അംബേദ്കറാകാനും പഴശിരാജയാകാനും ബഷീറാകാനും ചന്തുവാകാനും വൈ എസ് ആർ ആകാനും… അങ്ങിനെ ചരിത്രമാകട്ടെ, ബയോപിക് ആകട്ടെ, ഇതിഹാസമാകട്ടെ… സംവിധായകരുടെ ആദ്യ ചോയ്‌സ് ആയി മമ്മൂട്ടി മാറുന്നു…
അതേ… ചരിത്രം വഴിയൊരുക്കുന്നു, ഈ നായകനുവേണ്ടി… !
മലയാള സിനിമയിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്ര കഥാപാത്രങ്ങളായി വേഷമിടാൻ അഭിനയകികവു കൊണ്ടും ആകാരസൗഷ്‌ടവം കൊണ്ടും എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരേ ഒരു നടനാണ് മമ്മൂട്ടി. ബയോപിക് ആയാലും ചരിത്രവേഷങ്ങൾ ആയാലും സംവിധായകരുടെ തിരച്ചിൽ അവസാനിക്കുന്നത് നമ്മുടെ മമ്മൂട്ടിയിലാണ്.
വർഷങ്ങൾക്കുമുൻപ് ഇന്ത്യൻ ഭരണഘടനാശില്പി ഡോ അംബേദ്കറുടെ ജീവചരിത്രം സിനിമയാക്കാൻ അബ്ദേക്കറുടെ രൂപവും ഭാവവും അഭിനയമികവുമുള്ള ഒരു നടനെത്തേടി സംവിധായകൻ ജബ്ബാർ പട്ടേൽ ലോകം മുഴുവൻ അന്വേഷിച്ച കഥ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. .
“” മഹാനായ അംബേദ്കറുടെ ജീവിതം സിനിമയാക്കുവാൻ തീരുമാനിച്ചു അതിന്റെ അണിയറപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ അംബ്ദ്കറുടെ മുഖസാദൃശ്യമുള്ള ഒരാളെ കണ്ടെത്തുവാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഏകദേശം എഴുന്നൂറോളം നടന്മാരെ നിരീക്ഷിച്ചുവെങ്കിലും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. അംബേദ്കറുടെ മുഖ സാദൃശ്യവുമായി ഒത്തുവന്ന ചില നടന്മാരുടെ കഴിവിൽ ഞങ്ങൾക്ക് ആശങ്കയും തോന്നി. ഒരു ഫിലിം മാഗസിനിൽ കണ്ട മമ്മൂട്ടിയുടെ ചിത്രം ഗ്രാഫിക്സിന്റെ സഹായത്താൽ രൂപപരിണാമം വരുത്തിയപ്പോൾ വളരെ യോജിച്ചതായി തോന്നി.
ഡോ. ശ്യാംലാൽ, ഉണ്ണി നഹുലെ, മോഹനാഥൻ തുടങ്ങി ശക്തരായ നടന്മാരെ കണ്ടിട്ടുള്ള ഞാനാണ് മമ്മൂട്ടിയെ വച്ചു ചിത്രം പ്ലാൻ ചെയ്തത്. എന്നാൽ എന്നെ ശരിക്കും അതിശയിപ്പിച്ച പ്രകടനമാണ് മമ്മൂട്ടിയിൽ നിന്നും ഉണ്ടായത്. അംബേദ്കറെ അവതരിപ്പിക്കുവാൻ ലോകത്തിലുള്ള ഏറ്റവും ശക്തനായ നടൻ മമ്മൂട്ടിയാണെന്നു ആദ്യ ഷോട്ടിൽ തന്നെ എനിക്ക് ബോധ്യമായി.””
വാക്കിലും നോക്കിലും നടപ്പിലും എടുപ്പിലും അംബേദ്കറായി വിസ്മയിപ്പിച്ചു ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്‌കാരം മൂന്നാം തവണയും മമ്മൂട്ടിയെ തേടിയെത്തിയതെല്ലാം പിന്നീട് ചരിത്രം.
