ബാലൻ വക്കീൽ.. ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ജനപ്രിയ കഥാപാത്രം.. വിക്കി വിക്കി തുടങ്ങി പ്രേക്ഷകരെ ചിരിപ്പിച്ച്, പിന്നീട് ത്രില്ലടിപ്പിച്ചും കൈയടി നേടിയ കഥാപത്രം.മാർച്ച് മാസത്തിലെ പരീക്ഷാച്ചൂടിലും ഈ ബാലൻ വക്കീലിനെ കാണാൻ കുടുംബപ്രേക്ഷകർ തിയേറ്ററിലേക്ക് ഒഴുകിയെത്തുകയാണ്. സാധാരണ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മാർച്ച് മാസം അത്ര ശുഭകരമല്ല. പരീക്ഷാകാലമായ ഈ മാസത്തിൽ കുടുംബങ്ങൾ വീടുവിട്ടു അധികം പുറത്തിറങ്ങാറില്ല. അപ്പോൾ പിന്നെ കുടുംബസമേതം സിനിമയ്ക്ക് പോകുന്നത് ചിന്തിക്കാൻ കഴിയുമോ? എന്നാൽ ‘നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വായനാട്ടീന്നു വരും’ എന്ന ചൊല്ലുപോലെ പ്രതികൂല കാലാവസ്ഥയിലും ബാലൻ വക്കീൽ കോടികൾ കൊയ്യുകയാണ്.
ഇതിനു മുൻപ് 2012-ലാണ് പരീക്ഷാക്കാലത്ത് ഒരു സിനിമ കുടുംബപ്രേക്ഷകർ ഏറ്റെടുത്തു വൻ വിജയമാക്കിയത്. സുഗീത് ആദ്യമായി സംവിധാനം ചെയ്ത ‘ഓർഡിനറി’യാണ് അന്ന് സിനിമാമേഖലയെപ്പോലും അമ്പരപ്പിച്ചു പരീക്ഷാച്ചൂടിൽ വൻ വിജയം കൊയ്ത ചിത്രം. ഇപ്പോഴിതാ ബാലൻ വക്കീലും പരീക്ഷാകാലത്തെ പരീക്ഷണങ്ങളെ അതിജയിച്ചു വമ്പൻ വിജയം നേടി മുന്നേറുന്നു. മൂന്നാം വാരം പിന്നിടുന്ന കോടതി സമക്ഷം ബാലൻ വക്കീലിനെ ജനപ്രിയമാക്കിയത് ദിലീപിന്റെ സാന്നിധ്യമാണ്. ഒരിടവേളയ്‌ക്കുശേഷം ദിലീപ് ഹാസ്യവേഷത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനം തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി. ദിലീപിന്റെ വിക്കൻ വക്കീലിനൊപ്പം സിദ്ധിഖിന്റെ ഫ്രീക്കൻ അച്ഛൻ കൂടി ചേർന്നപ്പോൾ തിയേറ്ററിൽ അത് ചിരിയുടെ ഉത്സവമാക്കി മാറ്റി. ദിലീപിന്റെ ഭാഗ്യനായിക മമതാ മോഹൻ ദാസാണ് നായികാവേഷത്തിൽ എത്തിയത്.
ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച കോടതിസമക്ഷം ബാലൻ വക്കീൽ ബി ഉണ്ണികൃഷ്ണൻ ചിത്രങ്ങളിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിക്കഴിഞ്ഞു. ബാലൻ വക്കീലിന് അന്യഭാഷാ ഇന്ഡസ്ട്രികളിലും ആരാധകർ ഏറുകയാണ്. ബോളിവുഡിൽ ഷാരൂഖ് ഖാൻ വിക്കൻ വക്കീലാകാൻ ഒരുങ്ങിക്കഴിഞ്ഞു. തമിഴിലും തെലുങ്കിലുമെല്ലാം ബാലൻ വക്കീൽ എത്തും.
