“മമ്മൂക്കയെ നായകനാക്കി ഒരു സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്നങ്ങളിൽ ഉള്ള ഒന്ന്”.- നാദിർഷ
മലയാളികൾക്കു മുന്നിൽ യാതൊരു മുഖവുരയും ആവശ്യമില്ലാത്ത പേരാണ് നാദിർഷ എന്നത്.മൂന്നു പതിറ്റാണ്ടുകളായി പല റോളുകളിൽ നാദിർഷ നമുക്ക് മുന്നിൽ നിറഞ്ഞു നിൽക്കുകയാണ്. 90കളിൽ ക്യാസറ്റ് വിപണിയിൽ തരംഗം സൃഷ്ട്ടിച്ച ഓണക്കാലത്തെ പാരഡികഥകളുടെ അമരക്കാരനിൽ നിന്ന് ഇപ്പോൾ മലയാള സിനിമയിലെ ഹിറ്റ് സംവിധായകരിൽ ഒരാൾ ആയി മാറി കഴിഞ്ഞിരിക്കുന്ന നാദിർഷ മമ്മൂട്ടി ടൈംസിന് വേണ്ടി മനസുതുറക്കുകയാണ്. പുതിയ സിനിമയായ മേരാ നാം ഷാജിയെക്കുറിച്ചും, സിനിമയിൽ താൻ കടന്നു വന്ന വഴികളെക്കുറിച്ചും,തമിഴ് സിനിമയിൽ നടത്താൻ പോകുന്ന അരങ്ങേറ്റത്തെക്കുറിച്ചും,മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്ലാൻ ചെയ്യുന്ന പുതു സിനിമയെകുറിച്ചെല്ലാം നാദിർഷ മമ്മൂട്ടി ടൈംസുമായി സംവദിക്കുന്നു.
തയ്യാറാക്കിയത് : അരുൺ
? ? മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിച്ച അമർ അക്ബർ ആൻറ്റണിമാർക്കും ഋതിക് റോഷനും ശേഷം ഷാജിമാരുമായെത്തുമ്പോൾ , അവരുടെ വിശേഷങ്ങൾ .
== കേരളത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മൂന്ന് ഷാജിമാരെ കേന്ദ്രീകരിച്ചുള്ള ഒരു സിനിമയാണ് മേരാ നാം ഷാജി. അതിൽ കോഴിക്കോട്ടെ ഷാജിയായി ബിജുമേനോൻ, കൊച്ചിയിലെ ഷാജിയായി ആസിഫ് അലി, തിരുവനന്തപുരത്തെ ഷാജിയായി ബൈജു എന്നിവർ അഭിനയിക്കുന്നു. നിഖിലാ വിമൽ ആണ് നായിക. തീയറ്ററിൽ വന്നു സിനിമ കാണുന്ന പ്രേക്ഷകരെ ആദ്യം മുതൽ അവസാനം വരെ എൻറ്റർറ്റെയിൻ ചെയ്യുക എന്ന ഒരൊറ്റ ഉദ്ദേശം മാത്രമെ ഈ സിനിമയിൽ ഉള്ളു.
?? ഷാജി എന്ന ഒരു മതത്തിൻറ്റേയും പേരിൽ ചേർത്ത് വായിക്കാൻ പറ്റാത്ത ഒരു നാമം നായകൻമാർക്കിട്ടതിലൂടെ വർത്തമാനകാലത്തിനോട് എന്തെങ്കിലും പറയാൻ ഉദ്ദേശിക്കുന്നുണ്ടോ
== കുട്ടികൾക്കു പേരിടുമ്പോൾ മാതാപിതാക്കൻമാർ തങ്ങളുടെ മതത്തിനോട് ചേർന്ന് നിൽക്കുന്ന പേര് തന്നെയാണ് പൊതുവേ തിരഞ്ഞെടുക്കാറുള്ളത്, ഒരാളോട് പേര് ചോദിക്കുന്നത് പോലും ഒരു പക്ഷേ അയാളുടെ മതം ഏതെന്ന് അറിയാനായുള്ള രീതിയായി മാറിയിട്ടുണ്ട്. ഷാജി എന്ന് പറയുന്നത് പോലെ ഒരു മതത്തിൻറ്റേയും കൂട്ടത്തിൽ പെടാത്ത പേരുള്ളവർ നമുക്കിടയിൽ അപൂർവമാണ്.ആ ഒരു പ്രത്തേകതയും ഈ പേരിലേക്ക് ആകർഷിച്ചിരുന്നു.
?? അമർ അക്ബർ ആൻറ്റണി എന്ന സിനിമക്കു ഒരു പാട് ആരാധകരെ സൃഷ്‌ടിക്കാൻ കഴിഞ്ഞിട്ടുണ്ട്, എന്നാൽ ആ സിനിമക്കെതിരേ പലപ്പോഴും കേൾക്കുന്ന ഒരു എതിരഭിപ്രായമാണ് അതിൻറ്റെ ക്ലൈമാക്സിലെ ജനകീയ വിചാരണ. ഒരു മേക്കർ എന്ന നിലയിൽ അതിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് .
== ഒരു കൊച്ചു കുട്ടിയെ പീഡിപ്പിച്ചു എന്ന് കേൾക്കുമ്പോൾ ഒരു സാധാരണക്കാരന്റെ മനസു പറയുക, ആ പീഡനം ചെയ്തവനെ വെട്ടിയരിഞ്ഞു മുളക് തേയ്ക്കണം എന്ന് തന്നെയാവും. ആ സാധാരണക്കാരൻറ്റെ മനസ്സാണ് അമർ അക്ബർ ആൻറ്റണിയിലെ ക്ലൈമാക്സിൽ എന്നേയും അത്തരത്തിൽ ചിന്തിപ്പിച്ചിരിക്കുന്നത്, എന്തായാലും ആ ക്ലൈമാക്സ് ഇഷ്ടപ്പെട്ടവർ ആണ് ഭൂരിഭാഗവും

?? കട്ടപ്പനയിലെ ഋതിക് റോഷൻറ്റെ തമിഴ് പതിപ്പായ അജിത് ഫ്രം അറുപ്പ് കോട്ടയുടെ വിശേഷങ്ങൾ
== തമിഴ്നാട് ഇപ്പോൾ ഇലക്ഷൻ ചൂടിൽ ആണ്, അവിടുത്തെ ഇലക്ഷൻ കഴിഞ്ഞാൽ ഉടനെ അജിത് ഫ്രം അറുപ്പ്കോട്ടെ പ്രദർശനത്തിനു എത്തും, ടെലിവിഷൻ ഷോകളിലൂടെ തമിഴകത്തിന് സുപരിചിതനായ ദീനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദീനയേക്കൂടാതെ മമ്മൂക്കയുടെ കൂടെ മധുരരാജയിൽ മലയാള സിനിമാ അരങ്ങേറ്റം നടത്തുന്ന ജയ്യും അജിത് ഫ്രം അറുപ്പുകോട്ടയിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
?? ഒരാളെ ചിരിപ്പിക്കാനാണ് പാട് എന്ന് പൊതുവേ പറയപ്പെടുന്നു, പ്രത്യേകിച്ചു മലയാളികളെ. എന്നാൽ നാദിർഷ മലയാളികളെ കാലങ്ങളോളമായി ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മലയാളികളുടെ ചിരിയെക്കുറിച്ച്
== മലയാളി എന്നല്ല, എല്ലാ മനുഷ്യരും ഏറ്റവും ആഗ്രഹിക്കുന്നത് ചിരിച്ചിരിക്കാൻ തന്നെയാണ്. എന്റെ പാരഡികളിലൂടേയും ഷോകളിലൂടേയും സിനിമകളിലൂടേയും മനുഷ്യരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്നു എന്നത് ഒരു വലിയ കാര്യമായി തന്നെ കരുതുന്നു. ഇത്തരത്തിൽ കലയിലൂടെ മനുഷ്യനെ ചിരിപ്പിക്കാൻ സാധിക്കുന്നതിൽ പടച്ചോനോട് നന്ദി പറയുന്നു
?? 90 കളിൽ പലരും ഓണം വരാൻ കാത്തിരുന്നത് ഓണത്തിന് ഇറങ്ങുന്ന പാരഡി കാസറ്റുകളായ ഓണത്തിനിടക്കു പുട്ടു കച്ചവടവും, ദേ മാവേലി കൊമ്പത്തുമൊക്കെ കേൾക്കുന്നതിന് കൂടെ വേണ്ടിയായിരുന്നു.ആ കാസറ്റ് കാല ഓർമകൾ
