പേമാരിയും ഉരുൾപൊട്ടലും സൃഷ്ടിച്ച, തീർത്തും പ്രതികൂലമായ കാലാവസ്ഥ ആയിരുന്നു പോയവാരങ്ങളിൽ സിനിമാ മേഖലയ്ക്കും. തിയേറ്ററുകളിൽ ആളില്ല എന്നതും ചില തിയേറ്ററുകൾ വെള്ളപ്പൊക്കത്തിൽ പെട്ടതും സിനിമാ മേഖലയെ പ്രതികൂലമായി ബാധിച്ചു. കൽക്കി പോലുള്ള സിനിമകളുടെ ഇനീഷ്യൽ കളക്ഷനെ ഇത് കാര്യമായി ബാധിച്ചു. പെരുന്നാൾ റിലീസായി പ്ലാൻ ചെയ്ത പല ചിത്രങ്ങളുടെയും റിലീസ് മാറ്റിവച്ചു.
ഇതിനിടയിൽ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വൻ വിവാദങ്ങളിൽ കുടുങ്ങുകയും ചെയ്തു.
വിവാദങ്ങളുടെ അവാർഡ് !
ഈ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡ് മുൻ വർഷങ്ങളെ അപേക്ഷിച്ചു ഒട്ടേറെ വിവാദങ്ങൾ ക്ഷണിച്ചുവരുത്തി. സംഘപരിവാർ ആഭിമുഖ്യമുള്ളവർക്ക് അവാർഡ് വീതിച്ചു നൽകി എന്നതായിരുന്നു അവാർഡ് ജൂറിക്കെതിരെയുള്ള പ്രധാന ആരോപണം. എല്ലാ വർഷങ്ങളിലും വിവാദങ്ങൾ പതിവാണെങ്കിലും ഈ വർഷത്തെ പോലെ ഇത്രയേറെ രാഷ്ട്രീയ സ്വാധീനം ചെലുത്തിയ ഒരു അവാർഡ് നിർണ്ണയം ഉണ്ടായിട്ടില്ല എന്നാണു വിമർശകർ ചൂണ്ടിക്കാട്ടുന്നത്. വിവാദങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായത് മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയ്ക്ക് നിഷേധിച്ചതായിരുന്നു.
പേരൻപിലെ അസാധ്യ പ്രകടനത്തിലൂടെ ഒട്ടേറെ പ്രശംസ ഏറ്റുവാങ്ങിയ മമ്മൂട്ടിയെ തഴഞ്ഞുകൊണ്ട് യുവതാരങ്ങളായ ആയുഷ്മാൻ ഖുരാനയ്ക്കും വിക്കി കൗശലിനും അവാർഡ് നൽകിയത് വൻ വിവാദമായി. മമ്മൂട്ടിയുടെ പ്രകടനത്തിന്റെ നാലയലത്തുപോലും എത്താൻ അവാർഡ് ലഭിച്ച നടന്മാർക്ക് കഴിഞ്ഞിട്ടില്ല എന്നത് പകൽ പോലെ വ്യക്തമാണെങ്കിലും സംഘപരിവാർ ആശയങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്ന ആളുകളെ തന്നെ ജൂറിയിൽ നിയമിച്ചതിലൂടെ പല അട്ടിമറികളും മുൻകൂട്ടി പലരും പ്രവചിച്ചതാണ്. കേരളത്തിൽ നിന്നുമുള്ള ജൂറി അംഗം മേജർ രവിയുടെ പോലും യോഗ്യത എന്നുപറയുന്നത് അയാൾ സംഘപരിവാറുകാരൻ ആയതുകൊണ്ടാണെന്ന ആരോപണങ്ങളിലും കഴമ്പില്ലാതില്ല. ഹിന്ദി ലോബിക്കൊപ്പം രാഷ്ട്രീയ സ്വാധീനം കൂടി ചേർന്നതോടെ അർഹരായ പലരും തഴയപ്പെടുകയും അനർഹരായ പലരും ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു.
സ്പാസ്റ്റിക് പരാലിസിസിനെ നേരിടുന്ന മകളുടേയും അവളുടെ അച്ഛന്റേയും കഥ പറഞ്ഞ ചിത്രമായിരുന്നു പേരന്‍പ്. റാം ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ അമുദന്‍ എന്ന കഥാപാത്രത്തിന് മമ്മൂട്ടിയ്ക്ക് സിനിമാ ലോകത്തിന്റെ പ്രശംസ നേടിയിരുന്നു. തമിഴ് സിനിമയാണെങ്കിലും ചിത്രം കേരളത്തിലും കൈയ്യടി നേടി.