ചരിത്രപുരുഷനായ അംബേദ്കർ ആയാലും ഇതിഹാസ കഥാപാത്രമായ വടക്കൻ പാട്ടിലെ ചന്തുവായാലും ചരിത്രകഥാപാത്രങ്ങൾ മമ്മൂട്ടിയിൽ ചെന്ന് അവസാനിക്കുന്നത് യാദൃച്ഛികം മാത്രമല്ല.
ഒരു വടക്കൻ വീരഗാഥയിലെ ചന്തുവായി മമ്മൂട്ടി തന്റെ സിനിമയിൽ എത്തിയതിന്റെ രസകരമായ കഥ ഹരിഹരൻ പറയുന്നതിങ്ങനെ :
“”അഭ്യാസികളായ പുതുമുഖങ്ങളെ വച്ചു ചെയ്യാനായിരുന്നു ഞാനും എം ടിയും ആദ്യം പ്ലാൻ ചെയ്തത്. അതിനായി പലരെയും ഇന്റർവ്യൂ ചെയ്യുകയും ചിലരെയൊക്കെ തീരുമാനിക്കുകയും ചെയ്തിരുന്നു. പിന്നീട് തിരക്കഥ പൂർത്തിയാക്കി കഴിഞ്ഞപ്പോൾ എം ടി പറഞ്ഞു, “അത് അവൻ തന്നെ വേണം, ചന്തുവായിട്ട്. മമ്മൂട്ടി. അല്ലെങ്കിൽ ശരിയാകില്ല.”” വടക്കൻ പാട്ടുകഥകളിലൂടെ നാം അറിഞ്ഞ ചതിയൻ ചന്തുവിനെ എം ടി നല്ലവനാക്കിയപ്പോൾ ചന്തു ചതിയനായിരുന്നില്ല എന്ന് പ്രേക്ഷകർ വിശ്വസിച്ചത് ചന്തുവിനെ അവതരിപ്പിച്ച മമ്മൂട്ടിയുടെ അഭിനയ മികവുകൊണ്ടു കൂടിയായിരുന്നു.
വടക്കൻ വീരഗാഥ വന്നു ഇരുപത് വർഷങ്ങൾ കഴിഞ്ഞു പഴശിരാജയുടെ ജീവചരിത്രം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ ഹരിഹരനും എം ടിക്കും പഴശ്ശിരാജയായി മമ്മൂട്ടിക്കു പകരം മറ്റൊരു നടനെയും പരിഗണിക്കാൻ ഇല്ലായിരുന്നു. മമ്മൂട്ടിയെ മനസ്സിൽ കൊണ്ടുതന്നെയാണ് എം ടി തിരക്കഥ പൂർത്തിയാക്കിയതും. സൂര്യതേജസ്സോടും രാജകീയ പ്രൗഢിയോടും പഴശ്ശിരാജയായി സ്‌ക്രീനിൽ നിറഞ്ഞാടിയ മമ്മൂട്ടിയുടെ പ്രകടനം ഇന്ത്യൻ സിനിമയിലെ ക്ലാസിക് പ്രകടനങ്ങളിൽ മുന്നിൽ നിൽക്കുന്നു.
സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ആത്മകഥാംശമടങ്ങിയ മതിലുകൾ സിനിമയാക്കാൻ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തീരുമാനിച്ചപ്പോഴും മമ്മൂട്ടി തന്നെയായിരുന്നു അടൂരിന്റെ മനസ്സിലും. സ്‌ക്രീനിൽ തന്റെ വേഷമിട്ട മമ്മൂട്ടിയെ ബഷീർ അഭിന്ദിച്ചത്, “മമ്മൂട്ടിയേക്കാൾ സുന്ദരനായിരുന്നു ഞാൻ അന്ന് ” എന്നായിരുന്നു. ആ വാക്കുകളിൽ മമ്മൂട്ടിയുടെ അഭിനയമികവിനെക്കൂടി പ്രകീർത്തിക്കുന്നതിന്റെ സൂചനയായിരുന്നു.
