മാമാങ്കം എന്ന ചരിത്രസിനിമയിൽ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ച ഒന്നാണ് മമ്മൂട്ടിയുടെ സ്ത്രൈണ വേഷം. മലയാളിയുടെ പൗരുഷ സങ്കല്പങ്ങളുടെ അവസാനവാക്കായ മമ്മൂട്ടി സ്ത്രൈണ ഭാവത്തിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോ പുറത്തുവന്നപ്പോൾ തന്നെ പ്രേക്ഷകരിൽ അത് ഏറെ കൗതുകം ജനിപ്പിച്ച ഒന്നാണ്. എന്നാൽ ഒരു ഫോട്ടോയിൽ മേക്കപ്പ് കൊണ്ടും ഫോട്ടോ ഷോപ്പ് വർക്ക് കൊണ്ടുമൊക്കെ പല രൂപമാറ്റങ്ങളും വരുത്താൻ കഴിയുമെന്നതുകൊണ്ട് തന്നെ ആ കഥാപാത്രത്തെ മമ്മൂട്ടി എങ്ങനെ സ്‌ക്രീനിൽ അവതരിപ്പിക്കും എന്നതായിരുന്നു സന്ദേഹം.
എന്നാൽ മാമാങ്കത്തിൽ ഏറ്റവും കൂടുതൽ കൈയടി ലഭിച്ചത് മമ്മൂട്ടി സ്ത്രൈണ ഭാവങ്ങളോടെ പ്രത്യക്ഷപ്പെട്ട രംഗങ്ങളും ഒപ്പം മമ്മൂട്ടി ആടിപ്പാടിയ ” പീലി…… ” എന്ന ഗാനരംഗവുമാണ്. മമ്മൂട്ടിയിൽ നിന്നും ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. സ്ത്രൈണ ഭാവങ്ങളോടെ മനോഹരമായി ഡാൻസ് ചെയ്ത് മമ്മൂട്ടി കൈയടി നേടിയപ്പോൾ അഭിനയമേഖലയിൽ തനിയ്ക്ക് അപ്രാപ്യപെന്നു പലരും വൊധിയെഴുതിയ ഇമേജുകളുടെ ചട്ടക്കൂടുകളെ തകർത്തെറിയുക കൂടിയായിരുന്നു മമ്മൂട്ടി.
എന്നാൽ സിനിമ ഇറങ്ങിയ ആദ്യ ദിവസം തന്നെ ഈ ചിത്രത്തെ ഏറ്റവും കൂടുതൽ ഡീഗ്രേഡിങ് നടത്തിയത് ഈ ഗാനരംഗത്തിലെ ചില രംഗങ്ങൾ ഗാനം മാറ്റിക്കൊണ്ട് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചുകൊണ്ടായിരുന്നു.
എന്നാൽ ഈ ഗാനരംഗം തിയേറ്ററിൽ കണ്ട പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ മമ്മൂട്ടിയുടെ ഡാൻസ് പെർഫോമൻസ് കണ്ടു വിസ്മയം കൊണ്ടു എന്നതാണ് സത്യം. സ്ത്രീ പ്രേക്ഷകർ പോലും കൈയടിയോടെയാണ് ഈ ഗാനരംഗത്തെ എതിരേറ്റത്. തിയേറ്ററിൽ ഏറ്റവും കൂടുതൽ കൈയടി നേടിയത് മമ്മൂട്ടിയുടെ സ്ത്രൈണ വേഷവും ഈ ഗാനരംഗവുമാണ്.
പീലി തിരുമുടി എന്ന് തുടങ്ങുന്ന ഗാനം ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിയിരിക്കുന്നു. കഴിഞ്ഞയാഴ്ച ടി സീരീസിന്റെ യൂട്യൂബ് ചാനലായ ലഹരി മ്യുസിക്‌സ് വഴി പുറത്തുവിട്ട ഈ ഗാനരംഗം ഇതിനകം ഒരു മില്യനോളം പേർ കണ്ടുകഴിഞ്ഞു.
പുതിയ ക്രിസ്മസ് ചിത്രങ്ങളുടെ വരവുകൾക്കിടയിലും മാമാങ്കം ഫാമിലി പ്രേക്ഷകരുടെ പിന്തുണയോടെ ഹൗസ് ഫുൾ ഷോകളോടെ പ്രദർശനം തുടരുകയാണ്. ലോകവ്യാപകമായി 2000 -ഇൽ പരം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചെയ്ത ചിത്രം ഇതിനകം 150 കോടിയ്ക്കുമേൽ കളക്ഷൻ നേടിക്കഴിഞ്ഞു.
കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം എം പദ്മകുമാറാണ് സംവിധാനം ചെയ്തത്.