Connect with us

Hi, what are you looking for?

Latest News

ഞാൻ മനസ്സിൽ കണ്ട ഹരിയേട്ടനെക്കാൾ എത്രയോ മുകളിലാണ് മമ്മൂക്ക

                          ഈ വർഷം മലയാള സിനിമയ്ക്ക് മമ്മൂട്ടി സമ്മാനിക്കുന്ന അഞ്ചാമത്തെ പുതുമുഖ സംവിധായകനാണ്‌ സേതു. ശ്യാംദത്ത് (സ്ട്രീറ്റ് ലൈറ്റ്), ശരത് സന്ദിത് (പരോൾ), ഗിരീഷ് ദാമോദർ (അങ്കിൾ), ഷാജി പാടൂർ (അബ്രാമിന്റെ സന്തതികൾ) എന്നിവർക്കു ശേഷം വീണ്ടുമൊരു നവാഗതനുമായി മെഗാസ്റ്റാർ എത്തുകയാണ്‌.
പത്തുവർഷക്കാലം തിരക്കഥാരംഗത്ത് സജീവസാന്നിധ്യമായ സേതു ആദ്യമായി സംവിധായകന്റെ മേലങ്കിയണിയുന്ന ‘ഒരു കുട്ടനാടൻ ബ്ളോഗ്’ ഈ ഓണക്കാലത്ത് തിയേറ്ററുകളിൽ എത്തുകയാണ്‌. തിയേറ്ററുകളെ ഇളക്കിമറിച്ച് ഈ വർഷത്തെ ഏറ്റവും വലിയ വിജയമായിമാറിയ ‘അബ്രഹാമിന്റെ സന്തതികൾ’ക്കു ശേഷമെത്തുന്ന മമ്മൂട്ടി ചിത്രം എന്ന നിലയ്ക്കു തന്നെ സിനിമാലോകവും ആരാധകരും ഏറെ പ്രതീക്ഷയോടെയാണ്‌ കാത്തിരിക്കുന്നത്.
                    കുട്ടനാടൻ ബ്ലോഗ് സെപ്തംബർ 14 ന് റിലീസിനൊരുങ്ങുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളുമായി സേതു മനസ്സു തുറക്കുന്നു.അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
    • ഒരു കുട്ടനാടൻ ബ്ളോഗി’ന്റെ പിറവി
ചോക്ലേറ്റ് എന്ന ആദ്യ സിനിമയ്ക്ക് തിരക്കഥയെഴുതി (സച്ചി-സേതു ടീം) സിനിമാരംഗത്തേക്ക് കടന്നുവന്ന് പത്തുവർഷക്കാലം ഈ രംഗത്ത് സജീവമായി ഉണ്ടെങ്കിലും എനിക്ക് സംവിധാനം ചെയ്യാനുള്ള ഒരു കഥ ഇപ്പോഴാണ്‌ കിട്ടിയത് എന്നു പറയാം. ഞാനിത് മമ്മൂക്കയോട് സൂചിപ്പിച്ചു. ഒറ്റവരിയിൽ ഒന്ന് പറയാമോ എന്ന് മമ്മൂക്ക് ചോദിച്ചു. ഇതിന്റെ ഒരു തോട്ട് പറഞ്ഞപ്പോൾ തന്നെ “നമുക്കിത് ചെയ്യാം” എന്ന് മമ്മൂക്ക പറഞ്ഞു. എന്നാൽ എന്നു ചെയ്യാൻ പറ്റും എന്ന് എനിക്കിപ്പോൾ പറയാൻ കഴിയില്ലെന്നും മമ്മൂക്ക കൂട്ടിച്ചേർത്തു.
മമ്മുക്ക ഈ സിനിമ ചെയ്യുമെങ്കിൽ എനിക്കിത് സംവിധാനം ചെയ്യണം എന്നു പറഞ്ഞു. മമ്മൂക്ക അതിനും സമ്മതം മൂളി. അങ്ങിനെയാണ്‌ ഈ സിനിമയുടെ പിറവി. ഇതറിഞ്ഞ ശാന്ത ചേച്ചി  ഈ സിനിമ നിർമ്മിക്കാം എന്നു പറഞ്ഞു.
പത്തുവർഷങ്ങൾക്കു മുൻപ് അവരാണ്‌ ചോക്ലേറ്റ് എന്ന ഞങ്ങളുടെ ആദ്യ സിനിമ നിർമ്മിച്ചതും. അത് വലിയൊരു നിയോഗവും ഭാഗ്യവുമൊക്കയായി ഞാൻ കാണുന്നു.