അംബേദ്കറാകാൻ മമ്മൂട്ടിയെ തേടി ജബ്ബാർ പട്ടേൽ എത്തിയതുപോലെയാണ് വർഷങ്ങൾക്കിപ്പുറം തെലുങ്ക് ജനതയുടെ പ്രിയ നേതാവായിരുന്ന വൈ എസ് രാജശേഖരറെഡ്ഢിയുടെ ബയോപിക് സിനിമയ്ക്കായി (യാത്ര ) മഹി രാഘവ് ആന്ധ്രയിൽ നിന്നും മമ്മൂട്ടിയെ തേടി ഇങ്ങു കേരളത്തിലേക്ക് എത്തിയത്. വൈ എസ് ആർ ആയി പരകായപ്രവേശം നടത്തിയ മമ്മൂട്ടിയെ കണ്ടു തെലുങ്ക് ജനത ഇത് തങ്ങളുടെ പ്രിയ നേതാവിന്റെ പുനർ ജന്മമാണെന്ന് ആവേശത്തോടും അഭിമാനത്തോടും പറഞ്ഞു. ഒരു സംസ്ഥാനത്തിന്റെ തന്നെ വർത്തമാനകാല രാഷ്ട്രീയം രൂപപ്പെടുത്താനും അതുവഴി വൈ എസ് ആർ കോൺഗ്രസിന്റെ തിരിച്ചുവരവിനും വൈ എസ് ആറിന്റെ മകൻ ജഗൻ മോഹന് മുഖ്യമന്ത്രിപദം വരെ നേടിക്കൊടുക്കാൻ യാത്ര എന്ന ആ സിനിമയും അതിൽ വൈ എസ് ആറായി വേഷമിട്ട മമ്മൂട്ടിയും കാരണമായി എന്നത് രാഷ്ട്രീയ നിരീക്ഷകർ പോലും സാക്ഷ്യപ്പെടുത്തിയ ചരിത്ര യാഥർഥ്യമായി മാറി.
പഴശ്ശിരാജ കഴിഞ്ഞു പത്തു വർഷങ്ങൾ പൂർത്തിയാകുമ്പോഴാണ് മമ്മൂട്ടി വീണ്ടും മറ്റൊരു ചരിത്രനായകന്റെ പടച്ചട്ടയണിഞ്ഞു പ്രേക്ഷകർക്ക് മുന്പിലേക്കെത്തുന്നത്.
വള്ളൂവനാട്ടിലെ മാമാങ്ക മഹോത്സവങ്ങളിലെ ചാവേർ പോരാളികളുടെ ചരിത്രം പറയുന്ന ‘മാമാങ്ക’ത്തിൽ ചാവേർ പടത്തലവനായി മമ്മൂട്ടി എത്തുമ്പോഴും ചരിത്രം ആവർത്തിക്കുകയാണ്. എം പദ്മകുമാർ ഒരുക്കുന്ന മാമാങ്കം നവംബറിൽ തിയേറ്ററുകളിൽ എത്തും.
1921ലെ മലബാർ ലഹളയെ ആസ്പദമാക്കി ഐ വി ശശി അണിയിച്ചൊരുക്കിയ 1921 ൽ ചരിത്രത്തിൽ ഖാദറിനെ പ്രാധാന്യത്തോടെ അടയാളപ്പെടുത്തിയിട്ടില്ല എങ്കിലും ചിത്രത്തിലെ ഖാദർ എന്ന നായകന്റെ വേഷവും തേടിയെത്തിയത് മമ്മൂട്ടിയെ തന്നെ.
അണിയറയിൽ പല ചരിത്രകഥാപാത്രങ്ങളും മമ്മൂട്ടിയെ കാത്തിരിപ്പുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് കുഞ്ഞാലി മരക്കാരുടെ വേഷം. പറങ്കിപ്പടയോട് പൊരുതിയ സാമൂതിരിയുടെ പടത്തലവനായിരുന്ന ധീരയോദ്ധാവ് കുഞ്ഞാലി മരക്കാരുടെ വേഷം മറ്റാരു ചെയ്താലും മമ്മൂട്ടിയോളം ആ കഥാപാത്രത്തെ ശബ്ദം കൊണ്ടും രൂപം കൊണ്ടും ഭാവം കൊണ്ടും ഉജ്ജ്വലമാക്കാൻ പോന്ന നടൻ ഇന്ന് മലയാളത്തിൽ എന്നല്ല, ഇന്ത്യൻ സിനിമയിൽ തന്നെ ഇല്ലാ എന്ന് അല്പം വെല്ലുവിളിയോടെ തന്നെ പറയാൻ കഴിയും.