ഒരു മുഖ്യമന്ത്രി എങ്ങിനെ ആകണം എന്നതാണ് ബോബി സഞ്ജയുടെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയുന്ന വൺ എന്ന ചിത്രം പറയുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന ഈ സിനിമയെ വിശേഷിപ്പിക്കാമെങ്കിലും ആദർശ ധീരനായ ഒരു മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജീവിതത്തോടൊപ്പം കുടുംബ ജീവിതവും അനാവരണം ചെയ്യുന്ന ഈ സിനിമ അതുകൊണ്ടുതന്നെ ഒരു പൊളിറ്റിക്കൽ ഫാമിലി ത്രില്ലർ ഗണത്തിൽ പെടുത്താം.
നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച സഹോദരങ്ങളായ ഇരട്ട തിരക്കഥാകൃത്തുക്കളാണ് ബോബിയും സഞ്ജയും. ഇരുവരും ചേർന്ന് ഒരുക്കിയ തിരക്കഥകളെല്ലാം മലയാളത്തിൽ ഹിറ്റുകളായി മാറി. ഏറ്റവും ഒടുവിൽ ഇരുവരും തിരക്കഥ എഴുതി സൂപ്പർ ഹിറ്റായ സിനിമയാണ് ഉയരെ. പാർവതി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഈ നായികാ പ്രാധാന്യമുള്ള ചിത്രത്തിന്റെ കരുത്ത് പാർവതിയുടെ അഭിനയത്തിനൊപ്പം ബോബി സഞ്ജയുടെ തിരക്കഥ കൂടിയായിരുന്നു.
ഇതുവരെ എഴുതിയ എല്ലാ ചിത്രങ്ങളും ഹിറ്റുകളാക്കിയ ബോബി സഞ്ജയ് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വൺ. ഇരുവരുടെയും ഏറെ നാളായുള്ള ആഗ്രഹമായിരുന്നു ഒരു മമ്മൂട്ടി ചിത്രം. ആ ആഗ്രഹം സഫലമാവുക കൂടിയാണ് വൺ എന്ന ഈ ചിത്രത്തിലൂടെ.
ചിറകൊടിഞ്ഞ കിനാവുകൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രതീക്ഷയുണർത്തുന്ന സംവിധായകൻ ആണെന്ന് തെളിയിച്ച യുവസംവിധായകനാണ് സന്തോഷ് വിശ്വനാഥ്. സന്തോഷിനു മമ്മൂട്ടിയുമായി നേരത്തെ ചെറിയൊരു കണക്ഷനുണ്ട് . മമ്മൂട്ടി നായകനാകാനായ അഴകിയ രാവണൻ എന്ന ചിത്രത്തിൽ കഥാകൃത്തായ ശ്രീനിവാസൻ പറയുന്ന ചിറകൊടിഞ്ഞ കിനാവുകൾ എന്ന ഒരു സിനിമാക്കഥയുടെ പുതുമയാർന്ന ചലച്ചിത്രാവിഷ്ക്കാരമായിരുന്നു സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രം.
മമ്മൂട്ടിക്കൊപ്പം തിരക്കഥാകൃത് മുരളീഗോപി വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രതിന്റെ മറ്റൊരു പ്രത്യേകത. ജോണി ആന്റണി സംവിധാനം ചെയ്ത താപ്പാനയിൽ വില്ലനായി മുരളി ഗോപി അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയോടൊപ്പം വീണ്ടും എത്തുകയാണ് മുരളീ ഗോപി.
ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നദി അഹാന കൃഷ്ണയുടെ സഹോദരി ഇഷാനി കൃഷ്ണകുമാർ ഈ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു. ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിൽ നായകനായി കൈയടി നേടിയ ജോജു ജോർജ്ജ് രാജാധിരാജയ്ക്കു ശേഷം മമ്മൂട്ടിയോടൊപ്പം വീണ്ടും അഭിനയിക്കുന്ന ചിത്രം കൂടിയാണ് വൺ.
ഗാനഗന്ധർവന്റെ വിജയത്തിന് ശേഷം ഇച്ചയീസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന വൺ എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങ ളി ലാണ് പ്രധാന ലൊക്കേഷൻ. 2020 മാർച്ച് അവസാനം ചിത്രം തിയേറ്ററുകളിൽ എത്തും.
