hadiq rahman
ദുൽഖർ സൽമാൻ നിർമ്മിച്ച് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ ആരംഭിച്ചു. സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഇരുവരുടെയും വലിയൊരു ഇടവേളക്കുശേഷമുള്ള തിരിച്ചുവരവ് കൂടിയാണ്. സിനിമയിൽ നിന്നും വിട്ടുനിന്ന ഏഷ്യാനെറ്റിലെ കോടീശ്വരൻ പരിപാടിയിൽ സജീവമായ സുരേഷ്ഗോപി പിന്നീട് രാഷ്ട്രീയത്തിലും സജീവമായതോടെ സിനിമയിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. ചാനൽ പ്രോഗ്രാമിൽ സജീവമായതോടെ സിനിമാക്കാർ ഇദ്ദേഹത്തെ വിളിക്കാതിരിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു. എന്തായാലും സിനിമയിലെ രണ്ടു പ്രഗത്ഭരുടെ മക്കൾ ഒന്നിക്കുന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തുകയാണ് സുരേഷ്ഗോപി. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി സിനിമാ ക്യാമറക്കു മുൻപിൽ എത്തുന്നത്. ഇതേസമയം ഈ ചിത്രത്തിൽ നായികയായി എത്തുന്ന ശോഭനയ്ക്കുമുണ്ട് സമാനമായ അവസ്ഥ. സിനിമയിൽ നിന്നും വിട്ടു നിന്ന് ക്ലാസ്സിക്കൽ ഡാന്സിലും സ്റ്റേജ് പ്രോഗ്രാമുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച ശോഭന ആറുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് സിനിമയിൽ തിരിച്ചെത്തുന്നത്.
സുരേഷ് ഗോപിയും ശോഭനയും മണിച്ചിത്രത്താഴ്, ഇന്നലെ, കമ്മീഷണർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ജോഡികളായി അഭിനയിച്ചിട്ടുണ്ട്. അവയിൽ പലതും ബോക്സോഫീസ് ഹിറ്റുകൾ ആയിരുന്നു. വലിയൊരിടവേളയ്ക്കു ശേഷമാണ് ഇരുവരും നായികാനായകന്മാരായി വീണ്ടും എത്തുന്നത്. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, നസ്രിയ തുടങ്ങിയവരും ഈ ചിത്രത്തിൽ ശ്രദ്ധേയമായ വേഷണങ്ങളിൽ എത്തുന്നു.
വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന മൂന്നാമത് ചിത്രമാണിത്.
