# തയ്യാറാക്കിയത് - സൗമ്യ. കെ
അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത ഇത് ഒരിക്കൽ കൂടി അടിവരയിടുന്നതായിരുന്നു. അന്യ ഭാഷകളിൽ എത്തുമ്പോഴും നടൻ, താരം എന്നീ നിലകളിൽ തന്റെ അഭിനയ മികവ് അടയാളപ്പെടുത്തുന്ന തരം കഥാപാത്രങ്ങൾ മാത്രം സ്വീകരിക്കുന്നതിലും അവയെ പൂർണതയോടെ വെള്ളിത്തിരയിൽ എത്തിക്കുന്നതിലും മമ്മൂട്ടി പുലർത്തുന്ന നിഷ്ക്കർഷ മറ്റ് അഭിനേതാക്കൾക്കും മാതൃകയാണ്. അന്യ ഭാഷകളിൽ തികഞ്ഞ കയ്യടക്കത്തോടെ ഡബ്ബ് ചെയ്യുന്നത് വഴി കഥാപാത്രങ്ങളുടെ വികാര വിചാരങ്ങൾ പ്രേക്ഷകരിൽ എത്തിക്കുന്നതിൽ മമ്മൂട്ടി പുലർത്തുന്ന മികവ് സിനിമാ പ്രേമികളുടെയും നിരൂപകരുടേയും സവിശേഷ പരാമർശത്തിന് ഇടയാക്കിയിട്ടുണ്ട്.

പ്രശസ്ത തമിഴ് സംവിധായകൻ ലിംഗുസ്വാമി അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ആനന്ദത്തെക്കു റിച് സംസാരിക്കുന്ന ഒരു അഭിമുഖത്തിൽ കുമുദം മാഗസിനിൽ വന്ന ഒരു അവലോകനത്തെ കുറിച്ച് പറയുകയുണ്ടായി. മമ്മൂട്ടിയുടെ അഭിനയ മികവിനെക്കുറിച്ച് പരാമർശിക്കുമ്പോൾ തമിഴ് നടൻമാർ തമിഴ് ഡബ്ബിങ് മമ്മൂട്ടിയെ കണ്ടു പഠിക്കണം എന്നാണ് കുമുദം മാഗസിൻ ലേഖനത്തിൽ സൂചിപ്പിച്ചത്.ആനന്ദം സിനിമയിലെ ഹിറ്റ് ആയ ഡയലോഗ് “ഇത് എന്നെന്ന് തെരിഞ്ഞ തങ്കമറ്റെങ്കെട ” എന്ന മമ്മൂട്ടിയുടെ കഥാപാത്രം അനുജന്മാരോട് പറയുന്ന വാക്കുകൾ കുമുദം ഉദാഹരണമായി പ്രത്യേകം പരാമർശിക്കുകയും ഉണ്ടായി. ഇത് തന്നെ ഏറെ സ്വാധീനിച്ചതായി ലിംഗുസ്വാമി അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറം മമ്മൂട്ടിയിലെ അഭിനേതാവിന് ലഭിക്കുന്ന സ്വീകാര്യതയും പ്രശംസയും മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനം പകരുന്നതാണ്.

