ആനയും കുതിരയും കാലാൾപ്പടയും കൊണ്ട് ദൃശ്യവിസ്മയമാമാങ്കം തീർത്ത മാമാങ്കത്തിന്റെ മേക്കിങ് വീഡിയോ അണിയറക്കാർ പുറത്തുവിട്ടു.കാവ്യാ ഫിലിംസിന്റെ യൂട്യൂബ് ചാനല വഴിയാണ് മേക്കിങ് വീഡിയോ പുറത്തുവിട്ടത്. ഉണ്ണി മുകുന്ദനും ബാലതാരം അച്യുതനും നിറഞ്ഞുനിൽക്കുന്ന മേക്കിങ് വീഡിയോയുടെ അവസാനം രാജകീയ വരവറിയിച്ചു മമ്മൂട്ടിയുടെ അവതാരം കൂടി എത്തുന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷയ്ക്കും ആവേശത്തിനും അതിരുകൾ ഇല്ലാതാവുകയാണ്.
പത്തുകോടി ചെലവിട്ട് രണ്ടായിരത്തോളം തൊഴിലാളികൾ ചേർന്ന് രണ്ടു മാസംകൊണ്ട് പണികഴിപ്പിച്ച പടുകൂറ്റൻ സെറ്റാണ് മാമാങ്കത്തിന്റെ പ്രധാന ഹൈലൈറ്റ്. മലയാള സിനിമയിൽ ഇത്തരം ഒരു സെറ്റ് വർക്ക് തന്നെ ഇതാദ്യമാണ്. വാൻ സെറ്റുകൾക്ക് അന്യസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാള സിനിമയ്ക്ക് പുതിയൊരു ആശയവും കേരളത്തിന്റെ തൊഴിൽ മേഖലയ്ക്ക് മുതൽക്കൂട്ടാവുകയും ചെയ്യുന്ന ഒന്നാണ് നിർമ്മാതാവും പ്രവാസി വ്യവസായിയുമായ വേണു കുന്നപ്പിള്ളിയുടെ ഈ പദ്ധതി. ഇതുവഴി നിരവധി പേർക്കാണ് ഇവിടെ താൽക്കാലിക തൊഴിൽ ലഭിച്ചത്.
മാമാങ്കത്തിലെ യുദ്ധരംഗങ്ങൾ അടക്കം ചിത്രീകരിച്ചത് ഈ സെറ്റിലാണ്. നാല്പതു രാത്രീകൾ കൊണ്ടാണ് പ്രധാന രംഗങ്ങൾ ഇവിടെ ചിത്രീകരിച്ചത്.
300 വർഷം മുൻപത്തെ കാലഘട്ടം പുനഃസൃഷ്ടിക്കുന്നതിനായി മുള, പനയോല, പുല്ല്, കയർ തുടങ്ങിയവയും ടൺകണക്കിന് ഉപയോഗിച്ചിട്ടുണ്ട്. 40 ദിവസം നീണ്ടുനിൽക്കുന്ന അവസാനപാദ ചിത്രീകരണം പൂർണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലായിരുന്നു. ദേശാഭിമാനത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസകഥ പറയുന്ന ചിത്രത്തിൽ അന്നത്തെ കാലഘട്ടം കൃത്യമായി പുനഃസൃഷ്ടിച്ചിട്ടുണ്ട്.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച മാമാങ്കം മലയാള സിനിമയിൽ ഇന്നുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്.
എം പദ്മകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എം പദ്മകുമാർ ഒരുക്കുന്ന ചിത്രം കൂടിയാണ് മാമാങ്കം. ചിത്രത്തിന്റെ അവലംബിത തിരക്കഥ ഒരുക്കിയത് ശങ്കർ രാമകൃഷ്ണനാണ്.
ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ ടെക്‌നീഷ്യന്മാരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്നത്.
മലയാളത്തിന് പുറമെ, ഹിന്ദി , തമിഴ് , തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന മാമാങ്കം നവംബർ 21 നു ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും.