‘പേരന്പ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആദ്യ ട്രാൻസ്ജെന്റ നായികയായ അഞ്ജലി അമീറിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
പേരന്പ് എന്ന ചിത്രത്തിന് ശേഷമാണ് ഒരു ട്രാൻസ് വുമൺ എന്ന നിലയിൽ തന്റെ സ്വന്തം ഐഡന്റിറ്റിയിൽ ആളുകൾ തന്നെ മനസ്സിലാക്കാനും അംഗീകരിക്കാനും തിടങ്ങിയതെന്ന് അഞ്ജലി അമീർ. ഈ ജീവിതത്തിൽ ആരോടെങ്കിലും കടപ്പാടുണ്ടെങ്കിൽ അത് മമ്മുക്കയോട് മാത്രമാണെന്നും അഞ്ജലി പറയുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ മമ്മൂട്ടി ടൈംസ് നോട് മനസ്സ് തുറനന്നു ‘പേരന്പ്’ നായിക അഞ്ജലി അമീർ.
മമ്മൂട്ടി ടൈംസ് പ്രതിനിധി പ്രവീൺ, അഞ്ജലി അമീറുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ :
? ‘പേരൻപ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ധാരാളം പ്രശംസ നേടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് അന്താരാഷ്ട്ര വനിതാ ദിനത്തെ മുൻനിർത്തി എന്താണ് പറയുവാനുള്ളത്.
വ്യക്തിപരമായി പറയുകയാണെങ്കിൽ എനിക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങളാണ് കടന്ന് പോകുന്നത്. എന്തുകൊണ്ടെന്നാൽ പേരൻപ് എന്ന ചിത്രത്തിന് ശേഷമാണ് ഒരു ട്രാൻസ് വുമൺ എന്ന നിലയിൽ എന്റെ സ്വന്തം ഐഡന്റിറ്റിയിൽ ആളുകൾ എന്നെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും തുടങ്ങിയത്. അത് കൊണ്ട് തന്നെ ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാട് അഭിമാനം ഉണ്ട്, ഞാൻ സ്ത്രീ ആയതിന് ശേഷമുള്ള എന്റെ ആറാമത്തെ വനിതാ ദിനം കൂടിയാണ് ഇത്.
? ഈ ഒരു വർഷം ഒരുപാട് സ്പെഷ്യലാണ് അഞ്ജലിയ്ക്ക്, ഈ അവസരത്തിൽ ആരോടൊക്കെയാണ് കടപ്പെട്ടിരിക്കുന്നത്.
ആരോടൊക്കെയെന്ന് പറയാനില്ല, അത് മമ്മൂക്കയോട് മാത്രമാണ്. പേരന്പിന്റെ സംവിധായകൻ റാം സർ, കൂടാതെ യൂണിറ്റിലെ മുഴുവൻ വ്യക്തികളെയും ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. ഒരുപാട് നന്ദി.
? പേരൻപ് റിലീസിന് ശേഷം ധാരാളം പ്രേക്ഷക പ്രശംസകൾ അഞ്‌ജലി നേടുകയുണ്ടായി, എന്തായിരുന്നു അനുഭവം.
ഈ ചിത്രം കണ്ടതിന് ശേഷം ഇൻഡസ്ട്രയിലെ ഒരുപാട് സംവിധായകരും ആർട്ടിസ്റ്റുകളും എന്നെ ഫോണിൽ ബന്ധപ്പെട്ട് ഒരുപാട് പ്രോത്സാഹനം നൽകുകയുണ്ടായി. എന്റെ ഉള്ളിലെ അഭിനേത്രിയെ പ്രേക്ഷകർ സ്വീകരിയ്ക്കുവാൻ തുടങ്ങിയത് എന്നെ സംബംന്ധിച്ചു നല്ല അനുഭവമായിരുന്നു. കൂടാതെ ചില പുതിയ പ്രൊജെക്ടുകളിലേയ്ക്ക് ക്ഷണവും ലഭിച്ചു. അതുകൊണ്ട് തന്നെ ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു.
? ഈ വനിതാ ദിനത്തിൽ നമ്മുടെ സമൂഹത്തിലെ സ്ത്രീകളെ, അവരുടെ അവകാശങ്ങളെ അഞ്ജലി എങ്ങനെ നോക്കിക്കാണുന്നു.
സ്‌ത്രീകളെന്നാൽ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരാണ് എന്ന് പൊതുവെ ഒരു ധാരണ നിലവിലുണ്ട്. പക്ഷെ ആ ധാരണ മാറ്റിയെടുക്കാൻ നമ്മൾ ആരുടെയും ആശ്രയത്തിൽ മാത്രം ഒതുങ്ങി പോകാതിരിയ്ക്കുക. അതിന്റെ ഫലമായി നമുക്ക് ഒരു പോസിറ്റീവ് എനർജിയും ധൈര്യവും ലഭിക്കും. എന്റെ അനുഭവം അങ്ങനെയാണ്. മറ്റുള്ളവർ നമുക്ക് വേണ്ടി ജീവിക്കുമ്പോൾ നമ്മുടെ മനസ്സ് അവരുമായി അലിഞ്ഞുപോകും. അങ്ങനെ വരുമ്പോൾ നമ്മുടെ ജീവിത വിജയത്തിലേക്കുള്ള തുറന്ന വാതിലുകൾ നമ്മൾ കാണാതെ പോകും.
? സ്ത്രീ പുരുഷ സമത്വം എന്നത് കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്, എന്തൊക്കെയാണ് ഇന്നത്തെ സമൂഹത്തിലെ സ്ത്രീകൾ നേരിടുന്ന മൂന്ന് പ്രധാന പ്രശ്നങ്ങൾ.
അങ്ങനെ ചോദിച്ചാൽ ഒരുപാട് കാര്യങ്ങൾ പറയേണ്ടതായുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ സ്ത്രീ പുരുഷ സമത്വത്തേക്കാളും മുൻഗണന നൽകേണ്ടത് സ്ത്രീ സ്വാതന്ത്ര്യത്തിനും, സമൂഹത്തിൽ സ്ത്രീകൾക്ക് ലഭിക്കേണ്ട അംഗീകാരത്തിനുമാണ്. ഇവയ്ക്ക് ശേഷം മാത്രമേ മറ്റു കാര്യങ്ങൾ വരികയുള്ളൂ.