നല്ല സിനിമ എന്നു പറയുന്നതിനേക്കാൾ ഒരുപാട് നന്മകൾ ഉള്ള സിനിമ എന്ന വിശേഷണമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ളയ്ക്ക് ചേരുക. ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം. എല്ലാ കഥാപാത്രങ്ങളിലും എന്തെങ്കിലുമൊക്കെ നന്മ കണ്ടെത്താൻ തിരക്കഥാകൃത്തും സംവിധായകനുമായ ഷാനു സമദ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
എന്നാൽ ഇത്രയും നന്മയുള്ള ഈ നല്ല സിനിമ പക്ഷെ തിയേറ്ററിൽ അത്ര നല്ല പ്രകടനമല്ല കാഴ്ചവയ്ക്കുന്നത്. ഒരുപക്ഷെ താര അസാന്നിധ്യം തന്നെയാകും ഈ സിനിമയ്ക്ക് വിനയായത്. ഈ അവസരത്തിൽ ഈ സിനിമയെക്കുറിച്ചും അതിന്റെ ബോക്സോഫീസ് സ്വീകാര്യതയെക്കുറിച്ചും വ്യത്യസ്തമായ ഒരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
കുറിപ്പിന്റെ പൂർണ്ണ രൂപം :
“നന്മകളുടെ മൊഹബ്ബത്ത്”
ലൗകീക വ്യാപാരങ്ങളിൽ യാന്ത്രികമായി ഇടപെടുന്ന മനസ്സിന്റെ പ്രക്ഷുബ്ധതയെ വായിച്ചെടുക്കുക പ്രയാസമാണ്. കൗമാര കാലഘട്ടത്തിൽ മനസ്സിന്റെ വേലിയേറ്റങ്ങളെ അടക്കി നിർത്തണമെങ്കിൽ ചുറ്റുപാടിലും നിറയെ കരുതൽ വേണം. അങ്ങിനെ കാവലില്ലാത്തവർക്ക് ചെറുതും വലുതുമായ തെറ്റുകൾ സംഭവിക്കുന്നു. ഈ അണ്ഡകടാഹവും മനുഷ്യ കുലവും നിലനില്ക്കുന്നേടത്തോളം അത് തുടർന്നു കൊണ്ടേയിരിക്കും. ആയിരം നന്മകൾ കൊണ്ട് പ്രതിരോധിച്ചാലും ഒരൊറ്റ തിന്മയുടെ കുറ്റബോധത്തിന്റെ അനുരണനങ്ങളെ ധൂമീകരിക്കാൻ കഴിയില്ലെന്നുള്ള തിരിച്ചറിവിന്റെ നിസ്സഹായ ഭാണ്ഡം പേറുന്നവരാണ് മനുഷ്യരിൽ ബഹുഭൂരിപക്ഷവും. അത്തരത്തിലുള്ള നിസ്സഹായാവസ്ഥയെയും പ്രണയിക്കാൻ കഴിയുമ്പോഴാണ് നമ്മുടെ ഉള്ളിന്റെയുള്ളിലെ മൊഹബ്ബത്ത് ഉണരുകയുള്ളുവെന്ന് വ്യക്തമാക്കുന്ന ഒന്നാണ് ബേനസീർ നിർമ്മാണവും, ഷാനു സമദ് തിരക്കഥയും, സംവിധാനവും നിർവഹിച്ച മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള എന്ന ട്രാവലോഗ് സിനിമ . 40 വർഷം മുൻപ് ഭീവണ്ടിയിലേക്ക് കള്ളവണ്ടി കയറിയ കുഞ്ഞബ്ദുള്ള നന്മയുടെ ഒരാൾരൂപം എന്നതിന്നപ്പുറം, മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്ക് അകക്കണ്ണു കൊണ്ട് സഞ്ചരിക്കാൻ കഴിയുന്ന വ്യക്തിയുമാണ്. മനുഷ്യന്റെ ബാഹ്യവും, ആന്തരീകവുമായ സങ്കീർണ്ണതകളെ ലഘൂകരിക്കുന്ന വ്യക്തികളോട് നമുക്കെപ്പോഴും ആദരവും ബഹുമാനവും തോന്നും. ആ വ്യക്തിയെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യും. അത്തരത്തിൽ നമുക്ക് ആദരവ് തോന്നുന്ന നിരവധി കഥാപാത്രങ്ങൾ നിരന്നു നിൽക്കുന്ന ഒരു സിനിമയാണ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള. ആ നന്മകളുടെ പരമ്പരയെ മുന്നിൽ നിന്നു നയിക്കുന്ന നായക കഥാപാത്രമായാണ് ഷാനു കുഞ്ഞബ്ദുള്ള (ഇന്ദ്രൻസ്)യെ പ്രേക്ഷക ഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത്.