== അതൊക്കെ ഞങ്ങളുടെ കൗമാര കാല കുസൃതികളുടെ തുടക്കം ആണ്, ഞാൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ എഴുതി തുടങ്ങിയതാണ് പാരഡികൾ. അന്ന് എന്റെ പോലെ തന്നെ സമാനമായി ചിന്തിച്ച ദിലീപ്, അബി, മണി തുടങ്ങിയവരുടെയൊക്കെ കൂട്ടായ്മയിൽ നിന്ന് പിറന്നത് ആണ് ആ ഓണക്കാലത്തെ ചിരികൾ ഒക്കെ. ഒരു പക്ഷേ ഇന്ന് വളരെ സജീവമായി നിലനിൽക്കുന്ന രാഷ്ട്രീയ സാമൂഹിക ട്രോളുകൾ ഒക്കെ തുടങ്ങി വെച്ചതും ഞങ്ങൾ ആയിരിക്കും.ആ ക്യാസറ്റൊക്കെ പല രാഷ്ട്രീയ സാമൂഹിക നേതാക്കളും നല്ല രീതിയിൽ ആണ് അന്ന് ആസ്വദിച്ചിരുന്നതും.
?? നാദിർഷ എന്ന നടനെ ഇപ്പോഴും മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ലാ എന്ന് തോന്നുന്നുണ്ടോ
== പല തിരക്കുകൾക്കിടയിൽ എനിക്ക് അഭിനയത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടില്ല.ഒരു പാട് വർഷങ്ങൾക്കു ശേഷം വീണ്ടും അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ഇപ്പോൾ ദിലീപ് നായകനായി അഭിനയിക്കുന്ന വ്യാസൻ സംവിധാനം ചെയ്യുന്ന ശുഭരാത്രി എന്ന സിനിമയിൽ ഞാൻ ചെയ്യുന്നുണ്ട്. സിദ്ധിഖിന്റെ മകനായാണ് ഞാൻ അഭിനയിക്കുന്നത്.
?? മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ഐ ആം എ ഡിസ്ക്കോ ഡാൻസർ എന്ന സിനിമയെക്കുറിച്ച്.
ഐ ആം എ ഡിസ്ക്കോ ഡാൻസർ മമ്മൂക്ക കഥകേട്ട് വളരെ ഇഷ്ടപ്പെട്ട് നമുക്ക് ചെയ്യാം എന്ന് പറഞ്ഞിട്ടുള്ള സിനിമയാണ്, മമ്മൂക്കയുടെ ഇപ്പോഴുള്ള സിനിമകളുടെ ചിത്രീകരണം എല്ലാം പൂർത്തിയായതിനു ശേഷം ഐ.യാം.എ ഡിസ്ക്കോ ഡാൻസർ ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുക എന്നത് എന്റെ സ്വപ്നങ്ങളിൽ ഒന്നാണ്, അത്തരത്തിൽ ഒരു അവസരം കിട്ടുമ്പോൾ അതിനെ നല്ല രീതിയിൽ തന്നെ ഉപയോഗിക്കേണ്ടതായുണ്ട്.
നമ്മളെയെല്ലാം ഒരുപാട് ചിരിപ്പിക്കുകകയും കരയിപ്പിക്കുകയും ചെയ്ത മമ്മൂട്ടി എന്ന നടന്റെ ഇനിയും ഉപയോഗിക്കപ്പെടാത്തത് എന്ന് കരുതുന്ന ചില എലമെൻറ്റുകൾ ഉപയോഗിച്ചു പ്രേക്ഷകരെ എൻറ്റർറ്റെയിൻ ചെയ്യിപ്പിക്കുന്ന ഒരു സിനിമയാവും ഐ.യാം.എ ഡിസ്ക്കോ ഡാൻസർ.o
