‘ബൈ സൈക്കിൾ തീവ്‌സ്’, ‘സൺഡേ ഹോളിഡേ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിസ് ജോയ് സംവിധാനം ചെയ്ത ‘വിജയ് സൂപ്പറും പൗർണ്ണമിയും’ മറ്റൊരു ഫീൽ ഗുഡ് എന്റെർറ്റൈനർ തന്നെയാണ്. മാതാപിതാക്കളുടെ സംരക്ഷണ വലയത്തിൽ നിന്നും മാറി സ്വന്തമായ ഒരു വ്യക്തിത്വം വികസിപ്പാകാൻ ശ്രമിക്കുന്ന നായികാ നായകന്മാരാണ് ചിത്രത്തിലേത്. അവിചാരിതമായി ഇവർ കണ്ടു മുട്ടുന്നു. തുടർന്ന് ഇരുവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. സരസമായ കഥാ സന്ദർഭങ്ങളും നുറുങ്ങു തമാശകളുമാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. ക്ളീഷേ ആയ രംഗങ്ങൾ ഉണ്ടെങ്കിലും സിനിമയുടെ മൊത്തത്തിൽ ഉള്ള ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടില്ല. ആദ്യ സിനിമകളേക്കാൾ തഴക്കം വന്ന സംവിധായകനെ ഈ ചിത്രത്തിൽ കാണാം. കുടുംബ സമേതം ആസ്വദിക്കുവാൻ പാകത്തിൽ ദ്വയാർത്ഥ പ്രയോഗങ്ങളും മറ്റും ഇല്ലാതെ ഒരുക്കിയ ഒരു കൊച്ചു ചിത്രമാണ് ‘വിജയ് സൂപ്പറും പൗർണ്ണമിയും’. ആസിഫ് അലി അദ്ദേഹത്തിന്റെ പല മുൻ ചിത്രങ്ങളിലും അവതരിപ്പിച്ചിട്ടുള്ള തരം കഥാപത്രം ആയി തന്നെയാണ് ഈ ചിത്രത്തിലും എത്തുന്നത്. ഐശ്വര്യ തൻറെ കഥാപാത്രത്തോട് നീതിപുലർത്തി. ബാലു, രഞ്ജി പണിക്കർ, കെ.പി.എസ് .സി ലളിത തുടങ്ങിവരും നന്നായി. പാട്ടുകളും പശ്ചാത്തല സംഗീതവും തരക്കേടില്ല. പുതുമകൾ അവകാശപ്പെടാനായില്ലെങ്കിലും ‘വിജയ് സൂപ്പറും പൗർണ്ണമിയും’ ബഹളങ്ങളില്ലാതെ കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് സിനിമ തന്നെയാണ്