‘ഉണ്ട’യ്ക്ക് മുൻപ് ഞാൻ പത്തേമാരി, അച്ഛാദിൻ, തോപ്പിൽ ജോപ്പൻ എന്നീ മമ്മൂക്ക ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. മമ്മൂക്കയോടൊപ്പം ഇതെന്റെ നാലാമത്തെ ചിത്രമാണ്. ‘ഉണ്ട’യിലാണ് കൂടുതൽ ദിവസവും സമയവും മമ്മൂക്കയോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞത്. വ്യക്തിപരമായി എനിക്ക് പറയുവാനുള്ളത് നമ്മൾ കേട്ടതും കണ്ടതും അറിഞ്ഞതുമൊന്നുമല്ല മമ്മൂക്ക. അദ്ദേഹം വലിയൊരു മനുഷ്യനാണ്. മമ്മൂക്ക ഭയങ്കര ദേഷ്യക്കാരനാണ് ജാഡയാണ് എന്നൊക്കെയാണ് നമ്മൾ ഇതിന് മുൻപ് പൊതുവെ കേട്ടിട്ടുള്ളത്. വളരെ സത്യസന്ധനായ ഒരു പച്ച മനുഷ്യനാണ് അദ്ദേഹം. ഞങ്ങൾ കുറച്ച് പേർ സിനിമയിൽ തുടക്കക്കാരാണ്.ഞങ്ങളുമായി അദ്ദേഹം വളരെ പെട്ടെന്ന് തന്നെ പൊരുത്തപ്പെട്ടു. അഭിനയം മാത്രമല്ല പുറമെയുള്ള മറ്റു കാര്യങ്ങളും ഞങ്ങളുമായി അദ്ദേഹം ചർച്ചകൾ നടത്താറുണ്ടായിരുന്നു. ഈ സിനിമയിൽ നിന്നും എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഭവങ്ങളിൽ ഒന്ന് ഇതാണ്. മമ്മൂക്കയെ ഒരുപാട് അടുത്തറിയാൻ സാധിച്ചു. ഞങ്ങൾ എട്ടുപേർക്കും മമ്മൂക്കയുമായി ഒരു പേർസണൽ അറ്റാച്ച്മെന്റ് ഉണ്ടായി. സിനിമയ്ക്ക് ശേഷം അതേ സ്നേഹം അദ്ദേഹം ഞങ്ങളോട് കാണിക്കാറുമുണ്ട്. വലിയൊരു അനുഭവമാണ് ഈ ചിത്രത്തിലൂടെ ഞങ്ങൾക്ക് ലഭിച്ചത്.
ഇത്രയും നല്ല സിനിമയുടെ, അല്ലെങ്കിൽ ഇത്രയും വലിയ സിനിമയുടെ ഒരു നല്ല ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവുമുണ്ട്. മമ്മൂക്ക എന്ന വലിയ നടനൊപ്പം ഇത്രയും വലിയൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ട്. ഈ സിനിമയിലൂടെ നടൻ എന്ന നിലയിൽ കൂടുതൽ ആത്മവിശ്വാസവും നേടാൻ കഴിഞ്ഞു . കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിൽ പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് അറിയുമ്പോൾ നമുക്ക് കിട്ടുന്ന ആത്മവിശ്വാസം ഭയങ്കരമാണ്. അതിൽ മമ്മൂക്കയുടെ പങ്ക് വളരെ വലുതാണ്. ഒരു നടൻ എന്ന നിലയിൽ മമ്മൂക്കയോടൊപ്പമുള്ള അനുഭവം എനിക്ക് നൽകിയത് വലിയൊരു ആത്മവിശ്വാസമാണ്.