലിം റിവ്യൂ
by ഋഷിരാജ് സിംഗ്
https://m.facebook.com/story.php?story_fbid=10157491007563433&id=517458432
സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഓരോ സീനിലും കൗതുകം നിലനിർത്താൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഒരു കലയാണ്.
സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു ഗായകൻ ഉല്ലാസിൻ്റെ (മമ്മൂട്ടി) കഥയാണ് ചിത്രം പറയുന്നത്. വന്ദിതയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നിസ്സഹായയായ ഭാര്യയായി നല്ല രീതിയിൽ അഭിനയിച്ചിരിക്കുന്നത്.
ഗാനമേളയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് കഴിയുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണിത്. സ്വന്തം ഭാര്യ അറിയാതെ മറ്റൊരു സ്ത്രീയെ സഹായിക്കാൻ ശ്രമിക്കുന്നതും അവസാനം ആ സ്ത്രീ തന്നെ ശത്രുവാകുന്നതും ഉല്ലാസിനെ ദ്രോഹിക്കുന്നതുമാണ് കഥ.
എത്ര കള്ളം പറഞ്ഞാലും കാര്യം നടന്നാൽ മതി എന്ന രീതിയിൽ ഉള്ള ഒരു സ്ത്രീ കഥാപാത്രമായി (സാന്ദ്ര ) അതുല്യ മികച്ച അഭിനയം കാഴ്ച വച്ചിരിക്കുന്നു
അന്യഭാഷകളിൽ ഹിറ്റായ പാട്ടുകൾ ആണ് ഇതിൽ കൂടുതലായും പാടുന്നത്,
ജയിൽവാസത്തിനുശേഷം ഗായകനായി ഗാനമേള അവതരിപ്പിക്കുന്ന ശ്യാമപ്രസാദ് (സുരേഷ് കൃഷ്ണ) എന്ന കഥാപാത്രവും, ഈ ട്രൂപ്പിലെ ഡ്രമ്മർ ടിറ്റോ എന്ന കഥാപാത്രത്തെ മനോജ് കെ ജയനും മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. സിദ്ദിഖ് ഇതിൽ വക്കീൽ മനോജ് ആയി വേറിട്ട അഭിനയം കാഴ്ച വച്ചിരിക്കുന്നു.
സാന്ദ്രയെ കല്യാണം കഴിക്കാൻ തീരുമാനിച്ച പയ്യന്റെ റോൾ പ്രിൻസ്(ജോണി ആൻ്റണി) നന്നായി അവതരിപ്പിച്ചിരിക്കുന്നു.
മൂന്ന് സുപ്രധാന സ്ത്രീ കഥപാത്രങ്ങള്‍ ഉള്ള ചിത്രത്തില്‍ പ്രകടനത്തില്‍ അനസൂയ എന്ന വക്കീല്‍ കഥാപാത്രവും സാന്ദ്ര എന്ന കഥപാത്രവും ഭേദപ്പെട്ട് നിന്നു.
അടുത്ത സീനിൽ എന്ത് സംഭവിക്കും എന്ന രീതിയിൽ ഉള്ള കൗതുകം ജനിപ്പിക്കുന്ന എഡിറ്റിംഗ് ആണ് ഈ സിനിമയിൽ ഉള്ളത്. ഇത് സംവിധായകന്റെ ( രമേശ് പിഷാരടി) മികവും തെളിയിക്കുന്നതാണ്.
ദീപക് ദേവ് ഒരുക്കിയ ഗാനങ്ങളും ലിജോ പോളിന്റെ എഡിറ്റിംഗും കൂടി ഒത്തുചേർന്നതോടെ നല്ലൊരു ഗാനമേള കണ്ട അനുഭവം തന്നെയാണ്.
എടുത്തുപറയേണ്ടത് ഡയലോഗുകളും തമാശകളും ആണ് ഈ സിനിമയെ മുന്നോട്ട് നയിക്കുന്നത്. ഒരു കുടുംബത്തിന് നല്ലരീതിയിൽ ആസ്വദിക്കാൻ കഴിയുന്ന തികച്ചും ഒരു എന്റർടൈനർ ആണ് ഈ സിനിമ.
