മമ്മൂട്ടിയും മലയാളിയും തമ്മിൽ നാലു പതീറ്റാണ്ടിന്റെ ബന്ധമുണ്ട്. രണ്ടു തലമുറകളെ ത്രസിപ്പിക്കാനും ആകർഷിക്കാനും മനസ്സുകൾ കീഴടക്കാനും ആ ശബ്ദ ഭാവ ചലനങ്ങൾ ധാരാളമായിരുന്നു. തമിഴും തെലുങ്കും ഹിന്ദിയും ഒക്കെ കടന്ന് മമ്മൂട്ടിയെന്ന മഹാമേരുവിന്റെ അഭിനയ യാത്ര ലോകം തന്നെ ശ്രദ്ധിക്കുന്ന തലത്തിലേക്കുയർന്നപ്പോൾ മലയാളി ആ നടനെ തങ്ങളുടെ സ്വകാര്യ അഹങ്കാരമായി കൊണ്ടുനടന്നു.
എന്നാൽ തെലുങ്ക് ജനതയുടെ പുതുതലമുറയ്ക്ക് മമ്മൂട്ടി അത്ര സുപരിചിതനല്ല. കാരണം കഴിഞ്ഞ 26 വർഷമായി മമ്മൂട്ടി ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചിട്ട്. കെ വിശ്വനാഥിനെ പോലെ തെലുങ്കിലെ മുടിചൂടാമന്നന്മാരുടെ സിനിമയിൽ വേഷമിട്ടു വർഷങ്ങൾക്കപ്പുറം തെലുങ്കിനെ വിസ്മയിപ്പിച്ച മമ്മൂട്ടി വർഷങ്ങൾ കഴിഞ്ഞ് ഒരു തെലുങ്ക് സിനിമയിൽ നായകനായി എത്തിയപ്പോൾ പുതുതലമുറയ്‌ക്ക് അത് പുതിയ അനുഭവം തന്നെയായി മാറി. തമിഴ് ജനതയ്ക്ക് എം ജി ആർ ആരായിരുന്നോ അതാണ് ആന്ധ്രക്കാർക്ക് വൈ എസ് ആർ. അത്രയ്ക്കും ആ ജനതയുമായി ആത്മബന്ധം സ്ഥാപിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു വൈ എസ് ആർ. ആ വൈ എസ് ആറിനെ തിരശീലയിൽ അവതരിപ്പിക്കാൻ തെലുങ്കിലെ ശ്രദ്ധേയനായ യുവ സംവിധായകൻ മഹി വി രാഘവ് ഇങ്ങു കേരളത്തിലെ മമ്മൂട്ടിയെ തേടിയെത്തി എങ്കിൽ ആ നടന്റെ കഴിവിൽ അവർക്കുള്ള പൂർണ്ണവിശ്വാസം തന്നെയാണ്. വൈ എസ് ആറിന്റെ പ്രസിദ്ധമായ പദയാത്രയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയിൽ വൈ എസ് ആർ ആയി ജീവിക്കുകയാണ് മമ്മൂട്ടി എന്നാണു നിരൂപകരും സിനിമാലോകവും രാഷ്ട്രീയ ലോകവുമെല്ലാം ഒരുപോലെ അഭിപ്രായപ്പെടുന്നത്.
തെലുങ്ക് ജനതയെ തന്റെ അപാരമായ അഭിനയ മികവുകൊണ്ട് അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടി. പ്രത്യേകിച്ചും മമ്മൂട്ടി സിനിമകൾ കണ്ടിട്ടില്ലാത്ത പുതുതലമുറയിലെ പലർക്കും ഒരു പുതിയ അനുഭവം തന്നെയായി മാറുന്നു ആ മാസ്മരിക പ്രകടനം.
ട്വിറ്ററിലെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാവുന്നത് ചിത്രത്തിന്റെ തെലുങ്ക് പ്രേക്ഷകര്‍ക്കും മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് നല്ലതേ പറയാനുള്ളൂ എന്നാണ്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുള്ളവരും മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിക്കുന്നുണ്ട്. മമ്മൂട്ടി അഭിനയിച്ച ഒരു സിനിമ ആദ്യമായി കാണുന്നവരുണ്ട് അക്കൂട്ടത്തില്‍. വെങ്കടേഷ് വെങ്കി എന്ന ട്വിറ്റര്‍ ഉപയോക്താവ് ഇങ്ങനെ കുറിയ്ക്കുന്നു, ‘ആദ്യമായാണ് ഞാനൊരു മമ്മൂട്ടി ചിത്രം കാണുന്നത്. എന്തൊരു പ്രകടനമാണ് സര്‍, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗംഭീരം. തീര്‍ച്ഛയായും കണ്ടിരിക്കേണ്ട ചിത്രമാണ് യാത്ര. ഉള്ളടക്കത്തിനുവേണ്ടിയല്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകടനത്തിനായി കാണേണ്ട സിനിമയാണ് യാത്ര.’
അനുഭവ് റെഡ്ഡി എന്നയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ.. ‘ഒരു മമ്മൂട്ടി ചിത്രം ഇതിനുമുന്‍പ് കണ്ടിട്ടില്ല. യാത്രയാണ് എന്റെ ആദ്യ മമ്മൂക്ക അനുഭവം. അതും ബിഗ് സ്‌ക്രീനില്‍. ഒരു തെലുങ്ക് നടന്റെ സിനിമ കാണുന്നതുപോലെ തോന്നി. അദ്ദേഹം ജീവിക്കുകയായിരുന്നു.’
തെലുങ്കിലെ ചിരപരിചിതനായ ഒരു നടനെക്കാൾ തെലുങ്ക് സംഭാഷണം ഉരുവിടുന്ന മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറി മാജിക്കും തെലുങ്കാനയിൽ ചർച്ചാവിഷയമാവുകയാണ്. ഒരു മലയാളി ഇത്രയ്ക്കും സ്ഫുടതയോടെ തെലുങ്ക് സംഭാഷണം ഉരുവിടുമോ എന്നും ആശ്ചര്യത്തോടെ അവർ ചോദിക്കുന്നു.
യാത്രയെന്ന ഒരൊറ്റ സിനിമ കൊണ്ടുതന്നെ തെലുങ്കിലെ മെഗാസ്റ്റാർ ആയി മാറിയിരിക്കുന്നു എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ നൽകുന്ന സൂചന.