ഷാഫി-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ചിൽഡ്രൻസ് പാർക്ക്’ റിലീസിന് ഒരുങ്ങുമ്പോൾ തിരക്കഥാകൃത്ത് റാഫി മമ്മൂട്ടി ടൈംസിനോട്
? ഒരുപാട് നാളുകൾക്ക് ശേഷമാണ് ഷാഫി-റാഫി കൂട്ടുകെട്ടിൽ ഒരു സിനിമ വരുന്നത്. അതിനെ കുറിച്ച് ?
= മായാവി, ടൂ കൺട്രീസ് എന്നീ സിനിമകൾക്ക് ശേഷമാണ് ഞങ്ങൾ വീണ്ടും ഒരുമിക്കുന്ന സിനിമയാണ് ചിൽഡ്രൻസ് പാർക്ക്.പ്രേക്ഷകരെ രസിപ്പിക്കുക എന്നത് തന്നെയാണ് ഇത്തവണയും ലക്‌ഷ്യം
? ഈ സിനിമയെ സമീപിച്ചിരിക്കുന്നത് എങ്ങനെയാണ് ?
= ഇതിലെ കഥ കൈകാര്യം ചെയ്യുന്നത് സീരിയസുള്ള വിഷയമാണെങ്കിലും ഇതൊരു പക്കാ കോമഡി സിനിമയാണ്. അത്തരം സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്
? തിരക്കഥാകൃത്ത് എന്ന നിലക്ക് താങ്കൾക്ക് എന്താണ് പറയാനുള്ളത് ?
= ഞങ്ങളുടെ മുമ്പുള്ള സിനിമകളെ പോലെ ഇതും ഒരു കുടുംബ ചിത്രമാണ്. ഇതിൽ 50ൽ അധികം 15 വയസ്സിന് താഴെയുള്ള കുട്ടികൾ അഭിനയിച്ചിട്ടുണ്ട്. സാധാരണ നമ്മുടെ കുട്ടികൾ എങ്ങനെ വളരുന്നു എന്ന് നമ്മൾ നോക്കാറുണ്ട്. പക്ഷേ ആരുമില്ലാത്ത കുട്ടികളുടെ ഒരു അവസ്ഥ ഉണ്ടല്ലോ ,ആ ഒരു അവസ്ഥയിലേക്കുള്ള എത്തിനോട്ടമായിരിക്കും ഈ സിനിമ.
? സാമൂഹിക പ്രസക്തമായ ഒരു വിഷയം. അത് നിങ്ങളുടെ തന്നെ ശൈലിയിൽ ഒരു സിനിമ ചെയ്യുവാൻ ഉള്ള പ്രചോദനം
= സാധാരണ ഒരു സിനിമ ചെയ്യുന്നതിനേക്കാൾ ആത്മസംതൃപ്തി കിട്ടും അതിലൊരു സാമൂഹിക വിഷയം ചർച്ച ചെയ്യുന്നുണ്ടെങ്കിൽ. ഇതിൽ അത്തരമൊരു വിഷയം പറയുന്നുണ്ട്. എന്ന് കരുതി അതിലേക്കൊരു ഡാർക്ക് മുവീ തരത്തിലേക്ക് പോയിട്ടുമില്ല. ഒരു എന്റർടൈനർ കാറ്റഗറിയിൽ തന്നെയാണ് ഈ സിനിമയും ഉൾപ്പെടുന്നത്