  • പ്രേക്ഷകരുടെ പ്രതീക്ഷകൾ?
അബ്രഹാം ഒരു ബ്ളോക്ക് ബസ്റ്റർ ആയിരുന്നു. തീർച്ചയായും അതുകഴിഞ്ഞു വരുന്ന മമ്മൂട്ടി ചിത്രം എന്ന നിലയ്ക്ക് പ്രതീക്ഷകൾ കൂടും. അബ്രഹാം നൽകിയ ആവേശത്തോടെയാകും പ്രേക്ഷകർ ഈ സിനിമയ്ക്ക് എത്തുന്നത്. എങ്കിലും എനിക്ക് തോന്നുന്നത്, 400-ഓളം സിനിമകൾ ചെയ്ത മമ്മൂക്കയുടെ ഫിലിം കരിയറിൽ ഇതുപോലെ ഒരുപാട് ബ്ളോക്ക് ബസ്റ്ററുകളും മെഗാഹിറ്റുകളും ഉണ്ടായിട്ടുണ്ട്. മമ്മൂട്ടി എന്ന നടനിൽ നിന്ന് പ്രതീക്ഷിക്കുന്ന സിനിമകൾതന്നെയാണ്‌ പലപ്പോഴും വന്നിട്ടുള്ള്ത്.
ഈ സിനിമയുടെ കഥയ്ക്കും കഥ പറയുന്ന രീതിയ്ക്കും ചില പ്രത്യേകതകൾ ഉണ്ടെന്ന് മനസ്സിലാക്കിയാണ്‌ ഞാനും മമ്മൂക്കയും നിർമ്മാതാക്കളുമെല്ലാം ഈ സിനിമയെ സമീപിച്ചത്. അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തുള്ള ഒരു സിനിമ നൽകാൻ കഴിയും എന്ന പൂർണ വിശ്വാസമുണ്ട്. കുറെ നാളുകൾക്കു ശേഷമാണ്‌ മമ്മൂക്ക ഇതിലെ ഹരിയെപ്പോലെ ഒരു നാട്ടുംപുറത്തുകാരനായി അഭിനയിക്കുന്നത്. നമ്മുടെയൊക്കെ കൂട്ടത്തിൽ നമുക്കു ചുറ്റുവട്ടത്തുള്ള ഒരു ചേട്ടൻ. എന്റെയും നിങ്ങളുടെയുമൊക്കെ ജീവിതത്തിലും ഉണ്ടാകും ഇതുപോലൊരു ഏട്ടൻ. നമുക്ക് നല്ലതു പറഞ്ഞു തരുവാനും അല്പം ചീത്ത കാര്യമാണെങ്കിലും അതിനൊപ്പം നിന്ന് അതിലെ തെറ്റുകൾ മനസ്സിലാക്കി നമ്മെ തിരുത്താനും തയ്യാറാകുന്ന ഒരു ഏട്ടൻ. അതാണ്‌ ഹരിയേട്ടൻ. അതുകൊണ്ടു തന്നെ ബന്ധങ്ങൾക്ക് എന്നും വലിയ വിലകല്പിക്കുന്ന മലയാളിയ്ക്ക് നന്നായി റിലേറ്റ് ചെയ്യാൻ ഈ സിനിമയ്ക്ക് കഴിയുമെന്നാണ്‌ പ്രതീക്ഷ. ആ രീതിയിൽ നല്ലൊരു സിനിമയായിരിക്കും കുട്ടനാടൻ ബ്ളോഗ്. ഒപ്പം കൊമ്മേർഷ്യൽ ചേരുവകൾ ഉള്ള, നൂറു ശതമാനം എന്റർടെയിനർ ഒരു സിനിമ. അതുകൊണ്ടുതന്നെ അബ്രഹാമിനു ശേഷം ഇതുപോലൊരു സിനിമയാകും പ്രേക്ഷകർ ആഗ്രഹിക്കുക.
