ഗോവയിൽ നടക്കുന്ന ഇന്റർനാണൽ ഫിലിം ഫെസ്റ്റിവലിൽ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിൽ മമ്മൂട്ടി നായകനായ പേരൻപും പ്രദർശിപ്പിക്കുന്ന വാർത്ത കഴിഞ്ഞ ആഴ്ച്ച പുറത്തു വന്നിരുന്നു. പേരൻപിന്റെ പ്രദർശനം കാണാൻ ഗോവ ഫിലിം ഫെസ്റ്റിവലിൽ മമ്മൂട്ടിയും എത്തുന്നു എന്നതാണ് പുതിയ വിവരം. ശ്രദ്ധേയങ്ങളായ തമിഴ് സിനിമകൾ ഒരുക്കിയ റാം സംവിധാനം ചെയ്യുന്ന പേരൻപ് അച്ഛൻ-മകൾ ബന്ധത്തിന്റെ ഹൃദയ സ്പർശിയായ കഥ പറയുന്ന ഒന്നാണ്. ഷാങ്ഹായ്, റോട്ടർഡാം തുടങ്ങിയ ലോക പ്രശസ്തങ്ങളായ അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച പേരൻപിന് മികച്ച അഭിപ്രായം നേടാൻ സാധിച്ചിരുന്നു . അഞ്ജലി, സുരാജ് വെഞ്ഞാറന്മൂട്, സിദ്ദിഖ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം പകർന്നിരിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും സൂര്യ പ്രഥമൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ തേനപ്പനാണ് പേരൻപ് നിർമിച്ചിരിക്കുന്നത്.