പട്ടിണി മാറ്റാൻ മാനം വിൽക്കേണ്ടി വരുന്ന തെരുവിന്റെ മക്കളെ നെഞ്ചോടു ചേർക്കുന്ന പിതൃതുല്യൻ, ദുരഭിമാനക്കൊല നടത്തുന്ന ക്വട്ടേഷൻ സംഘത്തിൽ നിന്നും, കമിതാക്കളെ രക്ഷിക്കുന്ന മനുഷ്യ സ്നേഹി, കഞ്ചാവ് മാഫിയയെ പുതിയ ജീവിതോപാധി പഠിപ്പിക്കുന്ന അധ്യാപകൻ, കുടിവെള്ള ക്ഷാമം തീർക്കാൻ പുതിയ സാങ്കേതിക വിദ്യ കണ്ടെത്തുന്ന സോഷ്യൽ ആക്ടിവിസ്റ്റ്, അനാഥകൾക്ക് കാരുണ്യം ചൊരിയുന്ന മനുഷ്യ സ്നേഹി…. എന്നിങ്ങനെ ഒരു സാമൂഹ്യ സേവന മാന്ത്രികനായി കുഞ്ഞബ്ദുള്ളയെ കാണുന്ന പ്രേക്ഷകർ അദ്ദേഹത്തിന്റെ യാത്രയിലെ ആഗ്രഹം സഫലമാകണേയെന്ന് അറിയാതെ പ്രാർത്ഥിച്ചു പോകും. 40 വർഷത്തെ ബോംബെയിലെ വാസത്തിന് ശേഷം കുഞ്ഞബ്ദുള്ള കേരളത്തിലേക്ക് യാത്ര തിരിക്കുന്നത് ഏറ്റവും പ്രിയപ്പെട്ട ഒരാളെത്തേടിയാണെന്ന് കഥാരംഭത്തിൽ നമുക്ക് കാട്ടിത്തരുന്നുണ്ട് കഥാകാരൻ. 40 വർഷം മുൻപ് സൂക്ഷിച്ച ഒരു ഫോട്ടോയും, പത്ര വാർത്തയും കൊണ്ടാണ് കുഞ്ഞബ്ദുള്ള യാത്ര തുടങ്ങുന്നതും, തുടരുന്നതും. കുഞ്ഞബ്ദുള്ളയെപ്പോലെ നന്മയുടെ വസന്തകാലം തീർക്കുന്ന നിരവധി കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു. നിലനില്പിനു വേണ്ടി മാത്രം ചില തരികിടകൾ ചെയ്യുമ്പോഴും, മനസ്സിൽ നിറയെ നന്മകൾ സൂക്ഷിക്കുന്ന ഓട്ടോ ഡ്രൈവർ സുരേഷ് (പ്രേംകുമാർ) , കാൻസർ രോഗികളെ പരിചരിക്കുന്നത് ജീവിത വ്രതമാക്കിയ ലത (അനു ജോസഫ്), സ്വയം ഇരുട്ടിൽ പെട്ട് ജീവിത പ്രതിസന്ധികളുമായി യുദ്ധം ചെയ്യുമ്പോഴും വീണ്ടുമൊരു ഇര കൂടി സമൂഹത്തിൽ സൃഷ്ടിക്കപ്പെടരുതെന്ന ഉറച്ച മനസ്സുമായി ജീവിക്കുകയും, വിവാഹ തട്ടിപ്പു വീരന്മാരുടെ മുഖം മൂടികൾ വലിച്ചു കീറുകയും ചെയ്യുന്ന രജനി (രചന നാരായണൻകുട്ടി), സ്വന്തം വ്യക്തിത്വ വൈകല്യങ്ങളുടെ നിസ്സഹായാവസ്ഥയിൽ തളർന്നു വീഴുമ്പോഴും, നന്മയുടെ നിറകുടം ഉള്ളിലൊളിപ്പിക്കുകയും, ഒരു നിർണ്ണായക ഘട്ടത്തിൽ പുറംതോട് പൊട്ടിച്ച് പുറത്തെടുക്കുകയും ചെയ്യുന്ന ഡാൻസർ കണ്ണൻ (ശ്രീജിത്ത് രവി ), മദ്യപാനിയിൽ മറ്റാരേക്കാളും നന്മയുള്ള ഒരു നല്ല മനുഷ്യൻ ഒളിച്ചിരിക്കുന്നുണ്ടെന്നു