ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട മമ്മൂക്ക സിനിമയാണ് “അതിരാത്രം”. എന്റെ അഞ്ചാം ക്ലാസ്സ് കഴിഞ്ഞുള്ള അവധിക്കാലത്ത്-1985 ൽ ഉള്ളിയേരിയിലെ ‘ സംഗീത ‘ എന്ന സി ക്ലാസ്സ് തീയേറ്ററിൽ. അന്ന് , താരാദാസ് എന്ന കഥാപാത്രം മനസ്സിൽ കയറിക്കൂടിയത് കൊണ്ടാവാം ഞാൻ ഒരു മമ്മൂക്ക ഫാൻ ആവാൻ കാരണം. തുടർന്ന് മാഗസിനിലുകളിലും മറ്റും വരുന്ന മമ്മൂട്ടി ചിത്രങ്ങൾ വെട്ടി പുസ്തകങ്ങളിൽ വെക്കുമായിരുന്നു . ആ താരാരാധന വളരാനും തുടങ്ങി .
ശേഷം ഹൈസ്കൂൾ കാലഘട്ടത്തിൽ , സ്കൂളിലേക്ക് പോകുന്ന വഴിയിൽ ഒരു വലിയ തറവാട് ഉണ്ട്. അവിടെ ഒരു സിനിമ ഷൂട്ടിംഗ് നടക്കുന്നു. ‘ബ്രഹ്മരക്ഷസ്’ . സ്കൂളിലേക്കുള്ള യാത്രയിൽ ഞങ്ങൾ കുട്ടികൾ ഷൂട്ടിങ് നടന്നിരുന്ന തറവാടിനു മുന്നിൽച്ചെന്ന് കൗതുകത്തോടെ നോക്കി നിൽക്കും . എന്നാൽ എന്നും ഞങ്ങൾക്കു മുന്നിൽ തറവാടിന്റെ ഇരുമ്പു ഗേറ്റ് അടഞ്ഞു കിടന്നു . അന്ന് മുന്നിൽ കൊട്ടിയടക്കപ്പെട്ട ആ ഗേറ്റിനുള്ളിലെ നിഗൂഢത തേടിയുള്ള അന്വേഷണമാണ് സിനിമയോടുള്ള ഇഷ്ടത്തിന്റെ തുടക്കം . അത് പിന്നെ ഒരു സ്വപ്നമായി വളർന്നു .
കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കുടുംബത്തിലെ അംഗമായിരുന്നു ഞാൻ.
1990 ൽ ഞാൻ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ചേർന്നു. ഗ്രാമത്തിൽ നിന്നും നഗര പ്രദേശത്തേക്ക് എത്തിയപ്പോഴേക്കും കൂടുതൽ സ്വാതന്ത്ര്യം ആയി. പിന്നെ പിന്നെ സമയം കിട്ടുമ്പോഴൊക്കെ- ക്ലാസ്സുകൾ ഒഴിവാക്കിയും സിനിമകൾ കാണാൻ തുടങ്ങി. 1994 ൽ കോഴിക്കോട് കൈരളിയിൽ സുകൃതം കാണാനെത്തിയപ്പോൾ , യാദച്ഛികമായി തൊട്ടടുത്ത സീറ്റിൽ നാട്ടുകാരനും സുഹൃത്തുമായ പ്രകാശ് (ഇന്നത്തെ പ്രശസ്ത മ്യുസിഷൻ പ്രകാശ് ഉള്ളിയേരി ) ആയിരുന്നു. സിനിമ ടൈറ്റിലിനിടയിൽ സഹസംവിധാനം ഉണ്ണിനാരായണൻ എന്നെ ഴുതി കാണിച്ചപ്പോൾ പ്രകാശ് പറഞ്ഞു ഉണ്ണി നാരായണൻ നമ്മുടെ നാട്ടുകാരനാണ് നിനക്കറിയില്ലെ എന്ന്. പിറ്റെ ദിവസം രാവിലെ തന്നെ ഞാൻ ഉണ്ണി നാരായണന്റെ വീട് അന്വേഷിച്ച് കണ്ടു പിടിച്ച് അവിടെയെത്തി. ഇന്നലെ ഞാൻ ‘സുകൃതം’ കണ്ടു. താങ്കൾ അസോസിയേറ്റ് ഡയറക്ടർ ആണെന്നുള്ള വിവരം ഞാനിന്നലെയാണ് അറിഞ്ഞത്. താങ്കളെ ഒന്ന് പരിചയപ്പെടാൻ വന്നതാണ്. മമ്മൂക്കയെ കണ്ട ആൾ, മമ്മൂക്കയുമായി ഇടപഴകിയ ആൾ എന്ന ബഹുമാനത്തോടു കൂടിയാണ് അദ്ദേഹത്തോട് സംസാരിച്ചത്. സംസാരത്തിൽ നിന്നും അദ്ദേഹത്തിന് എന്റച്ഛനുമായി നല്ല ബന്ധമാണെന്നറിഞ്ഞു . എനിക്ക് സിനിമ പഠിച്ചാൽ കൊള്ളാം, നിങ്ങളുടെ കൂടെ നിക്കാൻ പറ്റുമോ. നമുക്ക് സമയം ആകുമ്പോൾ നോക്കാം എന്നൊക്കെ അദ്ദേഹം പറഞ്ഞെങ്കിലും ആ വഴിക്ക് ഒന്നും നടന്നില്ല. എങ്കിലും പിന്നീട് സിനിമാ സഹസംവിധായകനാകാൻ എനിക്കു കഴിഞ്ഞു.
2000ൽ ഞാൻ ആദ്യമായി സംവിധായകൻ സുന്ദർ ദാസിന്റെ സംവിധാന സഹായിയായി ചേർന്നു. പിന്നീട് ഒരുപാട് സിനിമകളിൽ എനിക്ക് സഹ സംവിധായകനായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു . പ്രമോദ് പപ്പൻ സംവിധാനം ചെയ്ത “വജ്രം” ആണ് ഞാനാദ്യമായി വർക്ക് ചെയ്ത മമ്മൂക്ക ചിത്രം. പിന്നീട് രഞ്ജി ഏട്ടന്റെ കൂടെയും പപ്പേട്ടന്റെ കൂടെയും പാലേരി മാണിക്ക്യം പോലുള്ള സിനിമകളിലും വർക്ക് ചെയ്യാൻ ഉള്ള ഭാഗ്യം ഉണ്ടായി. ഏതൊരു സഹസംവിധായകന്റെയും സ്വപ്നമാണ് തന്റെ ആദ്യ സിനിമ മമ്മൂക്കയെ വെച്ച് സംവിധാനം ചെയ്യുക എന്നുള്ളത്. ആ ഒരു ഭാഗ്യം എനിക്കുമുണ്ടായി-അങ്കിൾ എന്ന ചിത്രത്തിലൂടെ. ഒരു പക്ഷെ, ഏറ്റവും കൂടുതൽ പുതുമുഖ സംവിധായര്ക്ക് അവസരം കൊടുത്ത മെഗാസ്റ്റാർ എന്ന പദവി മമ്മൂക്കയ്ക്ക് മാത്രം ആയിരിക്കും.
ഒരു മമ്മുക്ക സിനിമയിലൂടെ അദ്ദേഹത്തിന്റെ ആരാധകനായി മാറുകയും പിന്നീട് മറ്റൊരു മമ്മുക്ക സിനിമയിലൂടെ സഹ സംവിധായകനാകാനുള്ള അന്വേഷണമാരംഭിക്കുകയും , കാലങ്ങൾക്കിപ്പുറം ഒരു മമ്മുക്ക സിനിമയിലൂടെ സ്വതന്ത്ര സംവിധായകനാവുകയും ചെയ്തു എന്നുള്ളത് ജീവിതത്തിലെ മഹാ ഭാഗ്യമായി ഞാൻ കാണുന്നു…..
ഈ താരപരിവേഷത്തിലും കുടുംബം, സൗഹൃദം , എന്തിന് പൊതുജീവിതം പോലും അദ്ദേഹം കൃത്യമായി കൊണ്ടു പോകുന്നു. ഇപ്പോഴും സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം… എല്ലാവർക്കും മമ്മൂട്ടി യിൽ നിന്നും ഒരുപാട് പാoങ്ങൾ പഠിക്കാനുണ്ട്, നടനാവട്ടെ സംവിധായകനാവട്ടെ എല്ലാവർക്കും …
ഇനിയും നിരവധി പേജുകൾ മറിച്ചു നോക്കാനുള്ള ഒരു പാഠപുസ്തകമാണ് മമ്മൂട്ടി എന്ന നടൻ…..
✍️ ഗിരീഷ് ദാമോദർ