ചിത്രത്തിലെ പ്രകടനങ്ങളിലൂടെ മമ്മൂട്ടിയും സാധനയും ഞെട്ടിക്കുക തന്നെയായിരുന്നു. അതു കൊണ്ട് തന്നെ 66-ാമത് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ തമിഴ്-മലയാള സിനിമാസ്വാദകര്‍ ‘പേരന്‍പിന്’ അവാര്‍ഡുകള്‍ ലഭിക്കുമെന്നുറപ്പിച്ചിരുന്നു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് യുവതാരങ്ങളായ ആയുഷ്മാന്‍ ഖുറാനയ്ക്കും വിക്കി കൗശലിനുമാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.
മമ്മൂട്ടിയ്ക്ക് അവാർഡ് നിഷേധിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ആരാധകർ ഹാഷ് ടാഗ് ക്യാംപെയിൻ ആരംഭിക്കുകയും അതിനെതിരെ ജൂറി ചെയർമാൻ തന്നെ രംഗത്തുവരികയും പിറകേ ചെയര്മന്റെ എഫ് ബി പേജിൽ കയറി മലയാളികൾ പൊങ്കാലയിട്ടതുമൊക്കെ മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം ആയിരുന്നു. ഒടുവിൽ തന്റെ ഫേസ് ബുക്ക് പോസ്റ്റ് ഡിലീറ്റ് ആക്കി ജൂറി ചെയർമാൻ തടിയൂരിയത് വരെ എത്തിനിൽക്കുന്നു കാര്യങ്ങൾ.
ബോക്സോഫീസിലെ തണ്ണീർ മത്തൻ ദിനങ്ങൾ !
പോയവരങ്ങളിൽ തിയേറ്ററുകളിൽ സിനിമ കാണാൻ ആളില്ലാത്ത കാഴച്ച ആയിരുന്നു. പലയിടത്തും ഷോകൾ നടന്നില്ല. പെരുന്നാൾ റിലീസായി എത്തിയത് ടോവിനോയുടെ കൽക്കിയും സൗബിന്റെ അമ്പിളിയും മാത്രം. ഈ സിനിമകളെ പ്രളയം കാര്യമായി ബാധിച്ചു എന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ നൽകുന്നത്.
കൽക്കി ഒരു കൊമേഴ്‌സ്യൽ ആക്‌ഷൻ ചിത്രം എന്ന നിലയ്ക്കും അമ്പിളി നല്ലൊരു റിയലിസ്റ്റിക് മൂവി എന്ന നിലയ്ക്കും പ്രേക്ഷക ശ്രദ്ധ നേടേണ്ടിയിരുന്ന സിനിമകളാണ്.
കുമ്പാരീസ്, മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള എന്നീ ചിത്രങ്ങളുടെ റിലീസ് മാറ്റിവച്ചു. സൂപ്പർ താരങ്ങളുടെ മേജർ ചിത്രങ്ങളൊഞ്ഞും ഈ സീസണിൽ റിലീസ് ഇല്ലായിരുന്നു.
തീർത്തും പുതുമുഖങ്ങളുടെ ചിത്രം എന്നു വിശേഷിപ്പിക്കാവുന്ന തണ്ണീർ മത്തൻ ദിനങ്ങളാണ് ബോക്സ്ഓഫീസിൽ അത്ഭുതം സൃഷ്ടിക്കുന്ന സിനിമ. പ്രളയം വന്നില്ലായിരുന്നു എങ്കിൽ കളക്ഷനിൽ പല വമ്പൻ സിനിമകളെയും തണ്ണീർ മത്തൻ മലർത്തിയടിക്കുമായിരിന്നു. ഏരീസ് പ്ലക്‌സ് ശൃംഖലയിൽ ലൂസിഫറിന്റെ റെക്കോർഡ് തകർത്ത് തണ്ണീർ മത്തൻ പുതിയ റെക്കോർഡ് സർഷിച്ചത് പോയവാരം വാർത്തകളിൽ ഇടം നേടി.