കേരളത്തിൽ വൻ വിജയം നേടി മുന്നേറുന്ന പതിനെട്ടാം പടി ജിസിസി ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജൂലൈ 11ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ഷാജി നടേശൻ പറഞ്ഞു.
ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത പതിനെട്ടാം പടി ഒരുകൂട്ടം പുതുമുഖങ്ങളുടെ ഗംഭീര പ്രകടനം കൊണ്ടും മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്മരിക സാന്നിധ്യം കൊണ്ടും ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. കേരളത്തിൽ 200ഇൽ പരം സ്‌ക്രീനുകളിൽ പ്രദര്ശനത്തിനെത്തിയ ചിത്രത്തിന് മികച്ച റിപ്പോർട്ടും ആൾ കേരള ഗംഭീര കളക്ഷനുമാണ് നേടുന്നത്. ആദ്യ ഷോ കഴിഞ്ഞു ഗംഭീരം എന്ന റിപ്പോർട്ട് വ്യാപകമായതോടെ എല്ലാ കേന്ദ്രങ്ങളിലും തിരക്ക് കൂടുകയാണ്. ചില കേന്ദ്രങ്ങളിൽ ഇതിനകം സ്പെഷ്യൽ ഷോയും ആഡ് ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്തു 150ഓളം കേന്ദ്രങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിന് ബാംഗ്ലൂർ ഉൾപ്പെടെയുളള മെട്രോ സിറ്റികളിൽ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
പുതുമുഖങ്ങൾ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ചിത്രത്തിൽ ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി എത്തുന്ന മമ്മൂട്ടിയുടെ സാന്നിധ്യം തന്നെയാണ് ഹൈലൈറ്റ്. കിടിലം ലുക്ക് കൊണ്ടും മാസ് പെർഫോമന്സുകൊണ്ടും കേവലം മുപ്പത് മിനിറ്റുകൊണ്ട് സിനിമയെ മൊത്തം കൈയിലൊതുക്കുന്ന മമ്മൂട്ടി മാജിക്കിന് മറ്റൊരു സാക്ഷ്യമാണ് പതിനെട്ടാം പടി.
മധുരരാജെയും ഉണ്ടയും ജിസിസി യിൽ മികച്ച കളക്ഷൻ നേടിയതിനു പുറകെ എത്തുന്ന മമ്മൂട്ടി ചിത്രം എന്നതുകൊണ്ടും പതിനെട്ടാം പടിയും മികച്ച കളക്ഷൻ നേടാനാണ് സാധ്യത. സിനിമയെക്കുറിച്ചുള്ള മികച്ച അഭിപ്രായം കൂടി പുറത്തുവന്നതോടെ സിനിമയ്ക്കായി വിദേശ മലയാളികൾ, പ്രത്യേകിച്ചും ഗൾഫ് മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.