  • ‘യൂത്ത്ഫുൾ ഫാമിലി എന്റർടെയിനർ’
കുടുംബസമേതം തിയേറ്ററിൽ പോയി കാണാവുന്ന രീതിയ്‌ലാണ്‌ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ സിനിമയെ ഒരു യൂത്ത്ഫുൾ ഫാമിലി എന്റർടെയിനർ എന്നു വിശേഷിപ്പിക്കാനാണ്‌ എനിക്കിഷ്ടം. കാരണം ഇതിനകത്ത് യുവാക്കളായ ഒരുപാട് കഥാപാത്രങ്ങളുണ്ട്. സഞ്ജു ശിവ്റാം, ഗ്രിഗറി, ആദിൽ ഇബ്രാഹിം, സിദ്ദിഖ് ഷാഹിൻ…എങ്ങിനെ കുരേ യംഗ്സ്റ്റേഴ്സ്. ഇവരുടെയല്ലാം ബിഗ് ബ്രദറാണ്‌ ഹരിയേട്ടൻ എന്ന മമ്മൂക്കയുടെ കഥാപാത്രം. ഒപ്പം മൂന്നു നായികമാർ തുല്യ പ്രാധാന്യമുള്ള നായികാവേഷങ്ങൾ ചെയ്യുന്നു.
കുടുംബബന്ധങ്ങളുടെ കഥ, സമൂഹവുമായുള്ള ഹരിയുടെ ബന്ധം, യുവാക്കളുമായുള്ള അയാളുടെ അടുപ്പം, അതുപോലെ ഇതിലെ മൂന്ന് നായികമാരുടെ കുടുംബവുമായി ഹരിയേട്ടനുള്ള ബന്ധം..അങ്ങിനെ ഒരു യൂത്ത്ഫുൾ ഫാമിൽ എന്റർടെയിനറായാണ്‌ ഈ സിനിമ പ്രേക്ഷകർക്കു മുൻപിൽ എത്തുന്നത്.
  • സിംഗ് സൗണ്ട് (സ്പോട്ട് ഡബ്ബിംഗ്)
ഒരു മെയിൻ സ്ട്രീം സിനിമയിൽ സിംഗ് സൗണ്ട് ചെയ്യുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും. കുട്ടനാടൻ ബ്ളോഗിന്റെ പ്രത്യേകതകളിൽ ഒന്നാണിത്. ഇത്രയും കൊമ്മേഴ്സ്യൽ ചേരുവകൾ ഉള്ള ഒരു സിനിമയിൽ, ഒട്ടേറെ ആർട്ടിസ്റ്റുകൾ ഉള്ള, പ്രത്യേകിച്ചും മമ്മൂക്കയെപ്പോലെ ഒരു മെഗാസ്റ്റാറിനെ വച്ച് ചെയ്യുന്ന സിനിമയിൽ സിംഗ് സൗണ്ട് ഉപയോഗിക്കുന്നത് ആദ്യമാണ്‌. അതും കൂടുതൽ ലൊക്കേഷൻസ് എന്നു പറയുന്നത് കവല പോലുള്ള സ്ഥലങ്ങളാണ്‌. പക്ഷേ ഇന്നത്തെ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ചുകൊണ്ടുതന്നെ സിംഗ് സൗണ്ട് ചെയ്യാൻ കഴിഞ്ഞു എന്നതു തന്നെയാണ്‌ ഈ സിനിമയുടെ ആദ്യത്തെ പുതുമ എന്നു പറയാം.
  • മമ്മൂക്ക നിർദ്ദേശിച്ച ടൈറ്റിൽ
സഞ്ജു ശിവറാമിന്റെ ഒരു ബ്ളോഗെഴുത്തിലൂടെയാണ്‌ ഇതിന്റെ കഥ പറഞ്ഞുപോകുന്നത്. ഒരു നരേറ്റീവ് സ്റ്റൈലിൽ. ഒരു കുട്ടനാടൻ ബ്ളോഗ് എന്നാണ്‌ ബ്ളോഗിന്റെ പേര്‌. ഇതിന്റെ കഥ പറയുന്ന വേളയിൽ മമ്മൂക്ക തന്നെയാണ്‌ ഈ സിനിമയ്ക്ക് ‘ഒരു കുട്ടനാടൻ ബ്ളോഗ്’ എന്ന് ടൈറ്റിൽ നിർദ്ദേശിക്കുന്നത്. ഇതിനേക്കാൾ യോജിച്ച ഒരു പേരില്ല എന്ന ഈ സിനിമ കണ്ടുകഴിഞ്ഞാൽ ബോധ്യമാകും.
