മമ്മൂട്ടി നായകനായി ഷാജിപാടൂർ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന അബ്രഹാമിന്റെ സന്തതികൾ നാളെ മുതൽ തിയറ്ററുകളിലേക്ക്. ദി ഗ്രേറ്റ് ഫാദർ എന്ന ബ്ലോക്കബ്സ്റ്റർ ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ്. ചിത്രത്തിന്റെ സോങ്ങും ടീസറും ട്രെയ്ലറും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.
ഏറെ കാലം ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി ഒട്ടനവധി ഹിറ്റ് ചിത്രത്തിന്റെ ഭാഗമായ ഷാജി പാടൂർ സ്വതന്ത്ര സംവിധായകനായി എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ഒറ്റ ചിത്രംകൊണ്ട് കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച മറ്റൊരു വ്യക്തിയാണ് ഹനീഫ് അദേനി. ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടിയുടെ ഏറ്റവും വലിയ പണം വാരി ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനി ഷാജിപാടൂരിന്റെ ആദ്യ സംവിധാന സംഭരംഭത്തിനു തൂലിക ചലിപ്പിക്കുമ്പോൾ ദി ഗ്രേറ്റ് ഫാദറിനേക്കാൾ വലിയൊരു ഹിറ്റ് പിറവി എടുക്കും എന്നാണ് അണിയറ സംസാരം.
മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ് തന്നെയാണ് അബ്രഹാമിന്റെ സന്തതികളും നിർമിച്ചിരിക്കുന്നത്. ഗുഡ്വിൽ എന്റർടൈൻമെന്റസിന്റെ ബാനറിൽ നാളെ 165 ഓളം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തും. മമ്മൂട്ടി ഡെറിക്ക് അബ്രഹാം എന്ന ips ഓഫീസർ ആയാണ് ചിത്രത്തിൽ എത്തുന്നത്. ദി ഗ്രേറ്റ് ഫാദർ പോലെ തന്നെ ഇന്നത്തെ സമൂഹം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മമ്മൂട്ടിക്കൊപ്പം ആൻസൻ പോളും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നു. ഫിലിപ്പ് അബ്രഹാം എന്ന കഥാപാത്രമായാണ് ആൻസൻ പോൾ ഈ ചിത്രത്തിൽ എത്തുന്നത്. ഇവർക്കൊപ്പം കനിഹ, രഞ്ജി പണിക്കർ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, ശ്യാമപ്രസാദ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രവുമായി എത്തുന്നു. ചിത്രത്തിന്റെ ജിസിസി റിലീസ് ഈ മാസം 28നു നടക്കും. ഗംഭീര ഒരുക്കങ്ങളുമായി ഗൾഫ് നാടുകളിലും മമ്മൂട്ടി ആരാധകർ ആഘോഷം തുടങ്ങി കഴിഞ്ഞു. യൂത്തിനും കുടുബപ്രേക്ഷകർക്കും ഒരുപോലെ ആസ്വാദ്യകരമാകും വിദത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
https://youtu.be/RlGYL7o7ELYA