Connect with us

Hi, what are you looking for?

Latest News

ജിക്സണും നിക്സണും എഞ്ചിനിയർമാരായി ; നന്ദി പറയുന്നത് മമ്മൂക്കയോട്.

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതികളിലൂടെ  ജീവിതത്തിലേക്ക് തിരിച്ചെത്തി എൻജിനീയർമാരായി  മാറിയ രണ്ടു സഹോദരങ്ങളുടെ ജീവിതകഥ   പങ്കുവയ്ക്കുകയാണ്,  മമ്മൂട്ടിയുടെ പി ആർ ഒ റോബർട്ട്‌ കുര്യാക്കോസ്.  റോബെർട്ടിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്നും. 

ജിക്സണും നിക്സണും എൻജിനീയർമാരായി, ബയോ മെഡിക്കൽ എൻജിനീയർമാർ.സ്വന്തം സഹോദരങ്ങൾക്ക് ലഭിച്ച വിജയം പോലെ എന്നെയും ഒരുപാട് സന്തോഷിപ്പിക്കുന്നതാണ് ഈ ഇരട്ടകളുടെ വിജയം. മമ്മൂക്കയെ അന്വേഷിച്ചുള്ള ഇവരുടെ യാത്രയിൽ ഒരു നിമിത്തമായാണ് ഞാനും ഉൾപ്പെടുന്നത്. ഏതാണ്ട് 12 വർഷം മുൻപ് എനിക്ക് ഒരു ഫോൺ വന്നു. ബസ്സിന്റെ ഇരമ്പലും വിളിക്കുന്ന ആളുടെ വിതുമ്പലും കാരണം എനിക്ക് അപ്പോൾ കാര്യങ്ങൾ വ്യക്തമായില്ല.കോൾ കട്ട് ആയികൊണ്ടേ ഇരുന്നു. പക്ഷേ അയാൾ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടേ ഇരുന്നു. മമ്മുക്കയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടു വിളിക്കുന്ന ആയിരക്കണക്കിന് കോളുകൾ ഞാൻ അറ്റൻഡ് ചെയ്തിട്ടുണ്ടങ്കിലും ഇതു അത്തരം ഒന്നല്ലന്ന് മനസ്സിലായി. ഞാൻ അങ്ങോട്ട്‌ വിളിച്ചോളാം എന്ന ഉറപ്പിൽ പിന്നെ കുറെ നേരം അയാൾ വിളിച്ചില്ല. ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ അദ്ദേഹത്തെ തിരിച്ചു വിളിക്കുമ്പോളും അയാൾ വിതുമ്പുകആയിരുന്നു. എങ്കിലും അദ്ദേഹം കാര്യം പറഞ്ഞു. പേര് ജോൺസൻ. കോതമംഗലം സ്വദേശി. കൂലി പണി എടുത്താണ് ജീവിതം. രണ്ടു ഇരട്ട കുട്ടികൾ ആണുള്ളത്. വിട്ടുമാറാത്ത ചില അസുഖങ്ങളെ തുടർന്നുള്ള പരിശോധനയിൽ രണ്ടു മക്കൾക്കും ഹൃദയത്തിൽ വലിയ സുഷിരം ഉൾപ്പെടെ ചില വലിയ വെല്ലുവിളികൾ നേരിടുന്നു. ശ്രീചിത്തിരയിൽ അസുഖം സ്ഥിരീകരിച്ചു മടങ്ങുന്ന വഴി ആണ്. രണ്ടു പേർക്കും കൂടി ലക്ഷങ്ങൾ വേണം. ഈ സാഹചര്യത്തിൽ ആ തുക സ്വപ്നം കാണാൻ പോലും ആകുന്നില്ല. കണ്ണിൽ ഇരുട്ട് കയറി, നിസ്സഹായനായി ഇരുന്നു ദൈവത്തെ വിളിക്കാനെ സാധിക്കുന്നുള്ളൂ. ബസിൽ അടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരൻ ജോൺസനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കാര്യം മനസ്സിലാക്കിയ അയാൾ പറഞ്ഞു എന്റെ മകൻ ഒരു മമ്മൂട്ടി ഫാൻസ്‌ കാരൻ ആണ്. അവരുടെ മമ്മൂട്ടി ആളുകളെ സഹായിക്കാൻ മടി കാണിക്കാത്ത ആളാണ്. ഞാൻ ചോദിക്കട്ടെ വല്ല വഴിയും ഉണ്ടോ എന്ന്.. അയാൾ മകനെ വിളിച്ചു, മകൻ കൊടുത്തത് എന്റെ നമ്പറും.

