“ജനങ്ങളെ ഭരിക്കാനല്ല, ജനങ്ങൾക്കുവേണ്ടി ഭരിക്കാനാണ് ജനാധിപത്യ സർക്കാർ.. ” കടയ്ക്കൽ ചന്ദ്രൻ എന്ന ജനകീയ മുഖ്യമന്ത്രിയുടെ വരവറിയിച്ചു #വൺ ആദ്യ ടീസർ.
“ജനങ്ങളെ ഭരിക്കാനല്ല സർ, ഒരു ജനാധിപത്യ സർക്കാർ… ജനങ്ങൾക്കുവേണ്ടി ഭരിക്കാനാണ്.. ” കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രന്റെ ഈ ഒരു ഡയലോഗ് കൊണ്ടുതന്നെ #വൺ എന്ന സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ രൂപവും ഭാവവും എന്തെന്ന് വ്യക്തമാക്കുന്നതാണ്.
ആദർശധീരനും സത്യസന്ധനും സർവോപരി ജനകീയനുമായ ഒരു മുഖ്യമന്ത്രിയാണ് കടയ്ക്കൽ ചന്ദ്രൻ. അതുകൊണ്ടുതന്നെയാണ്, ജനങ്ങൾക്കുവേണ്ടിയുള്ളതാണ് ഒരു ജനാധിപത്യ സർക്കാർ എന്ന് അദ്ദേഹം വിശ്വസിക്കുന്നതും അതനുസരിച്ചു ഭരിക്കാൻ തയ്യാറാകുന്നതും. എന്നാൽ അധികാരത്തിന്റെയും അഴിമതിയുടെയും വിളനിലമായ സമകാലിക രാഷ്ട്രീയ ഭൂമികയിൽ സത്യസന്ധനായ ഒരു ഭരണാധികാരിയ്ക്ക് എത്രകണ്ട് തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനാകും എന്നത് ഇന്ന് വലിയൊരു ചോദ്യ ചിഹ്നം തന്നെയാണ്… എന്നാൽ ആ വലിയ ചോദ്യ ചിഹ്നത്തിനുള്ള ഉത്തരം ജനങ്ങളാണ് എന്നു കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നിടത്താണ് വൺ എന്ന സിനിമ ഒരു പുതിയ അനുഭവമായി മാറുന്നത്. പ്രേക്ഷകർക്ക് മാത്രമല്ല, രാഷ്ട്രീയക്കാർക്കും പൊതു സമൂഹത്തിനും ഒരു പുതിയ ഗുണപാഠം നൽകുന്ന ഒന്നായിരിക്കും ഈ പൊളിറ്റിക്കൽ ത്രില്ലർ സിനിമയുടെ പ്രമേയം.
മലയാള സിനിമയിൽ എഴുത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ചു ഒട്ടേറെ സൂപ്പർ ഹിറ്റ് സിനിമകൾക്ക് തൂലിക ചലിപ്പിച്ച ബോബി സഞ്ജയ് ടീം മമ്മൂട്ടി എന്ന മഹാനടനുവേണ്ടി ഒരുക്കുന്ന ആദ്യ ചിത്രമായ വൺ ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുമെന്ന കാര്യത്തിൽ സംശയമില്ല.
ചിറകൊടിഞ്ഞ കിനാവുകൾ എന്ന വ്യത്യസ്തമായ ചിത്രമൊരുക്കി സംവിധാനരംഗത്തു എന്തിയ സന്തോഷ് വിശ്വനാഥൻ എന്ന കഴിവുള്ള ചെറുപ്പക്കാരന്റെ വർഷങ്ങളായുള്ള അധ്വാനത്തിന്റെ പ്രതിഫലനം കൂടിയാകും ഈ സിനിമ.
കഴിഞ്ഞ വർഷം യാത്ര എന്ന തെലുങ്ക് സിനിമയിൽ വൈ എസ് ആർ എന്ന മുഖ്യമന്ത്രിയായി വേഷമിട്ടു തെലുങ്ക് ജനതയെ വിസ്മയിപ്പിച്ച മമ്മൂട്ടി ഈ വർഷം കേരള മുഖ്യമന്ത്രിയായി വെള്ളിത്തിരയിൽ എത്തുകയാണ് എന്ന പ്രത്യേകതയും ഉണ്ട്. തെലുങ്കിലേത് ഒരു ബിയോപിക് ആയിരുന്നു എങ്കിൽ ഒരു മുഖ്യന്ത്രി എങ്ങിനെ ആകണം എന്ന് ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കും കാണിച്ചു കൊടുക്കുന്നതാണ് മലയാളത്തിലെ മുഖ്യമന്ത്രി.
സംയുക്ത മേനോനും ഗായത്രി അരുണുമാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. നടി അഹാന കൃഷ്ണയുടെ സഹോദരി ഇഷാനി കൃഷ്ണയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ജോജു ജോര്‍ജ്,സംവിധായകന് രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ബാലചന്ദ്ര മേനോന്,ശങ്കര്‍ രാമകൃഷ്ണന്, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്, മേഘനാഥന്, സുദേവ് നായര്‍, മുകുന്ദന്, സുധീര്‍ കരമന, ബാലാജി,ജയന് ചേര്‍ത്തല, രശ്മി ബോബന്, വി. കെ. ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.
ഇച്ചയീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ നിർമ്മിക്കുന്ന വൺ വിഷു വെക്കേഷൻ ചിത്രമായി ഏപ്രിൽ മൂന്നിന് തിയേറ്ററുകളിൽ എത്തും.
ബാദുഷയാണ് പ്രൊഡക്ഷൻ കൺട്രോളർ.
