ഗാനഗന്ധർവനിലെ ‘ഉന്ത് സോങ് ‘ പ്രേക്ഷകമനം കവർന്നു തരംഗമായി മാറുന്നു !
സ്റ്റേജ് പ്രോഗ്രാമുകളിലെ സൂപ്പർ സ്റ്റാറാണ് രമേഷ് പിഷാരടി. പിഷാരടി ആങ്കർ ചെയ്യുന്ന ഒരു പ്രോഗ്രാം ഉണ്ടായാൽ ചാനലുകാർക്കും അതൊരു കൊയ്ത്താണ്. ‘നിമിഷ കവി’ എന്നൊക്കെ പറയുംപോലെ സന്ദർഭത്തിനൊത്തു പതിനായിരക്കണക്കിന് വരുന്ന കാണികളുടെ മുൻപിൽ വച്ചു ലൈവ് ആയി ‘നിമിഷ കോമഡി’ ചെയ്തു മൊത്തം സദസ്സിനെ കൈയിലെടുക്കാനുള്ള പിഷാരടി ബ്രില്യൻസ് അപാരമാണ്.. ആ പിഷാരടി ഒരു സിനിമ സംവിധാനം ചെയ്തു… പഞ്ചവർണ്ണ തത്ത. ജയറാം നായകനായ ആ സിനിമ ഒരു സർപ്രൈസ് വിജയമായി മാറി. ജയറാം എന്ന നടന്റെ ഇമേജ് തന്നെ മാറ്റിമറിച്ച, ഒരിടവേളയ്‌ക്കുശേഷം ജയറാമിന് ഒരു സൂപ്പർ ഹിറ്റ് സമ്മാനിച്ച ചിത്രമായി അതു മാറി.
സംവിധായകൻ പിഷാരടി തന്റെ രണ്ടാമത് ചിത്രമൊരുക്കുമ്പോൾ അതിൽ നായകനായെത്തുന്നത് സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടിയും. എന്നാൽ പിഷാരടിയുടെ സിനിമയിൽ മമ്മൂട്ടിയെപ്പോലൊരു നടന് എന്താണ് ചെയാനുണ്ടാകുക എന്നതായിരുന്നു ചിലരുടെ ചോദ്യം. പോരാത്തതിന് ഗാനഗന്ധർവൻ എന്ന ടൈറ്റിൽ കൂടി കേട്ടപ്പോൾ നെറ്റി ചുളിച്ചവരും ഉണ്ട്. എന്നാൽ അവർക്കെല്ലാമുള്ള മറുപടി ഒരു മിനിട്ട് പോലുമില്ലാത്ത ഒരൊറ്റ ടീസറിലൂടെ കാണിച്ചുകൊടുത്തു പിഷാരടി. ഷൈജു ദാമോദരന്റെ പ്രശസ്തമായ ഫുട് ബോൾ കമന്ററിയുടെ പശ്ചാത്തലത്തിൽ തട്ടുകടയിൽ ഇരുന്ന് ബുൾസൈ കഴിക്കുന്ന ഉല്ലാസ് എന്ന നായകനെ കണ്ടപ്പോൾ തന്നെ ഈ സിനിമയ്ക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ‘പിഷാരടി ബ്രില്യൻസ്’ പ്രേക്ഷകർക്ക് വെളിവായി. സ്റ്റേജ് ഷോകളിലെ പോലെ കോമഡി നമ്പറുകൾ കൊണ്ട് സിനിമ കിടുക്കും എന്ന് കരുതിയിരിക്കുമ്പോഴതാ വരുന്നു, ചിത്രത്തിന്റെ ട്രെയിലർ. അതിൽ ചിരിയേക്കാളുപരി ഒരു സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ക്യാമറ പിടിച്ച പിഷാരടിയെയാണ് കാണുന്നത്. ഒട്ടേറെ വൈകാരിക മുഹൂർത്തങ്ങൾ ഉള്ള ഒരു സാധാരണക്കാരന്റെ വേഷത്തിൽ, ഒരു കുടുംബനായകന്റെ വേഷത്തിൽ മമ്മൂട്ടിയെ ഒരിടവേളയ്ക്ക് ശേഷം കണ്ടപ്പോൾ ഈ സിനിമയിൽ പല കൗതുകങ്ങളും പിഷാരടി ഒരുക്കിവച്ചിട്ടുണ്ട് എന്ന് ബോധ്യമായി. ഇപ്പോഴിതാ സിനിമയിലെ ഒരു പാട്ടും പ്രേക്ഷക മനം കീഴടക്കി യൂട്യൂബിൽ തരംഗമായി മാറുന്നു !
സിനിമയിലെ ‘ഉന്തു പാട്ട് ‘ എന്ന വിശേഷണത്തോടെ പുറത്തുവിട്ട ആ ഗാനവും രംഗങ്ങളും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു… ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയത് ദീപക് ദേവ്
ഒരിടവേളയ്ക്ക് ശേഷമുള്ള ദീപക് ദേവ് ടച്ച് ശരിക്കും അനുഭവേദ്യമാകുന്ന ഗാനം… സന്തോഷ് വർമ്മയുടെ വരികൾ ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഹഖ് ആണ്. വ്യത്യസ്തമായ ആലാപനവും ഗാനത്തെ ശ്രദ്ധേയമാക്കുന്നു.
നിത്യവിസ്മയമായി മമ്മൂട്ടിയുടെ സ്ക്രീൻ പ്രസൻസ് ഗാനരംഗം വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നു. മമ്മൂട്ടിയും ചിത്രത്തിലെ നായികമാരിൽ ഒരാളായ അതുല്യയും വാഗമണ്ണിലൂടെയുള്ള ഒരു സഞ്ചാരത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനചിത്രീകരണം.
പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവനിൽ സിനിമയിൽ വലിയ പാട്ടുകാരനാകാൻ മോഹിച്ച ഉല്ലാസ് എന്ന ഗാനമേള ട്രൂപ്പിലെ ഗായകന്റെ കഥയാണ് പറയുന്നത്. മമ്മൂട്ടിയിലെ മെഗാ ആക്ടർക്ക് നിറഞ്ഞാടാനുള്ളതെല്ലാം ഒരുക്കിയാണ് ഉല്ലാസിനെ പിഷാരടി പ്രേക്ഷകസമക്ഷം എത്തിക്കുന്നത്.
ടീസറിലൂടെയും ട്രെയിലറിലൂടെയും ഇപ്പോൾ ഒരു ഗാനത്തിലൂടെയും പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ച ഗാനഗന്ധർവൻ സെപ്തംബർ 27-നു തിയേറ്ററുകളിൽ എത്തുകയാണ്.