മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പത്രങ്ങളിൽ പരസ്യം ചെയ്യുന്നത്. അതും ചെറിയ പരസ്യമല്ല ; മനോരമയിലും മാതൃഭൂമിയിലും വരെ ഫുൾ പേജും ഹാഫ് പേജും..!
സിനിമയുടെ റിലീസ് ദിവസം പത്രങ്ങളിൽ ഫുൾ പേജും ഹാഫ് പേജുമൊക്കെ പരസ്യം ചെയ്യുന്നത് ഇന്ന് വലിയ പുതുമയുള്ള കാര്യമല്ല. എന്നാൽ ഒരു സിനിമയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിൽ ഫുൾ പേജ് അടക്കം പരസ്യം നൽകി സിനിമാ ഇന്ഡസ്ട്രിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് മാമാങ്കം സിനിമയുടെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി.
ഇന്നലെ രാവിലെയാണ് മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജ് വഴി പുറത്തുവിടുന്നത്.
മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ഒരു ബാലതാരവും വാളും പരിചയും അണിഞ്ഞു യുദ്ധമുഖത്ത് പോരാടുന്നതായിരുന്നു പോസ്റ്റർ. നിമിഷങ്ങൾകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ആ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൻ ചർച്ചയുമായി. മണിക്കൂറിൽ പതിനായിരം ലൈക്ക് എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ആ പോസ്റ്റർ വൈറലായത്.
എന്നാൽ സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത ആ പോസ്റ്റർ പിറ്റേന്ന് മലയാളത്തിലെ പ്രമുഖ പത്രങ്ങളിൽ ഫുൾ പേജ് ആയും ഹാഫ് പേജ് ആയും വന്ന പരസ്യം ജനങ്ങളെയും സിനിമാ ഇന്ഡസ്ട്രിയെയും ഞെട്ടിച്ചിരിക്കുകയാണ്.
മലയാള മനോരമ, മാതൃഭൂമി, മംഗളം, ദേശാഭിമാനി തുടങ്ങി പ്രമുഖ പത്രങ്ങളിൽ എല്ലാം മാമാങ്കം ഫസ്റ്റ് ലുക്ക് പരസ്യങ്ങൾ ഇടം പിടിച്ചു.
റിലീസ് ഡേറ്റ് പോലും തീരുമാനിക്കാത്ത, ചിത്രീകരണം അവസാനഘട്ടത്തിൽ മാത്രം എത്തിയ ഒരു സിനിമയുടെ പരസ്യം ഇത്രയും വലിയ രീതിയിൽ പത്രങ്ങളിൽ വരുന്നത് മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്.
മാമാങ്കം മലയാള സിനിമാ ചരിത്രത്തിലെ തന്നെ വൻ സംഭവമാക്കി മാറ്റാനുളള തയ്യാറെടുപ്പിലാണ് വേണു കുന്നപ്പിള്ളിയും ടീമും. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് മാമാങ്കം എത്തുന്നത്. കൊച്ചിയിലെ മരടിൽ ഏക്കറു കണക്കിന് സ്ഥലത്ത് പത്തുകോടിയിൽ പരം രൂപ ചെലവഴിച്ചു കൂറ്റൻ സെറ്റുകൾ ഒരുക്കിയാണ് സിനിമയുടെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചത്.
കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമിക്കുന്ന മാമാങ്കം എം പദ്മകുമാർ ആണ് സംവിധാനം ചെയ്യുന്നത്.