സ്ത്രൈണ ഭാവങ്ങളുമായി നിൽക്കുന്ന മലയാളത്തിന്റെ പൗരുഷത്തെ കണ്ടു ഞെട്ടി പ്രേക്ഷകരും ഒപ്പം സിനിമാലോകവും. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലെ പുതിയ വേഷപ്പകർച്ചയുടെ ചിത്രം വനിത മാഗസിന്റെ കവർ ചിത്രമായി പുറത്തുവന്നതോടെ പ്രേക്ഷകരിൽ വിസ്മയവും ആവേശവും ഒരുപോലെ സൃഷ്ടിച്ചുകൊണ്ട് വൻ തരംഗമായി മാറി. ഒപ്പം മമ്മൂട്ടി ട്വിറ്ററിൽ ചിത്രം ഷെയർ ചെയ്തതോടെ സോഷ്യൽ മീഡിയയെയും പിടിച്ചുകുലുക്കി അത് വൻ വൈറലായി.
മാമാങ്കത്തിൽ മമ്മൂട്ടി നാലോളം വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്ന പ്രചരണങ്ങൾക്കിടയിലാണ് ട്രെയ്ലറിലൂടെ സെക്കൻഡ് ലൂക്ക് പുറത്തുവരുന്നത്. അപ്പോഴും മമ്മൂട്ടി സ്ത്രീ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നത് സസ്പെൻസായി നിന്നു. എന്നാൽ ആ സസ്പെൻസാണ് വനിതയുടെ കവറിലൂടെയും ട്വിറ്ററിലൂടെയും പുറത്തുവന്നത്. അതോടെ ആരാധകരും സിനിമാലോകവും അതേറ്റുപിടിച്ചു.
പുരുഷസങ്കല്പങ്ങളുടെ പൂർണ്ണത എന്ന് തന്നെ വിശേപ്പിക്കാവുന്ന നടൻ സ്ത്രൈണ ഭാവങ്ങളോടെ പ്രത്യക്ഷപ്പെട്ടപ്പോൾ അത് മറ്റൊരു വിസ്മയമായിത്തീർന്നു. കണ്ണുകളിലെ ആ ഭാവത്തിൽ പോലും പുലർത്തിയ മമ്മൂട്ടിയുടെ സൂക്ഷ്മത അതിശയിപ്പിക്കുന്നതാണ്.
നവംബർ 21-ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും അന്യഭാഷാ വർക്കുകളും തീരാതിരുന്നതുകൊണ്ട് റിലീസ് ഡിസംബർ 12-ലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് നീണ്ടത് ആരാധകരിൽ അല്പം നിരാശ പടർത്തിയെങ്കിലും മമ്മൂട്ടിയുടെ സ്ത്രീ വേഷത്തിലുള്ള ലുക്ക് കൂടി പുറത്തുവന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. ഡിസംബർ 12-നായുള്ള അക്ഷമമായ കാത്തിരിപ്പിലാണ് ആരാധകർ.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച മാമാങ്കം മലയാളത്തിൽ ഇന്നവരെ ഇറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും ചെലവേറിയ ചിത്രമാണ്. എം പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ലോകവ്യാപകമായി റിലീസ് ചെയ്യും.
