മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ഒരു ചരിത്ര സിനിമയാണ് എം ടി ഹരിഹരൻ മമ്മൂട്ടി ടീം ഒരുക്കിയ പഴശ്ശിരാജ. ഒരു ഹോളിവുഡ് ചിത്രത്തോട് കിടപിടിക്കുന്ന സാങ്കേതിക മികവും അഭിനേതാക്കളുടെ മികച്ച പ്രകടനവും കൂടി ചേർന്നപ്പോൾ ഇന്ത്യൻ സിനിമയിലെ തന്നെ ക്ളാസിക് ഇതിഹാസങ്ങളിൽ ഒന്നായി പഴശ്ശിരാജ മാറി. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ബിഗ് ബജറ്റ് സിനിമ അന്നുവരെ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ളതിൽ വച്ചേറ്റവും ചെലവേറിയ ചിത്രമായിരുന്നു. 27 കോടിയയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. തിയേറ്ററുകളിൽ ജനപ്രളയം തന്നെ സൃഷ്ടിച്ചികൊണ്ടാണ് പഴശ്ശിരാജ പ്രദർശനം ആരംഭിച്ചത്. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും വൻ കളക്ഷൻ നേടിയ ഈ ചിത്രം 48 കോടിയോളം രൂപ അന്ന് ഗ്രോസ് നേടിയിരുന്നു. ഇന്നത്തെ ടിക്കറ്റ് നിരക്കുവച്ചു നോക്കുകയാണെങ്കിൽ 100 കോടിക്കുമേൽ കളക്ഷൻ കാണും.
പക്ഷെ വലിയ ബജറ്റിൽ തീർത്ത ചിത്രമായതുകൊണ്ട് ഈ സിനിമ നിർമ്മാതാവിന് നഷ്ടമുണ്ടാക്കി എന്ന നിലയിൽ ചില പ്രചരണങ്ങൾ കുറെ കാലമായി നടക്കുന്നു. ഗോകുലം ഗോപാലൻ തന്നെ പഴശ്ശിരാജ നഷ്ടമാണ് എന്നു പറഞ്ഞു എന്നായിരുന്നു ചിലരുടെ വാദം.
എന്നാൽ കഴിഞ്ഞദിവസം കേരള കൗമുദി പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഗോകുലം ഗോപാലൻ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്, പഴശ്ശിരാജയും കായംകുളം കൊച്ചുണ്ണിയും പോലുള്ള ബിഗ് ബജറ്റ് സിനിമകൾ തനിയ്ക്ക് സാമ്പത്തിക വിജയം നേടിത്തന്ന ചിത്രങ്ങളായിരുന്നു എന്ന്.
“ഗോകുലം നിർമ്മിച്ചവയിൽ ശ്രദ്ധിക്കപ്പെട്ടത് ഏറെയും ബിഗ് ബജറ്റ് ചിത്രങ്ങളാണ്. പഴശ്ശിരാജയും കായംകുളം കൊച്ചുണ്ണിയും സാമ്പത്തിക വിജയം നേടി. കമ്മാര സംഭവം തരക്കേടില്ല. അത് രണ്ട് പടമാക്കി ചെയ്യാമായിരുന്നു. ഇപ്പോൾ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി നമ്മുടെ ആളുകൾ നേരിട്ട് പോകും. ഇപ്പോൾ കള്ളക്കളിയൊക്കെ എനിക്ക് മനസ്സിലായിട്ടുണ്ട്. ” അഭിമുഖത്തിൽ ദ്ദേഹം പറഞ്ഞ വാക്കുകളാണിത്.