മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ‘ഉണ്ട’യുടെ പിറവിയ്ക്കു പിന്നിൽ സാഹസികവും വെല്ലുവിളികളും നിറഞ്ഞ ഒരുപാട്
കഥകളുണ്ട്…ഛത്തീസ്ഗഡിലെ നക്സൽ മേഖലയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന കേരള പോലീസ് ടീമിന്റെ കഥ പറയുന്ന സിനിമയിൽ ഛത്തീസ്ഗഡിലെ രംഗങ്ങൾ ചിത്രീകരിക്കുക എന്നത് സാഹസികമായ ഒന്നായിരുന്നു. എന്നാൽ കിരേന്ദ്ര യാദവ് എന്ന ഛത്തീസ്ഗഡുകാരനെ കണ്ടുമുട്ടിയതാണ് തങ്ങളുടെ വഴികളിൽ ഒരു വഴിത്തിരിവായത് എന്ന് ഉണ്ടയുടെ തിരക്കഥാകൃത്ത് ഹർഷദ് തന്റെ ഫേസ് ബുക്ക് പേജിൽ കുറിക്കുന്നു.
ഹർഷാദിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം താഴെ :
റഹ്‌മാന്റെ കൂടെ നിൽക്കുന്നത് കിരേന്ദ്ര യാദവ് ( Khirendra Yadav )എന്ന ഛത്തിസ്ഗുകാരൻ. ഇദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ #ഉണ്ട എന്ന സിനിമ സാധ്യമാകാൻ ഞങ്ങൾ കുറേ കൂടി പണിപ്പെട്ടേനെ. 2016 ന്റെ മദ്ധ്യത്തിലാണ് ഒരു പത്രക്കട്ടിംഗും അതിന് പിന്നാലെ അലഞ്ഞ രണ്ട് വർഷത്തെ റിസർച്ചും കൊണ്ട് റഹ്മാൻ എന്നെ കാണുന്നത്. അവൻ ആദ്യമായി ചെയ്യാൻ വിചാരിച്ച ഈ സിനിമയെ കുറിച്ച് സംസാരിച്ചത്. പിന്നീട് 2016 നവംബറോടെ കഥ നടന്ന സ്ഥലം കാണാനും അറിയാനും ഞങ്ങൾ ബസ്തറിലേക്ക് പുറപ്പെട്ടു. ഇന്ത്യയുടെ റെസ്കോറിഡോർ എന്നറിയപ്പെടുന്ന, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന് പറയപ്പെടുന്ന ബസ്തറിലേക്ക് . മോഡിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് ശേഷമായിരുന്നു ആ യാത്ര .ആരെ കാണണം, ആരെ വിശ്വസിക്കണം, ആരെയൊക്കെ പേടിക്കണം എന്നൊന്നും അറിയാത്ത അനിശ്ചിതത്വത്തിന്റെ ഒരു യാത്ര. അന്ന് ഡൽഹിയിലുണ്ടായിരുന്ന ജേണലിസ്റ്റ് സുഹൃത്തുക്കളുടെ സഹായത്തോടെ ഒടുവിൽ ഞങ്ങൾ ഈ കിരേന്ദിലെത്തി. പിന്നീടങ്ങോട്ട് നക്സൽ എഫക്റ്റഡ് എരിയയും അല്ലാത്ത സ്ഥലങ്ങളും ഉന്നത ഉദ്യോഗസ്ഥരെയും അങ്ങനെ എല്ലാം സഹായവും ചെയ്തു തന്നത് ഈ കിരേന്ദ് യാദവ്. അങ്ങിനെയിരിക്കെ സ്ഥലവും സംഭവങ്ങളും അറിഞ്ഞ ശേഷം ഞങ്ങൾ ചോദിച്ചു:
ഇവിടെ സിനിമ ഷൂട്ട് ചെയ്യാനൊക്കെ പറ്റ്വോ കിരേന്ദ്? പ്രശ്നമാവുമോ?
ഹേയ് ! അതിനെന്താ? ഒരു ഹിന്ദി സിനിമ ഇപ്പോൾ ഷൂട്ട് കഴിഞ്ഞ് പോയതേ ഉള്ളൂ. ഞാനും അതിൽ അഭിനയിച്ചിട്ടുണ്ട്.
ആണോ? ഏതാ സിനിമ ..?
ന്യൂട്ടൻ ! ❤️
#വരുന്നുണ്ട
–Harshad