പഠിപ്പിക്കുന്ന നടൻ ബിനു അടിമാലിയുടെ കഥാപാത്രം, ദൈവം തന്ന വെള്ളത്തിനു പണം വാങ്ങിയാൽ ഉപ്പയുടെ ആത്മാവ് പൊറുക്കില്ലെന്ന് വിളംബരം ചെയ്യുന്ന അബ്ദുല്ല (ലാൽ ജോസ്), അഗതികളുടെ സംരക്ഷണം ജീവിത വ്രതമാക്കിയ ഉപ്പയും, മകനും (രണ്ടും രൺജി പണിക്കർ ), പഴയ ബാല്യകാല സഖിയെത്തേടിയെത്തിയ പഥികന് സാന്ത്വന സ്പർശവും വഴികാട്ടിയുമായി മാറുന്ന ഹലീമ (പഴയ കാല നായിക അംബിക ), കുഞ്ഞബ്ദുള്ളയുടെ നിഴലാകാൻ കൊതിച്ച് ഒപ്പം കൂടി നന്മകൾക്കൊപ്പം മാത്രം നിലകൊള്ളുന്ന റെനീഷ് (ബാലു വർഗ്ഗീസ്), കുഞ്ഞബ്ദുള്ളയുടെ യാത്രാമധ്യേ സഹായഹസ്തവുമായി കടന്നു വരുന്ന ചെറുപ്പക്കാർ (ഒന്നിനും കൊള്ളാത്തതെന്ന് സമൂഹം ആക്ഷേപിക്കുന്ന തൊഴിലില്ലായ്മകളുടെ ഇരകളായ ഇവർ തന്നെയാണ് പ്രളയ കേരളത്തെ രക്ഷിച്ചതെന്ന് ജന:സ്സാക്ഷ്യം മലയാളക്കര നേരത്തെ രേഖപ്പെടുത്തിയതാണല്ലോ ), യഥാർഥ വിപ്ലവകാരികൾ എന്നും തിരശ്ശീലക്കു പുറകിലായിരുന്നെന്ന സത്യം ബോധ്യപ്പെടുത്തുന്ന മറ്റൊരു സഖാവ് അച്ചുതാനന്ദൻ …. തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നന്മയുടെ വക്താക്കളെ പ്രേക്ഷക സമൂഹത്തിന്റെ മുന്നിലെത്തിച്ച ഒരു മലയാള ചിത്രം മുൻപ് ആവിഷ്ക്കരിക്കപ്പെട്ടിട്ടില്ലെന്നു വേണം കരുതാൻ. അതോടൊപ്പം നമ്മുടെ ഉള്ളിന്റെ ഉള്ളിലെ സദാചാര പോലീസ് പല തവണ വേട്ടയാടപ്പെടുന്നുമുണ്ട് ഈ സിനിമയിൽ. ഈ നന്മയാത്രയെയും പരിസരങ്ങളെയും, കാലത്തെയും മനോഹരമായി ഒപ്പിയെടുക്കുന്ന അൻസൂറിന്റെ ക്യാമറ, മനം തുടിപ്പിക്കുന്ന ബിജിബാലിന്റെ പശ്ചാത്തല സംഗീതം, ഹിഷാം അബ്ദുൾ വഹാബും, ഷാജഹാൻ ഒരുമനയൂരും ചേർന്നൊരുക്കിയ മനോഹരമായ ഹിന്ദി ടൈറ്റിൽ ഗാനം, ബാപ്പു വെള്ളിപ്പറമ്പും, ഷഹബാസ് അമനും ചേർന്നൊരുക്കിയ മധുര ഗാനം, PK ഗോപിയുടെ വരികളെടുത്ത് വിദ്യാധരൻ മാസ്റ്ററും, ഷാഹിറും ചേർന്നു പാടുന്ന മറ്റൊരു ഗാനം …. എന്നിവ ഏതൊരു സിനിമാ ഗാനത്തെയും വെല്ലുവിളിക്കാവുന്ന തേനും, വയമ്പും ഒന്നിച്ചു ചേർത്തവയാണ്. പൂർണ്ണതയെന്നു കരുതുന്ന പലതിലും, അപൂർണ്ണതകൾ ഒളിച്ചിരിക്കുന്നതു പോലുള്ള ചില