ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലറായി ഒരുക്കുന്ന ചിത്രം ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും.
ആറു വർഷത്തെ ഇടവേളയ്ക്കുശേഷം ജോയ് മാത്യു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ കരിസ്മാറ്റിക് യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകനാകുന്നു.
നിരൂപക പ്രശംസയും ബോക്സോഫീസ് വിജയവും ഒരുപോലെ നേടിയ ഷട്ടർ എന്ന ചിത്രം ഒരുക്കിയ ജോയ് മാത്യു പിന്നീട് അഭിനയത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു. വില്ലനായും സ്വഭാവനടനായും തിളങ്ങിയ ജോയ് മാത്യു പോയ വർഷം മമ്മൂട്ടി നായകനായ അങ്കിൾ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരുന്നു. നവാഗതനായ ഗിരീഷ് സംവിധാനം ചെയ്ത അങ്കിൾ ശ്രദ്ധേയമാവുകയും സാമ്പത്തിക വിജയം നേടുകയും ചെയ്തു.
ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലറാണ് പുതിയ ചിത്രത്തിലൂടെ ജോയ് മാത്യു അവതരിപ്പിക്കുന്നത്. ദുൽഖറിനെ സംബന്ധിച്ച് പുതുമയുള്ള ഒരു കഥാപാത്രമാകും ചിത്രത്തിലേത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങൾ കോർത്തിണക്കിയുള്ള ഒരു ക്രൈം ത്രില്ലറാകും ചിത്രമെന്ന് ജോയ് മാത്യു പറയുന്നു.
ജോയ് മാത്യുവിന്റെ പ്രൊഡക്ഷൻ കമ്പനിയായ അബ്‌റാ ഫിലിംസും ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയായ വെ ഫോറർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും.