By Hadiq Rahman
24.11.2019
ചരിത്ര പ്രധാന്യമുള്ള മാമാങ്കത്തിലെ ക്ലാസിക് കഥാപാത്രവും ഷൈലോക്ക് എന്ന കൊമേഴ്‌സ്യൽ സിനിമയിലെ മാസ് കഥാപാത്രവും കഴിഞ്ഞു മമ്മൂട്ടി എടുത്തണിഞ്ഞത് അധികാരത്തിന്റെ; രാഷ്ട്രീയത്തിന്റെ കരുത്തുള്ള ഒരു വേഷം. അതേ… മമ്മൂട്ടി ഇനി കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനാണ്.
ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് മമ്മൂട്ടിയ്ക്ക് വേണ്ടി സൃഷ്ടിച്ച ആ കഥാപാത്രത്തെ മമ്മൂട്ടി സമീപിക്കുന്ന രീതി മനസ്സിലാക്കാൻ ആ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ധാരാളം.
വെള്ള ഷർട്ടും മുണ്ടുമുടുത്തു കട്ടി ഫ്രയിമുള്ള കറുത്ത കണ്ണടയും ധരിച്ചു കാലിന്മേൽ കാല് കയറ്റിവച്ചു കസേരയിൽ ഇരിക്കുന്ന ആ ലുക്ക് തന്നെ ഒരു മുഖ്യമന്ത്രിയുടെ ‘പവർ’ വിളിച്ചോതുന്നതാണ്. എന്നാൽ വേഷ ഭൂഷാദികൾക്കപ്പുറത്തു ആ കഥാപാത്രത്തിന്റെ റേഞ്ച് എന്തെന്നും അതിലെ വ്യതിരിക്തത എന്തെന്നും തീക്ഷ്ണമായ ആ ഒരു നോട്ടം കൊണ്ടുമാത്രം മമ്മൂട്ടി പ്രേക്ഷകനെ അറിയിക്കുന്നു. അവിടെയാണ് ഒരു കഥാപാത്രത്തിൽ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് മാറുമ്പോഴുള്ള ഒരു നടന്റെ ഫ്ളക്സിബിലിറ്റിയുടെ ആഴം മമ്മൂട്ടി നമുക്ക് അനുഭവേദ്യമാക്കിത്തരുന്നത്.
വേഷപ്പകർച്ചകൾ മാത്രമല്ല, ഭാവപ്പകർച്ചകളും ശരീരഭാഷയും വോയ്‌സ് മോഡുലേഷനും ഡയലോഗ് ഡെലിവെറിയുമൊക്കെ ഒരു കഥാപാത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി മറ്റൊരു കഥാപാത്രത്തിൽ സന്നിവേശിപ്പിക്കുമ്പോഴാണ് ഒരു നടൻ മഹാനടനാകുന്നത്. അവിടെയാണ് മമ്മൂട്ടിയെ നാം അക്ഷരം തെറ്റാതെ മഹാനടൻ എന്ന് അഭിസംബോധന ചെയ്യുന്നത്.
ഒരു കഥാപാത്രത്തിന്റെ പരിസരം മാത്രമല്ല, ശരീര ഭാഷയും നിരീക്ഷിച്ചു അത് താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് പലപ്പോഴും മമ്മൂട്ടി ചെയ്യുന്നത്. നമുക്ക് വളരെ നിസ്സാരമെന്ന് തോന്നുന്ന ശരീര ഭാഷയിൽ പോലും മമ്മൂട്ടി പുലർത്തുന്ന സൂക്ഷ്മത അതിശയിപ്പിക്കുന്നതാണ്.
വൺ എന്ന പുതിയ സിനിമയിലെ മുഖ്യമന്ത്രി വേഷവും കഥാപാത്രത്തിന്റെ ഘടനയ്‌ക്കൊപ്പം മമ്മൂട്ടിയുടെ നിരീക്ഷണം കൂടിചേർന്നായിരിക്കും വെള്ളിത്തിരയിൽ നമുക്ക് കാണാൻ കഴിയുക. മമ്മൂട്ടി ഇതാദ്യമല്ല മുഖ്യമന്ത്രി വേഷം ചെയ്യുന്നത്. വർഷങ്ങൾക്കു മൂൻപ് തമിഴിൽ മക്കൾ ആട്ചി എന്ന സിനിമയിലും ഈ വർഷം തന്നെ തെലുങ്കിൽ യാത്ര എന്ന സിനിമയിലും മമ്മൂട്ടി ‘മുഖ്യമന്ത്രി പദം’ കൈയാളി. എന്നാൽ തമിഴ് മുഖ്യമന്ത്രിയും തെലുങ്ക് മുഖ്യമന്ത്രിയും തമ്മിൽ ഒരു സാമ്യവും ആ കഥാപാത്രങ്ങൾ തമ്മിൽ ഇല്ല. യാത്ര എന്ന തെലുങ്ക് സിനിമയിൽ വൈ എസ് ആർ കോൺഗ്രസ്സ് നേതാവായിരുന്ന അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഢിയുടെ ബയോ പിക് ആണ് മമ്മൂട്ടി അവതരിപ്പിച്ചത്. വൈ എസ് ആർ ആയി വേഷമിടും മുൻപ് മമ്മൂട്ടി വൈ എസ് ആറിന്റെ നിരവധി വിഡിയോകൾ നിരീക്ഷിക്കുകയും വൈ എസ് ആറിന്റെ ഓരോ ചലനങ്ങൾ പോലും പഠിക്കുകയും ചെയ്തത് അറിയാം. വൈ എസ് ആർ ജനങ്ങളെ കൈ ഉയർത്തി അഭിവാദ്യം ചെയ്യുമ്പോൾ ഒരു പ്രത്യക രീതിയായിരുന്നു. അതുപോലും നിരീക്ഷിച്ചു ആ കഥാപാത്രത്തിലേക്ക് ആവാഹിക്കാൻ മമ്മൂട്ടി പുലർത്തിയ സൂക്ഷ്മത തന്നെയാണ് യാത്ര എന്ന സിനിമയെ നെഞ്ചോട് ചേർക്കാൻ തെലുങ്ക് ജനതയെ പ്രേരിപ്പിച്ച പ്രധാനഘടകം.
തിരശീലയിൽ തങ്ങളുടെ പ്രിയനേതാവ് പുനർജനിച്ച പ്രതീതിയാണ് തെലുങ്ക് ജനതയ്ക്ക് ആ സിനിമ സമ്മാനിച്ചത്. ഒരു സിനിമ ജനങ്ങളെ അത്രമേൽ സ്വാധീനിക്കുകയും അത് ഒരു പാർട്ടിയുടെ തിരിച്ചുവരവിനും ഭരണസാരഥ്യം ഏറ്റെടുക്കുന്നതിനും ഇടയായി എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ അപൂർവമായൊരു അധ്യായമായി നാളെ ചരിത്രം രേഖപ്പെടുത്തും!
ഇവിടെ മലയാളത്തിലെ മുഖ്യമന്ത്രി വേഷവും വേറിട്ടൊരു അനുഭവം പ്രേക്ഷകന് സമ്മാനിക്കുക എന്നത് തന്നെയാണ് മമ്മൂട്ടി ആദ്യ പരിഗണന നൽകുന്നത്. ഈ വേഷം അണിയുമ്പോഴും മമ്മൂട്ടിയുടെ നിരീക്ഷണത്തിൽ ഒന്നോ അതിലധികമോ മുഖ്യമന്ത്രിമാർ ഉണ്ടാകാം. അവരിൽ ഒരാളുടെ ശരീരഭാഷയാകും ‘കേരള മുഖ്യമന്ത്രി’ക്കുവേണ്ടി മമ്മൂട്ടി സ്വായത്തമാക്കുക.
ആദർശ ധീരനും കാർക്കശ്യക്കാരനുമായ ഒരു മുഖ്യമന്ത്രിയുടെ രാഷ്ട്രീയവും കുടുബ ജീവിതവുമൊക്കെ ദൃശ്യവൽക്കരിക്കുന്ന വൺ എന്ന സിനിമ സന്തോഷ് വിശ്വനാഥ് ആണ് അണിയിച്ചൊരുക്കുന്നത്.
ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ നായർ നിർമിക്കുന്ന വൺ അടുത്ത വർഷം മാച്ച് അവസാനം തിയേറ്ററുകളിൽ എത്തും.