മലയാളികൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച തിരക്കഥാകൃത്താണ് ശ്രീനിവാസൻ. സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞവയും കുടുംബ ബന്ധങ്ങളുടെ രസച്ചരടിൽ കോർത്തതുമായ ശ്രീനിവാസൻ സിനിമകൾ നിരവധിയാണ്.ശ്രീനിവാസൻ തിരക്കഥ രചിച്ച പുതിയ ചിത്രം ‘പവിയേട്ടന്റെ മധുര ചൂരൽ’ ശ്രീനിവാസന്റെ എവർ ഗ്രീൻ സിനിമകളുടെ ഗണത്തിൽപ്പെടുത്താൻ കഴിയില്ലെങ്കിലും പ്രേക്ഷകർക്ക് നിരാശ സമ്മാനിക്കാത്ത ഒരു കൊച്ചു കുടുംബ ചിത്രം തന്നെയാണ്. ശ്രീകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ പവിയേട്ടനും ( ശ്രീനിവാസൻ ) ഭാര്യ ആനിയും ( ലെന ) പ്രണയിച്ചു നാടുവിട്ടു കല്യാണം കഴിച്ചവരാണ് .ഒരേ സ്‌കൂളിലെ അധ്യാപകർ കൂടിയാണ് ഇരുവരും. ജൈവപച്ചകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഹരിതസേനയിലെ ഒരു അംഗം കൂടിയാണ് പവിയേട്ടൻ . അനന്ദു എന്ന യുവാവ് തന്റെ അച്ഛനാണ് പവിയേട്ടൻ എന്ന അവകാശവാദവുമായി പവിയേട്ടന്റെയും ആനിയുടെയും ജീവിതത്തിലേക്ക് കടന്നു വരുന്നു. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം.
ആദ്യ പകുതിയിൽ പവിയേട്ടന്റെയും ആനിയുടെയും കുടുംബജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് സിനിമയുടെ സഞ്ചാരം. ശ്രീനിവാസൻ ടച്ചുള്ള രംഗങ്ങളും തമാശകളും നിറഞ്ഞ ആദ്യപകുതി ആസ്വാദ്യകരമാണ് എന്ന് പറയാം.രണ്ടാം പകുതിയിൽ സിനിമ കൂടുതൽ ഗൗരവകരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. നാടകീയത നിഴലിക്കുന്ന ചില രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ ഭേദപ്പെട്ട തിരക്കഥയാണ് സിനിമയുടേത്. ശ്രീകൃഷ്ണന്റെ സംവിധാനവും മോശമായില്ല. കുടുംബ ബന്ധങ്ങളുടെ തീവ്രത കാഴ്ചക്കാരനിലേക്ക് സമർത്ഥമായി പകർത്തുന്ന രംഗങ്ങൾ സിനിമയിലുണ്ട്. പവിയേട്ടൻ എന്ന സ്‌കൂൾ അധ്യാപകനും ജൈവകൃഷിയുടെ വ്യക്താവുമായ പവിയേട്ടനായി ശ്രീനിവാസൻ തിളങ്ങി. ലെനയുടെ അഭിനയവും എടുത്തു പറയേണ്ടതാണ്.ഹരിശ്രീ അശോകൻ തന്റെ ചെറിയ വേഷം മനോഹരമാക്കി. വിജയരാഘവൻ,നന്ദു പൊതുവാൾ ലിഷോയ് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സി രഘുനാഥ് സംഗീതം ഒരുക്കിയിരിക്കുന്ന പവിയേട്ടന്റെ ചൂരലിലെ ഗാനങ്ങൾ ഹൃദ്യമാണ്. പി. സുകുമാറിന്റെ ഛായാഗ്രഹണ മികവ് സിനിമയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കുവാനുള്ള തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.പവിയേട്ടന്റെ ചൂരൽ നർമ മുഹൂർത്തങ്ങളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന, സാമൂഹ്യ പ്രസക്തമായ ചില വിഷയങ്ങളിലേക്ക് കൂടി വിരൽ ചൂണ്ടുന്ന ഒരു കൊച്ചു ചിത്രമാണ്. അമിത പ്രതീക്ഷകളുടെ ഭാരം മാറ്റിവെച്ച് തീയേറ്ററുകളിലെത്തിയാൽ ചിത്രം തീർച്ചയായും നിരാശപ്പെടുത്തില്ല.