കാര്യ ഗൗരവം മനസ്സിലാക്കിയ ഞാനും നിസ്സഹായൻ ആയിരുന്നു, കാരണം ഇതിനു പറ്റിയ പദ്ധതികൾ ഒന്നും കയ്യിൽ ഇല്ല. എങ്കിലും ഞാൻ ഇക്കാര്യം മമ്മൂക്കയുടെ മാനേജർ ജോർജ് ചേട്ടനുമായി ഇക്കാര്യം സംസാരിച്ചു. മമ്മൂക്കയുമായി സംസാരിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വച്ച് പത്തു മിനിറ്റ് കഴിഞ്ഞതേ ഉള്ളു, മമ്മൂക്ക തന്നെ തിരിച്ചു വിളിച്ചു. കാര്യങ്ങൾ ഒന്ന് കൂടി അന്വേഷിച്ചു, എന്നിട്ട് പറഞ്ഞു ” തന്നെ വിളിക്കും മുൻപ് ഞാൻ ഫൈസലിനെ വിളിച്ചിരുന്നു.. നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിന്റെ എംഡി യാണ് ഫൈസൽ. അവിടെ വലിയ ഹൃദ്രോഗ ചികിത്സ വിഭാഗം തുടങ്ങിയിട്ടുണ്ട്. മുതിർന്ന ആളുകളെ ചികിൽസിക്കാൻ ഉള്ള സൗകര്യം ആണുള്ളത്, എങ്കിലും  ഈ കുട്ടികളിൽ അടിയന്തിരചികിത്സ ആവശ്യം ഉള്ള ആളുടെ ശസ്ത്രക്രിയയും മറ്റു ചികിത്സകൾക്കും ഉള്ള ഏർപ്പാട് ഞാൻ ചെയ്തിട്ടുണ്ട്. താൻ അത് കോർഡിനേറ് ചെയ്തോളു !! ദൈവത്തിന്റെ അത്ഭുതകരമായ ഒരു ഇടപെടൽ ആയിരുന്നു അത്. മമ്മൂക്കയും നിംസ് ഹോസ്പിറ്റലും ചേർന്നുള്ള ഹാർട്ട്‌ ടു ഹാർട്ട്‌ എന്ന ഒരു പദ്ധതി തന്നെ ഇതോടെ ആരംഭിക്കുകയായിരുന്നു. ഇന്ന് മുന്നൂറിനടുത്ത് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ അതിനെ തുടർന്ന് അവിടെ നടന്നു, നിക്‌സൺ ജീവിതത്തിലേക്ക് മടങ്ങി വന്നു.


ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞു, ജോൺസൻ വീണ്ടും വിളിച്ചു. “ഇരട്ടകളിൽ രണ്ടാമന്റെയും സ്ഥിതി മോശം ആകുന്നു. ഇനി വൈകി കൂടെന്നു ഡോക്ടർമാർ പറയുന്നു. മമ്മൂട്ടി സാറിനെ അറിയിക്കാമോ? “.
മമ്മൂക്കക്ക്‌ അപ്പോഴേക്കും കൃത്യമായ ഒരു പദ്ധതി മനസ്സിൽ ഉണ്ടായിരുന്നു. കുട്ടികളിൽ വർധിച്ചുവരുന്ന ഹൃദ്രോഗഅവസ്ഥക്ക്‌ തന്നാലാവും വഴി എന്തെങ്കിലും ചെയ്യണം എന്ന് അദ്ദേഹവും തീരുമാനം എടുത്തിരുന്നു. നിരാലംബരായ കുടുംബങ്ങളിലെ കുട്ടികളിൽ ആണ് ഈ അവസ്ഥ കണ്ടു വരുന്നത് എന്നത് തന്നെ ആയിരുന്നു കാരണം. അതിനായി അദ്ദേഹം സമാന മനസ്കരുമായി ചേർന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന് ഇതോടെ രൂപം കൊടുക്കുകയായിരുന്നു. ഇന്ന് നമ്മൾ കാണുന്ന ഈ ബൃഹത് സംരഭത്തിന്റ ആദ്യ ഗുണഭോക്താവായി ഇരട്ടകളിൽ ഈ രണ്ടാമനെ മമ്മൂക്ക നിശ്ചയിച്ചു.. അവനും ജീവിതത്തിൽ മടങ്ങി എത്തി.

വർഷങ്ങൾ കഴിഞ്ഞു, രണ്ടു പേരും പഠിച്ചു, ബഹു മിടുക്കരായി.. എൻജിനീയർ മാരായി. ഇതിൽ പരം സന്തോഷം എന്ത് വേണം?? അന്ന് കുട്ടികൾക്കായി മമ്മൂക്ക ഈ പദ്ധതി ആരംഭിക്കുമ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങുകയാണ്.. നമ്മുടെ ഇന്നത്തെ കുട്ടികൾ നാളത്തെ രാജ്യത്തിന്റെ നട്ടെല്ല് ആണ്. കതിരിൽ വളം വച്ചിട്ട് കാര്യം ഇല്ല.വിത്ത് മുളക്കുമ്പോളും വളരുമ്പോളും ആണ് വളം ചെയ്യേണ്ടത്. അതുപോലെ തന്നെ ചെയ്തു. ജാക്സണും നിക്സണും പോലെ നൂറു കണക്കിന് യുവാക്കളും യുവതികളും മലയാളത്തിന്റെ ആ “അഹങ്കാരി” തെളിച്ച വഴിയിലൂടെ ജീവിതത്തിൽ ഇപ്പോൾ എത്തിയിട്ടുണ്ടാവും, അല്ലേ??
ഇപ്പോൾ ജാക്സണും നിക്സണും വലിയ ഒരാഗ്രഹം ബാക്കി നിൽക്കുവാണ്. തങ്ങളുടെ ഈ സെർട്ടിഫിക്കറ്റുകൾ മമ്മൂക്കയെ ഒന്ന് കാണിക്കണം, ജോലിയിൽ കയറും മുൻപ് ഒരിക്കൽ കൂടി ആ മഹാ മനുഷ്യന്റെ അനുഗ്രഹം വാങ്ങണം !!

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles