മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. കുട്ടനാടൻ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി റായ് ലക്ഷ്മി വീണ്ടും മലയാളത്തിൽ എത്തുകയാണ്. ചിത്രത്തിലെ ഗാനങ്ങളും ട്രെയ്ലറും ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഒരു കുട്ടനാടൻ ബ്ലോഗ്. നേരത്തെ ഓണം റീലിസ് ആയി പ്ലാൻ ചെയ്ത ചിത്രം കേരളത്തിലുണ്ടായ പ്രളയം കാരണം നീട്ടിവെക്കുകയായിരുന്നു.
മമ്മൂട്ടികൊപ്പം നെടുമുടി വേണു, അനു സിത്താര, സഞ്ജു ശിവറാം, സണ്ണി വെയ്ൻ, ആദിൽ ഇബ്രാഹിം, സിദ്ദിഖ്, ലാലു അലക്സ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.
പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിപാല്‍. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം വരുന്ന വെള്ളിയാഴ്ച്ച കേരളത്തിൽ പ്രദർശനത്തിന് എത്തും. പലയിടങ്ങളിലും ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
