കുടുംബ പ്രേക്ഷകരാണ് സത്യൻ അന്തിക്കാട് ചിത്രങ്ങളുടെ എക്കാലത്തെയും ആരാധകർ. ഒരു തലമുറ പിന്നിട്ടു അത് മകൻ അനൂപ് സത്യനിൽ എത്തുമ്പോഴും ആ പതിവ് തെറ്റുന്നില്ല. എന്നാൽ അച്ഛൻ ഗ്രാമീണ ജീവിതത്തിലെ സാധാരണക്കാരിലേക്കാണ് കൂടുതലും ക്യാമറ തിരിച്ചത് എങ്കിൽ മകൻ നഗര ജീവിതത്തിലെ മധ്യവർത്തികളുടെ ജീവിതത്തിലൂടെയാണ് തന്റെ ആദ്യ സിനിമ പറയുന്നത്. അതും ചെന്നൈ പോലൊരു നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ വിവിധ ഫ്ലാറ്റുകളിൽ താമസക്കാരായ ചില മലയാളികളുടെ ജീവിതത്തിലേക്ക്.
മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ അറിയപ്പെടുന്ന നടനായല്ല ദുല്ഖറിന്റ അഭിനയ ജീവിതത്തിലേക്കുള്ള തുടക്കം. ദുൽഖർ ആദ്യമായി നിർമ്മാതാവിന്റെ കുപ്പായമണിഞ്ഞ ഈ സിനിമയിലൂടെ നിർമ്മാതാവായും നടനായും എത്തുമ്പോഴും ദുൽഖർ തന്റേതായ ഒരു കൈയൊപ്പ് ആ മേഖലയിൽ ശക്തമായി തന്നെ പതിപ്പിക്കുന്നു.
ഇവിടെ രണ്ടു തലമുറകളുടെ സംഗമം കൂടി ഈ സിനിമയുടെ പ്രത്യേകതയാണ്. മമ്മൂട്ടിയുടെ മകൻ ദുൽഖർ നിർമ്മിച്ച് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി -സത്യൻ കാലഘട്ടത്തിൽ സജീവ സാന്നിധ്യമായിരുന്ന സുരേഷ് ഗോപിയും ശോഭനയും പ്രധാന വേഷങ്ങളിൽ എത്തുക.. ദുൽഖറിനൊപ്പം പ്രിയദർശന്റെ മകൾ കല്യാണിയുടെ മലയാളത്തിലെ അരങ്ങേറ്റം. അങ്ങനെ തലമുറകളുടെ സംഗമത്തിനൊപ്പം അതൊരു അനുഭവമാക്കി മാറ്റിയിടത്താണ് ഈ സിനിമയുടെ വിജയം.
കഥയുടെ ഉള്ളറകളിലേക്ക് കടന്നുള്ള ഒരു നിരൂപണമൊന്നും ഇവിടെ നടത്തുന്നില്ല. ലളിതമായ ഒരു കഥ, അതേ ലാളിത്യത്തോടെ സംവിധാനം ചെയ്തു ഫലിപ്പിച്ച അനൂപ് സത്യൻ താൻ സംവിധാന രംഗത്ത് അച്ഛന്റെ പിൻഗാമിയാണെന്ന് തെളിയിച്ചു.
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമുള്ള തങ്ങളുടെ തിരിച്ചുവരവ് സുരേഷ് ഗോപിയും ശോഭനയും മികവുറ്റതാക്കി. ദുൽഖർ സൽമാൻ തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ യുവപ്രേക്ഷകരെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ കൈയിലെടുത്തു. കല്യാണി പ്രിയദർശൻ മലയാളത്തിലേക്കുള്ള ആദ്യ എൻട്രി ഗംഭീരമാക്കി. ഇവർക്കൊപ്പം ചിരിയുടെ വിരുന്നൂട്ടാൻ എത്തിയത് ഏതെങ്കിലും അറിയപ്പെടുന്ന ഹാസ്യതാരമല്ല, മറിച്ചു സംവിധായകൻ ജോണി ആന്റണിയാണ്.
ലാലു അലക്സ്, KPAC ലളിത എന്നിവരും തങ്ങളുടെ റോളുകളിൽ മികവ് പുലർത്തി. ഗസ്റ്റ് റോളിൽ എത്തി ഉർവശിയും പ്രേക്ഷകരുടെ മനം കവർന്നു.
ഒരു ഫീൽ ഗുഡ് മൂവി എന്ന് തന്നെ വരനെ ആവശ്യമുണ്ട് എന്ന ഈ സിനിമയെ വിശേഷിപ്പിക്കാം. ചിരിയും ചിന്തയും പ്രണയവും ജീവിതവും അല്പം കണ്ണുനീരും ഒക്കെ സമ്മാനിക്കുന്ന, മാതൃത്വത്തിന്റെ മഹത്വം അവിടിവിടെയായി കോറിയിടുന്ന ഒരു കൊച്ചു സിനിമ.
കുടുംബ സമേതം കാണാനുള്ള എല്ലാ കാഴ്ചകളും ഈ സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നു. സത്യൻ അന്തിക്കാട് സിനിമകൾ പോലെ അച്ഛനും അമ്മയ്ക്കും മക്കൾക്കും മുത്തച്ചനും മുത്തശ്ശിക്കുമൊക്കെ ഒരുമിച്ചിരുന്നു ആസ്വദിക്കാവുന്ന ഒരു നല്ല സിനിമ. അതിമഹത്തായ കഥയൊന്നുമല്ല, പക്ഷെ അവതരണത്തിലെ ലാളിത്യവും പുതുമയും നൽകുന്ന ഒരു ഫ്രഷ്നസ്സ് തന്നെയാണ് ഈ സിനിമയുടെ വിജയം.
