‘തീവണ്ടി’…. മലയാളിയ്ക്ക് എന്നും ഗൃഹാതുരതയുണർത്തുന്ന ഒരു നാമം. സാധാരണക്കാരന്റെ യാത്രകൾ ഏറ്റവും കൂടുതൽ സാധ്യമാക്കുന്ന ‘തീവണ്ടി’ ഒരു സിനിമയുടെ ടൈറ്റിൽ കൂടിയാകുമ്പോൾ ആ സിനിമയുടെ ഏകദേശരൂപം നമുക്ക് മുൻപിലെത്തും.
മലയാളത്തിന്റെ ലാളിത്യം നെഞ്ചിലേറ്റുന്ന ഒരു സിനിമയുടെ പിറവികൂടിയാണ് തീവണ്ടിയിലൂടെ പ്രേക്ഷകർക്കുമുൻപിലെത്തുന്നത്.
സത്യൻ അന്തിക്കാട് സിനിമകൾ മലയാളത്തിനുസമ്മാനിച്ച ആക്ഷേപഹാസ്യം ഒരിടവേളയ്ക്കുശേഷം മലയാളത്തിൽ തിരിച്ചെത്തുന്നു എന്നതും തീവണ്ടിയുടെ പ്രത്യേകതയാണ്.
ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന തീവണ്ടി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്നു.
ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ പുതുമുഖം സംയുക്താ മേനോനാണ് നായിക. സുരാജ് വെഞ്ഞാറമൂട്, സാീജു കുറുപ്പ്, സുരഭി ലക്ഷ്മി, മുസ്തഫ, ഷമ്മി തിലകൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
മനോഹരമായ ഗാനങ്ങൾ
“ആദ്യം വലി നിർത്ത്..എന്നിട്ട് മതി ഉമ്മ.” തീവണ്ടിയിലെ നായിക നായകനോട് പറയുന്ന ഒരു ഡയലോഗാണിത്.“ജീവാംശമായി താനേ നീ എന്നിൽ….” എന്ന പാട്ടിനിടയിലാണ് ഈ രസികൻ ഡയലോഗ്. ശ്രീയാ ഘോഷാൽ വാനോളം പുകഴ്ത്തിയ ഈ മനോഹരഗാനത്തിന്റെ ചിത്രീകരണവും ഏറെ മനോഹരമാണ്. പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ച ഗാനം വലിയ തരംഗമായി മാറിക്കഴിഞ്ഞു. പ്രധാനമായും പ്രണയരംഗങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഈ ഗാനം പാടാനെത്തിയ ശ്രീയ ഘോഷാൽ ഈ പാട്ടിന്റെയും സംഗീതം നിർവഹിച്ച കൈലാസ് മേനോനെയും അഭിനന്ദിക്കുകയുണ്ടായി.
സ്ഥിരമായി പുകവലിക്കുന്ന ഒരു ചെറുപ്പക്കാരന്റെ റോളിലാണ് ടോവിനോ ഈ ചിത്രത്തിൽ എത്തുന്നത്. യുവനിരയിൽ ശ്രദ്ധേയനായി മാറിക്കൊണ്ടിരിക്കുന്ന ടൊവിനോയുടെ മറ്റൊരു മികച്ച വേഷമായിരിക്കും ഈ ചിത്രത്തിലേത്. മായാനദിയ്ക്കു ശേഷം ടൊവിനോ വീണ്ടും പ്രേക്ഷകരുടെ കൈയടി നേടാൻ എത്തുകയാണ്.
പഞ്ചവടിപ്പാലം പോലെ മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷപേ ഹാസ്യ ചിത്രത്തിന്റെ ഗണത്തിൽ ചേർത്തുവെക്കാവുന്ന ഒരു ചിത്രമായിരിക്കും തീവണ്ടി എന്ന് അണിയറപ്രവർത്തകർ ഉറപ്പ് പറയുന്നു. മലയാളമണ്ണിന്റെ ചൂടും ചൂരുമുള്ള ഒരു സിനിമ.
മെയ് നാലു മുതൽ കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ ഈ ‘തീവണ്ടി’ ഓടിത്തുടങ്ങും.
In this article:

Click to comment