  • ഹരി എന്ന കഥാപാത്രമായുള്ള മമ്മൂക്കയുടെ പ്രകടനത്തെക്കുറിച്ച്
കഥ, തിരക്കഥാ രൂപത്തിലാക്കി അത് എക്സിക്യൂട്ട് ചെയ്യാൻ വരുമ്പോൾ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ നമുക്കുണ്ടാകും. ഞാൻ മനസ്സിൽ കണ്ട ഒരു ഹരിയേട്ടൻ..പേപ്പറിലേക്ക് ആക്കിയപ്പോഴുള്ള ഹരിയേട്ടൻ…അതിനേക്കാൾ എത്രയോ മുകളിലാണ്‌ മമ്മൂക്ക ഹരി എന്ന കഥാപാത്രമായി ക്യാമറക്കു മുൻപിൽ പകർന്നാടിയത്. പലപ്പോഴും സ്ക്രിപ്റ്റിനും മുകളിൽ, ഡയലോഗ് പോലും ഇംപ്രൊവൈസ് ചെയ്ത്, മ്മമൂക്ക എന്താണു ചെയ്യാൻ പോകുന്നത് ചിലപ്പോൾ നമുക്കൊരു പിടിയും ഉണ്ടാകില്ല. പക്ഷേ ക്യാമറക്കു മുൻപിലെ പ്രകടനം കാണുമ്പോഴാണ്‌ ഹരിയെന്ന കഥാപാത്രത്തെ മമ്മൂക്ക എത്രത്തോളം ഉൾക്കൊണ്ടിരിക്കുന്നു എന്ന്.
  • ആദ്യം ഞാൻ മമ്മൂക്കയെ പഠിക്കുകയായിരുന്നു..!
സത്യത്തിൽ ഈ സിനിമയ്ക്ക് ഡേറ്റ് തന്ന ശേഷം ആദ്യം ഞാൻ മമ്മൂക്കയെ പഠിക്കുകയായിരുന്നു. ഒന്നേകാൽ വർഷത്തോളം നിരന്തരം പല ലൊക്കേഷനുകളിൽ പോയി മമ്മൂക്കയെ കണ്ടു, സംസാരിച്ചു, മാറിനിന്നു നിരീക്ഷിച്ചു…അങ്ങിനെ ആദ്യം ഞാൻ മമ്മൂക്കയെയാണ്‌ പഠിച്ചത്. അതുകൊണ്ടുതന്നെ ലൊക്കേഷനിൽ വന്നുകഴിഞ്ഞപ്പോൾ ഞാൻ പറയുന്നത് മമ്മൂക്കാക്കും മമ്മൂക്ക പറയുന്നത് എനിക്കും എളുപ്പം കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾ ഏതുമില്ലാതെ വളരെ സന്തോഷത്തോടും ആത്മാർത്ഥതയോടുമാണ്‌ മമ്മൂക്ക ഈ ചിത്രവുമായി സഹകരിച്ചത്. പിന്നെ മമ്മൂട്ടി എന്ന നടനെക്കുറിച്ച് കേരളീയർക്ക്; ഭാരതീയർക്ക് ഒരു കാഴ്ചപ്പടുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി എന്ന നടനെ വിലയിരുത്താൻ ഞാൻ ആളല്ല.
  • എന്നെ വിസ്മയിപ്പിച്ച വ്യക്തിത്വം
സത്യത്തിൽ ഒരു നടൻ എന്നതിലുപരി ഒരു വ്യക്തി എന്ന നിലയിലാണ്‌ മമ്മൂക്ക എന്നെ വിസ്മയിപ്പിച്ചത്. എന്റെ അറിവിന്റെ പരിധിയിൽ നിന്ന് ഞാൻ എന്ത് സംസാരിച്ചാലും അതിനെക്കുറിച്ചെല്ലാം ആധികാരികമായി സംസാരിക്കാൻ മമ്മുക്കയ്ക്ക് കഴിയും. അതു പറയുന്നത്, ഒരു എൻസൈക്ളോപീഡിയ തുറന്നുവച്ചപോലെയാണ്‌. ഇനി നമ്മൾ പറയുന്നത് മമ്മൂക്കയ്ക്ക് പുതിയ അറിവാണെങ്കിൽ അത് അറിയാനുള്ള ആകാംക്ഷ.. അത് നമ്മളിൽ നിന്നും അറിഞ്ഞ് പിന്നീട് ആ കാര്യത്തെക്കുറിച്ച് നമ്മൾ അറിയാത്ത പലതും നമുക്കിങ്ങോട്ട് പറഞ്ഞുതരും.  ഇത് എന്നെ ഏറെ വിസിമയിപ്പിച്ച ഒരു കാര്യമാണ്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles