മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ‘യാത്ര’ സിനിമയില്‍ രാജശേഖര റെഡ്ഡിയെ അവതരിപ്പിക്കുന്നത് മമ്മുട്ടിയാണ്.
ആന്ധ്രയെ ഉഴുതുമറിച്ച് വൈ.എസ്.ആര് നടത്തിയ യാത്രയെ അനുസ്മരിച്ചാണ് സിനിമക്ക് ‘യാത്ര’ എന്നു പേരിട്ടിരിക്കുന്നത്. ആന്ധ്രയിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായാണ് വൈ.എസ്.ആറിനെ വിലയിരുത്തപ്പെടുന്നത്.
വൈ.എസ്.ആര് ജീവിച്ചിരുന്നുവെങ്കില്‍ ആന്ധ്രയെ വിഭചിച്ച് തെലങ്കാന സംസ്ഥാനം ഉണ്ടാകില്ലന്ന് വരെ രാഷ്ട്രിയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വൈ.എസ്.ആറിനെ ഒരു നോക്ക് കാണാന്‍ ലക്ഷങ്ങള്‍ ആണ് ഗ്രാമങ്ങളില്‍ നിന്നും ഒഴുകി എത്തിയിരുന്നത്.
വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ മഹി വി രാഘവ് ആണ് സംവിധാനം ചെയ്യുന്നത്. 1999 മുതല്‍ 2004 കാലഘട്ടം വരെയുള്ള വൈ.എസ്.ആറിന്റെ ജീവത കഥയാണ് ‘യാത്ര’ പറയുന്നത്.
വൈ.എസ്.ആര് ആയി വെള്ളിത്തിരയിലെത്തുന്ന മമ്മുട്ടി 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്. ഭരണഘടനാ ശില്പി അംബ് ദേക്കറുടെ റോളില്‍ തകര്‍ത്തഭിനയിച്ച് ഇന്ത്യന്‍ സിനിമാ മേഖലയെ ഞെട്ടിച്ച മെഗാസ്റ്റാര്‍ വീണ്ടും ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയെ അവതരിപ്പിച്ച് ആന്ധ്ര രാഷ്ട്രീയത്തെ പിടിച്ചുലക്കുകയാണ്.
പൊതു തെരെഞ്ഞെടുപ്പിന് മുന്‍പ് സിനിമ റിലീസ് ചെയ്യുന്നതിനായി യുദ്ധകാല അടിസ്ഥാനത്തിലായിരിക്കും ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 18ന് ആരംഭിക്കും. ഈ മാസം 20ന് തന്നെ മമ്മൂട്ടി യാത്രയുടെ സെറ്റിൽ ജോയിൻ ചെയ്യും.
