റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഏഷ്യൻ ഒാസ്കറായ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലും മികച്ച അഭിപ്രായം നേടിയ മമ്മൂട്ടിയുടെ പേരൻപ് ആദ്യമായി ഇന്ത്യയിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. നവംബർ 20 മുതൽ 28 വരെ നടക്കുന്ന ഗോവൻ ചലച്ചിത്ര മേളയിൽ 25ാം തീയതി പേരൻപ് പ്രദർശിപ്പിക്കും.
മേളയുടെ രണ്ടാം പകുതിയിലാണ് ‘പേരന്പ്’ പ്രദര്‍ശിപ്പിക്കുന്നത്. നവംബര്‍ 25, ഞായറാഴ്ച രാത്രി 8.30 മണിയ്ക്ക്, പനാജിയിലെ ക്യാമ്പാലിലുള്ള ഐനോക്സ് 2 തിയേറ്ററിലാണ് ‘പേരന്‍പി’ന്റെ പ്രദര്‍ശനം.
റാം സംവിധാനം ചെയ്ത പേരൻപ് പി.എൽ തേനപ്പനാണ് നിർമിച്ചിരിക്കുന്നത്. അഞ്ജലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തങ്കമീൻകൾ എന്ന റാം ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സാധന സർഗം, ട്രാൻസ്ജെൻഡറായ അഞ്ജലി അമീർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.തേനി ഇൗഷ്വർ ഛായാഗ്രഹണം നിർവഹിക്കുന്നു. യുവാൻ ശങ്കർരാജയാണ് സംഗീതം.
ഇത്തവണ ഇന്ത്യന്‍ പനോരമയിലേക്ക് ആറ് മലയാളം ഫീച്ചര്‍ ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഷാജി എന്‍ കരുണിന്റെ ‘ഓളി’നു പുറമേ റഹീം ഖാദറിന്റെ ‘മക്കന’, എബ്രിഡ് ഷൈനിന്റെ ‘പൂമരം’, സക്കരിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’, ജയരാജിന്റെ ‘ഭയാനകം’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഈ മ യൗ’ എന്നീ ചിത്രങ്ങളും ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫ്’ മാത്രമായിരുന്നു മലയാളത്തില്‍ നിന്നും ഫീച്ചര്‍ സിനിമാ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം. അവിടെയാണ് ഇത്തവണ ആറു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ 26 ഫീച്ചര്‍ ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഉള്ളത്. ഇതില്‍ നാലു മുഖ്യധാരാ ചിത്രങ്ങളുമുണ്ട്. ‘മഹാനടി’, ‘ടൈഗര്‍ സിന്ദാ ഹേ’, ‘പത്മാവത്’, ‘റാസി’ എന്നിവയാണ് മുഖ്യധാരാ ചിത്രങ്ങള്‍
