ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയതാരം, മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമായ പേരൻപ് ആഗസ്റ്റ് ആദ്യ വാരം രണ്ട് ഭാഷകളിലായി പ്രദർശനത്തിനെത്തും. ദേശീയ അവാർഡ് ജേതാവായ റാം ആണ് പേരൻപ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപ്രദർശനം റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നേരത്തെ പ്രദർശിപ്പിച്ചിരുന്നു.
അച്ഛനും മകളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ആദ്യ പ്രദർശനത്തിന് ശേഷം ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ നടന വിസ്മയം കണ്ട് ചലച്ചിത്രലോകത്തെ പ്രമുഖർ വാഴ്ത്തിയ ചിത്രം കൂടിയാണ് ‘പേരൻപ്’. സമുദ്രക്കനി, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, അഞ്ജലി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. യുവൻ ശങ്കർ രാജയുടെ സംഗീതത്തിൽ 5 ഗാനങ്ങളാണ് പേരൻപിന് വേണ്ടി ഒരുക്കിയിട്ടുള്ളത്. അതിൽ 4 ഗാനങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്ളേ ഹൌസാണ് ‘പേരൻപ്’ കേരളത്തിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് വിവരം ആരാധകരിൽ ആവേശം നിറയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.