പോരായ്മകളൊക്കെ ഇഴ കീറി പരിശോധിച്ചാൽ ഈ സിനിമയിലും കണ്ടെത്താൻ കഴിഞ്ഞേക്കും. ആയിരം നന്മകളുള്ള കുഞ്ഞബ്ദുള്ളയ്ക്ക് കഥാന്ത്യത്തിൽ വെളിപ്പെട്ടു വരുന്ന ഞെട്ടിത്തരിച്ചു പോകാവുന്ന ഒരു തിന്മയ്ക്ക് പ്രേക്ഷകർ മാപ്പു കൊടുക്കുന്നതു പോലെ ഈ ചെറിയ ചിത്രീകരണ പിഴവുകൾക്കും നമുക്ക് മാപ്പു കൊടുക്കാം. ആലപ്പുഴയിലെ സ: പിള്ളയുടെ വായിടിത്തത്തിന്റെ ചിത്രീകരണ ധാരാളിത്തം , കുഞ്ഞബ്ദുള്ളയുടേയും , ബാല്യകാല സഖിയുടേയും കുട്ടിക്കാലത്തെ പ്രാ യാന്തരവും, 40 വർഷത്തിനു ശേഷമുള്ള പ്രായാന്തരത്തിൽ പ്രേക്ഷകന് തോന്നിയേക്കാവുന്ന വൈരുധ്യം , ബസ് ഗാന രംഗത്തിലെ യാത്രികരുടെ അൽപ്പം അമിതാഭിനയം എന്നിങ്ങനെ കഥയുടെ ഒഴുക്കിനെയോ, ഗതിയേയോ ബാധിക്കാത്ത നിസ്സാര പിഴവുകളാണിവ. ഒരു വഴിപോക്കൻ മുതൽ, ബസ് യാത്രക്കാർ, തൊഴിലാളികൾ , പ്രധാന കഥാപാത്രങ്ങൾ , കേന്ദ്ര കഥാപാത്രങ്ങൾ വരെയുള്ളവർ മത്സരിച്ച ഭിനയിക്കുകയാണോ എന്നു തോന്നിപ്പോകും. ഒരു അഭിനയപ്പിഴവോ, സംഭാഷണപ്പിഴവോ കാത്തിരിക്കുന്ന ഏതൊരു നിരൂപക പ്രേക്ഷകനും തോറ്റുപോകും ഈ മികവിനു മുന്നിൽ.
ഇതൊക്കെയാണെങ്കിലും, നല്ല പ്രേക്ഷകർ ഇപ്പോഴും ഉറങ്ങുകയാണ്. ഒരു ട്രാവലോഗ് സിനിമയെ സ്വീകരിക്കാനുള്ള മടിയും, അതോ നന്മയുടെ മൂർത്തീഭാവമാകാനുള്ള യോഗ്യത സൂപ്പർ താരത്തിനു മാത്രമേയുള്ളു വെന്ന ധാരണയും മലയാള പ്രേക്ഷകൻ തിരുത്തണമെന്ന് ഈ സിനിമ വിളംബരം ചെയ്യുന്നു. നന്മയുടെ പൂമരമാകുന്നതോടൊപ്പം ഒരു പച്ച മനുഷ്യനായ കുഞ്ഞബ്ദുള്ളയിലുള്ള പൂർവ്വകാല തിന്മയുടെ ഒരംശം നമ്മുടെയൊക്കെ ഉള്ളിൽ കുടികൊള്ളുന്നുണ്ടെന്ന സത്യവും , കുറ്റബോധവും ഇത്തരം സിനിമകളിൽ നിന്ന് പ്രേക്ഷകരെ അകറ്റുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. സിനിമയെ, സിനിമയായിത്തന്നെ പ്രേക്ഷകൻ കാണുമ്പോഴാണ് നൂറുകണക്കിന് ദിനരാത്രങ്ങൾ കഠിനാധ്വാനം ചെയ്ത് സ്വപ്നങ്ങൾ നെയ്തെടുത്ത ചലച്ചിത്ര പ്രവർത്തകർക്ക് സംതൃപ്തിയുണ്ടാവുന്നത്. അതാണ് സിനിമയെ സ്നേഹിക്കുന്നവർ അവർക്ക് കൊടുക്കേണ്ട മൊഹബ്ബത്ത്.
ഡോ: ജവഹർലാൽ P.M
സൈക്കോളജിസ്റ്റ്
തൃശൂർ