നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി.മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്ആര്‍. ഒരു ജനതയുടെ ദൈവം വീണ്ടും വെള്ളിത്തിരയിൽ പുനർജനിക്കുന്നത് കാണാൻ കാത്തിരിക്കുന്നവർക്കിടയിലേക്കാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുന്നത്.
2019 ഫെബ്രുവരി 8ന് ചിത്രം തിയേറ്ററുകളിലെത്തും. തെലുഗ്,തമിഴ്, മലയാളം എന്നിങ്ങനെ മൂന്ന് ഭാഷകളിൽ ആയാണ് ചിത്രം എത്തുന്നത്.മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് യാത്ര. 1992 ല്‍ കെ. വിശ്വനാഥന് സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.
വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന് സൂര്യന് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ്.