സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന ‘പേരൻപ്’. ഏറെ നാളുകൾക്ക് ശേഷം മമ്മൂട്ടിയിലെ അഭിനയപ്രതിഭയെ പുറത്ത് കൊണ്ടുവരുന്ന ചിത്രത്തിന്‍റെ ഇന്ത്യൻ പ്രീമിയർ ഇന്ന് ഗോവ ചലച്ചിത്രമേളയില്‍ നടക്കും. ഐനോക്‌സ് സ്‌ക്രീന്‍ രണ്ടില്‍ രാത്രി 8.45നാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. ചിത്രത്തിന്‍റെ ടിക്കറ്റുകൾ എല്ലാം തന്നെ ഇതിനോടകം വിറ്റു കഴിഞ്ഞു.
ചിത്രം വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദർശിപ്പിച്ച് കൈയടി നേടി കഴിഞ്ഞു. അമുദൻ എന്ന ടാക്സി ഡ്രൈവറായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. അഞ്ജലി, സമുദ്രക്കനി, അഞ്ജലി അമീർ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ദേശീയ അവാർഡ് ജേതാവായ റാമിന്‍റെ നാലാമത്തെ ചിത്രമാണ് പേരൻപ്. റാമിന്റെ തന്നെ തങ്കമീനുകൾ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സധന യാണ് ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത്. ചിത്രം വൈകാതെ ലോകമെമ്പാടും പ്രദർശനത്തിന് എത്തും. തമിഴിലും മലയാളത്തിലുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
